‘സെൽഫി വിത്ത് ഗോസ്റ്റ് ‘- ഗ്രാമത്തിലെ ‘യക്ഷി പേടി ‘ മാറ്റാൻ ക്യാമ്പയിനിങ്ങുമായി ശാസ്ത്ര പ്രചാരകർ

ഐതിഹ്യങ്ങളിലും സാഹിത്യരചനകളിലും സിനിമകളിലും യക്ഷിസങ്കല്പം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. ഐതിഹ്യ മാലയിലെ (കൊട്ടാരത്തിൽ ശങ്കുണ്ണി ശേഖരിച്ച നാടോടിക്കഥകൾ) “കടമറ്റത്ത്‌ കത്തനാർ” എന്ന കഥയിൽ കത്തനാർ കീഴടക്കി എന്ന് പറയപ്പെടുന്ന യക്ഷി കള്ളിയങ്കാട്ടു നീലി ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രസ്തുത കഥയുടെ ചലച്ചിത്ര ഭാഷ്യം, കടമറ്റത്തച്ചൻ, ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നു. സി. വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായിക മാർത്താണ്ഠവർമയിൽ പരാമർശിക്കപ്പെടുന്ന “പഞ്ചവങ്കാട്ടിലെ നീലി” യും കള്ളിയങ്കാട്ടു നീലിയാണെന്ന് കരുതപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ നാം കണ്ടുമുട്ടുന്ന പൂതത്തിനു ബുദ്ധമതഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ഹാരിതി എന്നാ യക്ഷിയുമായി സാമ്യമുണ്ടെന്ന് രാഘവ വാരിയർ അഭിപ്രായപ്പെടുന്നു. തെക്കൻ തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിൽ (കൊട്ടാരക്കര) മറവങ്കോട് എന്ന വനത്തിൽ വിഹരിച്ചിരുന്നതായി പറയപ്പെടുന്ന യക്ഷിയെ മറവങ്കോട് യക്ഷി എന്നാണു പേരിട്ട് വിളിച്ചത് .

ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി.
മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. അവൻ ഒരു പോണ്ടൻനായർ ആയിരുന്നു. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാസ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു.
ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു.
കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്.

പല യക്ഷികളുടെയും പ്രതിമകൾ ഉണ്ട്. മലമ്പുഴയിൽ കാനായി കുഞ്ഞിരാമൻ ഒരു യക്ഷിയുടെ പ്രതിമ നിർമ്മിച്ചിട്ടുണ്ട്. കുരുക്ഷേത്രത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയുന്ന പരശുരാമനാൽ നിർമ്മിച്ച ഒരു സ്ഥലമാണ് “യക്ഷിണി തീർത്ഥം”. അവിടം ദർശിച്ചാൽ അശ്വമേധ യാഗത്തിന്റെ ഫലം കിട്ടുമെന്നു മഹാഭാരതം വനപർവ്വം 83-)0 അദ്ധ്യായം 23-)0 ശ്ലോകം പറയുന്നു. യക്ഷി ഒരു ദേവത തന്നെയാണെന്നും അതിന്റെ നിവേദ്യം ബ്രഹ്മഹത്യാ പാപമോചനത്തിന് ഉത്തമാണെന്ന് മഹാഭാരതം വനപർവ്വം 84-)0 അദ്ധ്യായം 105-)0 ശ്ലോകം പറയുന്നു.
ഭാരതത്തിൽ മാത്രമല്ല ഇവയെ ആരാധിക്കുന്നത്. ആഫ്രിക്കയിലെ ഗോത്രക്കാരും ചില യുറോപ്യൻ രാജ്യങ്ങളിലെ പുരാണങ്ങളിലും മറ്റും കുട്ടികളെ കുഴലൂതി ആകർഷിച്ചു വെള്ളത്തിൽ മുക്കി കൊല്ലുന്ന “ബാന്പൈപ്പർ” എന്നാ വനദേവതക്ക് നമ്മുടെ “ബാലപ്രദ” എന്ന യക്ഷിയുമായി സാമ്യമുണ്ട്‌. സ്കാൻഡി നേവിയർ രാജ്യങ്ങളിൽ ആരാധിക്കുന്ന “ഡോൾ” എന്ന ദേവതക്കു കേരളത്തിലെ യക്ഷി സങ്കലപവുമായി സാമ്യമുണ്ട്‌.

1967-ൽ മലയാറ്റൂർ രാമകൃഷ്ണന്‍ യക്ഷി എന്ന പേരില്‍ സൈക്കോളജിക്കൽ ത്രില്ലർ നോവല്‍ തന്നെ എഴുതി .
ഇത് പിന്നീട് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു കൂടാതെ പ്രസിദ്ധീകരിച്ച വർഷം തന്നെ കെ.എസ്‌. സേതുമാധവൻ ഇത് സിനിമയാക്കി.

ഇങ്ങനെ മലയാളികള്‍ അറിഞ്ഞതും അറിയാത്തതുമായ കുറെ ഏറെ യക്ഷി പുരാണങ്ങളുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തെലുങ്കാനയിലെ നിര്‍മല്‍ ജില്ലയില്‍ കാസിഗുട എന്നാ കുടിയേറ്റ ഗ്രാമം യക്ഷി ബാധിത പ്രദേശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അറുപതോളം വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സുര്യന്‍ അസ്തമിച്ചാല്‍ ഒരാളെ പോലും പുറത്ത് കാണില്ല. വാതിലും ജനലും കൊട്ടിയടച്ച് വീടിനകത്ത് തന്നെ ഇരുന്നു കളയും. അത്രക്കുണ്ട് യക്ഷിയെ കൊണ്ടുള്ള ശല്ല്യം.

എന്നാല്‍ ഇതെല്ലാം തട്ടിപ്പുകാരനായ ഒരു സിദ്ധന്റെ വേലയാണെന്നും സാധാരണ എല്ലാ യക്ഷി ബാധിത സ്ഥലങ്ങളിലും ഉണ്ടാവാറുള്ള പോലെ വ്യാജ പ്രചരണങ്ങള്‍ മാത്രമേ കാസിഗുടയിലും ഉള്ളു എന്നതാണ് ശാസ്ത്ര പ്രചാരകനായ ബാബു ഗോഗിനെനിയുടെയും കൂട്ടരുടെയും വാദം. അത് കൊണ്ട് മാത്രം നിര്‍ത്തിയില്ല യക്ഷിയോടൊപ്പം സെല്‍ഫി എടുക്കല്‍ വരെ എത്തി കാര്യങ്ങള്‍.ഗ്രാമീണര്‍ക്കിടയിലെ ‘യക്ഷി പേടി ‘ മാറ്റാൻ
‘സെൽഫി വിത്ത് ഗോസ്റ്റ് ‘ എന്ന പേരില്‍ ക്യാമ്പയിനിങ്ങുമായി ഇറങ്ങിയിരിക്കുകയാണ് ശാസ്ത്ര പ്രചാരകർ.

No Comments

Be the first to start a conversation

%d bloggers like this: