സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് അയയ്ക്കാനുള്ള എന്‍ഐഎയുടെ അപേക്ഷ ഇന്‍റര്‍പോള്‍ തള്ളി

മുംബൈ: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെ നിയമത്തിന് മുമ്പിലെത്തിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് അയയ്ക്കാനുള്ള എന്‍ഐഎയുടെ അപേക്ഷ ഇന്‍റര്‍പോള്‍ തള്ളിക്കളഞ്ഞതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് കണ്ടെത്തിയ സാക്കിര്‍ നായിക്കിനെതിരെ രാജ്യത്ത് നിരവധി കേസുകളാണ് നിലവിലുള്ളത്.

ഭീകരവാദം, മതംമാറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ള സാക്കിര്‍ നായിക് മലേഷ്യന്‍ സര്‍ക്കാരില്‍ നിന്നുള്ള അനുമതി നേടി സ്ഥിരതാമസമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറാമെന്നാണ് മലേഷ്യ ഉപപ്രധാനമന്ത്രി വ്യക്തമാക്കിയത്. വിവിധ കേസുകളിലായി വിചാരണ നേരിടുന്ന സാക്കിര്‍ നായിക്കിനെ തിരികെയെത്തിക്കാന്‍ ഇന്ത്യ അപേക്ഷ നല്‍കുന്നതോടെ കഴിയുമെന്നാണ് മലേഷ്യ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദി പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്. സാക്കിര്‍ നായിക് വിഷയത്തില്‍ മലേഷ്യയുടെ നിലപാട് വ്യക്തമായതോടെ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എന്‍ഐഎ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സാക്കിര്‍ നായിക്കിനെതിരെ ഒരു കുറ്റപത്രം പോലും ഇന്ത്യയിലെ ഒരു കോടതിയില്‍പ്പോലും സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള അപേക്ഷ നിരസിച്ചിട്ടുള്ളത്. മെയ് മാസത്തിലാണ് സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ ഇന്‍റര്‍പോളിനെ സമീപിച്ചത്. പിന്നീട് ഒക്ടോബറിലാണ് ദേശീയ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഇന്‍റലിജന്‍സ് എജന്‍സികള്‍ ഇന്‍റര്‍പോളിനെ സമീപിച്ച സമയത്ത് നായിക്കിനെതിരെ ഇന്ത്യയിലെ ഒരു കോടതിയിലും കുറ്റപത്രം നിലനിന്നിരുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്‍റര്‍പോളിന്‍റെ ഭാഗത്തുനിന്നുള്ള നീക്കം. മുംബൈയിലെ സാക്കിര്‍ നായിക്കിന്‍റെ അഭിഭാഷകനുമായി ആശയവിനിമയം നടത്തിയ ഇന്‍റര്‍പോള്‍ സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട രേഖകള്‍ ഫയലുകളില്‍ നിന്ന് നീക്കം ചെയ്യാനും ധാരണയായിട്ടുണ്ട്.

മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ സാക്കിര്‍ നായിക്കിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനായി തിങ്കളാഴ്ച ഇന്‍റര്‍പോളിന് അപേക്ഷ സമര്‍പ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍‍സി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ പ്രത്യേക കോടതിയില്‍ സാക്കിര്‍ നായിക്കിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പും ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും അപേക്ഷ നല്‍കുകയെന്നാണ് എന്‍ഐഎ അറിയിച്ചിട്ടുള്ളത്. മതംമാറ്റം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളിലുള്ള പങ്ക് എന്നിങ്ങനെ സാക്കിര്‍ നായിക്കിനെതിരെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതോടെ സാക്കിര്‍ നായിക്ക് സ്ഥാപകനായ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രം സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റമാണ് നായിക്കിനെതിരെ ചുമത്തിയിട്ടുള്ളത്.

ഇന്ത്യ സാക്കിര്‍ നായിക്കിന്‍റെ പാസ്പോര്‍ട്ട് അസാധുവാക്കിയെങ്കിലും മലേഷ്യ സാക്കിറിന് നല്‍കിയ സ്ഥിരതാമസത്തിനുള്ള അനുമതി പിന്‍വലിക്കില്ലെന്നും മലേഷ്യ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദി പറഞ്ഞു. കാരണം അദ്ദേഹം പ്രാദേശികമായി ഒരുതരത്തിലുള്ള ചട്ടലംഘനങ്ങളും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് സാക്കിറിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മാധ്യമറിപ്പോര്‍ട്ടുകളെക്കുറിച്ച്‌ മാത്രമാണ് അറിയുന്നതെന്നും വിദേശരാജ്യത്തെ നിയമങ്ങളെ പിന്തുടരുന്നുവെന്നും മലേഷ്യയിലെ നിയമങ്ങള്‍ മാത്രമാണ് ഇവിടെ പിന്‍തുടരുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളും ഭീകരവാദക്കേസുകളുമുള്‍പ്പെടെയുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനിരിക്കെയാണ് കഴിഞ്ഞ മാസം സാക്കിര്‍ നായിക് മലേഷ്യയിലെ മുസ്ലിം പള്ളിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മതസംഘടനകള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച്‌ കഴിഞ്ഞ ആഴ്ച എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തീവ്ര മത പ്രഭാഷണങ്ങള്‍, പൊതു പ്രഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ രാജ്യത്ത് മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് നീക്കം. ധാക്ക ഭീകരാക്രമണത്തിലെ പ്രതികള്‍ക്ക് ആക്രമണത്തിന് പ്രചോദനമായത് സാക്കിര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങളാണെന്ന വാര്‍ത്തകളാണ് സാക്കിര്‍ നായിക്കിനെ അന്വേഷണ ഏജന്‍സികളുടെ കണ്ണിലെ കരടാക്കിയത്.

സാക്കിര്‍ നായിക്കിനെ നാടുകടത്തണമെന്ന ആവശ്യവുമായി മലേഷ്യയിലെ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. മലേഷ്യയില്‍ വച്ച്‌ ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ സാക്കിര്‍ നായിക്കിനൊപ്പം എടുത്ത ഒരു സെല്‍ഫി ഉപ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. തന്‍റെ പൊതുജന സമ്മതി കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയ സാക്കിര്‍ നായിക് ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ മെയില്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സിബിഐയെയും ഇന്‍റര്‍പോളിനെ സമീപിച്ചിരുന്നു. സാക്കിര്‍ നായിക്കിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ഭീകരവാദക്കുറ്റങ്ങളിലും നടപടി സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു കേസ് കൈകാര്യം ചെയ്യുന്ന എന്‍ഐഎയുടെ നീക്കം.

ഭീകരവാദക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പ് കേസുകളിലും നായിക്കിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ 2016 ജൂലൈ ഒന്നിനാണ് നായിക് മക്കയിലേയ്ക്ക് പോയത്. ഇന്ത്യ വിട്ട നായിക്ക് ഇന്ത്യയില്‍ നിന്നുള്ള നിയമനടപടികള്‍ ഭയന്ന് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ധാക്ക ഭീകരാക്രമണത്തിന് സാക്കിര്‍ നായിക് പ്രചോദനമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നായിക് ഇന്ത്യ വിടുന്നത്. മക്ക തീര്‍ത്ഥാടനത്തിന് വേണ്ടി ഇന്ത്യ വിട്ട നായിക് സൗദിയില്‍ അഭയം തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് നായിക് മലേഷ്യയില്‍ പ്രത്യക്ഷപ്പെട്ടത്. അറസ്റ്റും നടപടികളും ഭയന്ന് പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലുമെത്തിയിരുന്നില്ല.

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളോടെയാണ് സാക്കിര്‍ നായിക്കും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷനും സംശയത്തിന്‍റെ നിഴലിലാവുന്നത്. ധാക്ക അക്രമികള്‍ക്ക് ആക്രമണത്തിന് പ്രചോദനമേകിയത് സാക്കിര്‍ നായിക്കിന്‍റെ തീവ്ര മതപ്രഭാഷണങ്ങളാണെന്ന വിവരത്തോടെ മക്കയിലേയ്ക്ക് പോയ സാക്കിര്‍ നായിക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങിവന്നിരുന്നില്ല. സാമ്പത്തിക തട്ടിപ്പ്, ഭീകരവാദക്കുറ്റങ്ങള്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളിലായി നിരവ‍ധി കേസുകളാണ് സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യയിലുള്ളത്.

ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാക്കിര്‍ നായിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തി. എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രത്തിന്‍രെ തീരുമാനം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ക്രമസമാധാന നിലയും പൂര്‍ണ്ണതയും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടി എന്‍ജിഒ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് അനിവാര്യമായ തെളിവുകള്‍ ആഭ്യന്തര മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: