സൗദിയിലെ അറസ്റ്റിന് പിന്നിലെ യാഥാര്‍ഥ്യം?

റിയാദ്: സൗദി അറേബ്യയില്‍ അഴിമതിയുടെ പേരില്‍ കൂട്ട അറസ്റ്റ് നടക്കുമ്പോള്‍ രാജകുടുംബത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും അവരുടെ രഹസ്യ ഇടപാടുകളും പുറത്തുവരുന്നു. സല്‍മാന്‍ രാജാവിന്റെ അടുത്ത ബന്ധുക്കള്‍ സൗദിയില്‍ ഭരണം നടത്തുക മാത്രമല്ല ചെയ്യുന്നത്, ഭരണത്തിന്റെ മറവില്‍ വന്‍ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുക കൂടി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ നടക്കുന്ന പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിരിക്കുന്നത്.

സൗദി അറേബ്യയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനി സ്ഥാപിച്ചത് രാജാവിന്റെ ഒരു മകനാണ്. ഇപ്പോള്‍ അതിന്റെ അധ്യക്ഷ സ്ഥാനത്തുള്ളത് മറ്റൊരു മകന്‍. സര്‍ക്കാരിന്റെ മിക്ക വ്യപാരങ്ങളും ഇടപാടുകളും നടത്തുന്നത് കുടുംബക്കാര്‍ തന്നെ. ഇങ്ങനെ  രാജകുടുംബത്തിന്റെ കാര്യങ്ങള്‍. കൂടുതല്‍ അറിയുമ്പോള്‍ മനസിലാകും ഇപ്പോഴത്തെ അറസ്റ്റും പ്രശ്നങ്ങളും എന്തിന് വേണ്ടിയായിരുന്നുവെന്ന്. അല്ലെങ്കില്‍ പറഞ്ഞുകേള്‍ക്കുന്ന പോലെ അഴിമതി തുടച്ചുനീക്കാനാണോ എന്നും.ഫ്രാന്‍സിലെ സൈനിക ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന സംഘവുമായി ചേര്‍ന്ന് കപ്പല്‍ നിര്‍മാണ വ്യവസായമുണ്ട് സൗദി രാജ കുടുംബത്തതിലുള്ളവര്‍ക്ക്. ആരോഗ്യക്ഷേമം, ടെലി കമ്യൂണിക്കേഷന്‍, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കമ്പനി രൂപീകരിച്ചു രാജാവിന്റെ ഒരു മകന്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ചാണ് ഈ കമ്പനിയുടെ ഇടപാടുകളും ക്ഷേമ പ്രവര്‍ത്തനവുമെല്ലാം. സൗദ് കുടുംബത്തിലെ 11 രാജകുമാരന്‍മാരെയാണ് ഇപ്പോള്‍ അഴിമതിക്കേസില്‍ പിടികൂടിയിരിക്കുന്നത്. സൗദ് കുടുംബത്തിലുള്ള ഒരാളും ഇതുവരെ വരുമാനം വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ പ്രധാന വരുമാനം എണ്ണയാണ്. ഇതില്‍ നിന്ന് എത്രയാണ് രാജകുടുംബാംഗങ്ങള്‍ കൈവശപ്പെടുത്തുന്നതെന്നതും വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സല്‍മാന്‍ രാജാവ് അടുത്തിടെ ലണ്ടനില്‍ ആഡംബര വീട് 28 ദശലക്ഷം ഡോളര്‍ ചെലവിട്ട് വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ 440 അടിയുള്ള ഒരു യാനം വാങ്ങിയത് 500 ദശലക്ഷം ഡോളര്‍ കൊടുത്താണ്. ഫ്രഞ്ച് സന്ദര്‍ശനത്തിടെ വാങ്ങാന്‍ തോന്നിയ ഉടനെയാണ് ഇത്രയും തുക ചെലവിട്ട് യാനം കൈക്കലാക്കിയത്.

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമൊക്കെ ചെയ്യുന്നതിന് സമാനമായ രീതിയാണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നതെന്ന് സൗദി പ്രതിരോധ വ്യവസായത്തെ കുറിച്ച്‌ പഠിച്ച കാതറിന്‍ ഡിക്സണ്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. മിക്ക അറസ്റ്റുകളും സ്വന്തം താല്‍പ്പര്യത്തിനും രാഷ്ട്രീയ താല്‍പ്പര്യത്തിനും വേണ്ടിയാണെന്നാണ് അവരുടെ നിഗമനം.

സൗദി അറേബ്യയില്‍ ഇതുവരെ 500ഓളം പേരെ അഴിമതി വിരുദ്ധ അന്വേഷണ സംഘം പിടികൂടിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചിലരെ പാര്‍പ്പിച്ചിരിക്കുന്നത് റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ്. വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അടുത്തിടെയാണ് അഴിമതി വിരുദ്ധ സമിതി രൂപീകരിച്ചതും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായതും. അറസ്റ്റിലായവര്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്നാണ് ഭരണകൂടം അറിയിച്ചത്. ചുരുങ്ങിയ കാലയളവില്‍ ഇത്രയധികം ആളുകളെ തടവിലിടാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ? ഏത് കോടതിയാണ് ഇവരെ വിചാരണ ചെയ്യുക? എന്നീ ചോദ്യങ്ങളും ന്യൂയോര്‍ക്ക് ടൈംസ് ചോദിക്കുന്നു.

സൗദി ദേശീയ ഗാര്‍ഡിന്റെ മേധാവി മുതയ്ബ് ബിന്‍ അബ്ദുല്ല രാജകുമാരനും അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹം ദേശീയ ഗാര്‍ഡിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം. മാത്രമല്ല, സ്വന്തം നേട്ടം ലക്ഷ്യമിട്ട് സൈനിക കരാറുകള്‍ അദ്ദേഹത്തിന് താല്‍പ്പര്യമുള്ള കമ്ബനികള്‍ക്ക് കൊടുക്കുകയും ചെയ്തു. ഈ കമ്ബനികളുടെ ഉടമയും മയ്തിബ് തന്നെയാണത്രെ.

സമാനമായ ആരോപണം തന്നെയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരനെതിരേയും ഉയര്‍ന്നിരിക്കുന്നത്. ഇദ്ദേഹം റിയാദിലെ മുന്‍ ഗവര്‍ണറായിരുന്നു. അധികാര മേഖലയിലെ സബ്വേ നിര്‍മാണത്തിന് തന്റെ കമ്ബനികള്‍ക്ക് തന്നെ തുര്‍ക്കി ബിന്‍ അബ്ദുല്ല കരാര്‍ നല്‍കുകയായിരുന്നു.

അതേസമയം, ശതകോടീശ്വരനായ വ്യവസായി അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും അറസ്റ്റിലായവരില്‍ പ്രമുഖനാണ്. ഇദ്ദേഹം ബന്ധങ്ങള്‍ ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. അന്താരാഷ്ട്ര ഓഹരി വിപണികളില്‍ വന്‍ നിക്ഷേപമുള്ള ഇദ്ദേഹം ലോകത്തെ ഏറ്റവും വലിയ സമ്ബന്നരില്‍ ഒരാളാണ്. ഇത്തരത്തിലൊരു വ്യക്തിക്ക് കൈക്കൂലി വാങ്ങേണ്ട സാഹചര്യമുണ്ടോ എന്ന ചോദ്യവും ന്യൂയോര്‍ക്ക് ടൈംസ് ചോദിക്കുന്നു. മാത്രമല്ല, ഇദ്ദേഹത്തിന്റെ ആസ്തിയാകട്ടെ മറ്റു രാജകുമാരന്‍മാരേക്കാള്‍ സുതാര്യവുമാണ്.

അതേമസയം, ഇദ്ദേഹത്തിന്റെ അറസ്റ്റിന് കാരണം മറ്റൊന്നാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അധികാരത്തിന്റെ മറവില്‍ രാജകുടുംബങ്ങള്‍ സമ്പത്തും ആസ്തിയും മൂടി വയ്ക്കുന്നത് ബിന്‍ തലാല്‍ എതിര്‍ത്തിരുന്നുവത്രെ. കോടികളുടെ ബജറ്റ് ഇതര പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് രാജകുടംബാംഗങ്ങളാണ്. ഇതിനെ ബിന്‍ തലാല്‍ ചോദ്യം ചെയ്തിരുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന 1996ലെ രഹസ്യരേഖ വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, സൗദി രാജകുമാരന്‍മാന്‍ പ്രതിമാസം 270000 ഡോളര്‍ പ്രതിമാസം സ്റ്റൈപെന്റ് വാങ്ങുന്നുണ്ട്. രാജകുടുംബത്തിലെ ചെറിയ കുട്ടികള്‍ക്ക് മാസം 8000 ഡോളര്‍ കിട്ടും. 1996ലെ രേഖകളിലാണ് ഈ കണക്കുള്ളത്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ കണക്കുകള്‍ വളരെ വലുതാകും.

ദേശീയ വാണിജ്യ ബാങ്കുകളില്‍ നിന്ന് കോടികളാണ് രാജകുമാരന്‍മാന്‍ കടം വാങ്ങിയിരിക്കുന്നതത്രെ. മിക്കയാളുകളും തിരിച്ചടച്ചിട്ടില്ല. അതാണ് ദേശീയ ബാങ്ക് തകര്‍ച്ചയുടെ വക്കിലെത്താന്‍ കാരണം. മിക്ക രാജകുമാരന്‍മാര്‍ക്കും വിദേശത്ത് വ്യവസായ ഏജന്റുമാരുണ്ട്. രാജ്യത്തിന്റെ എല്ലാ കരാറുകളും ഈ ഏജന്റുമാര്‍ മുഖേനയാണ് നല്‍കുന്നത്. അതുവഴിയും കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

No Comments

Be the first to start a conversation

%d bloggers like this: