സൗദി അറേബ്യയില്‍ ജീവനോടെ കുഴിച്ചുമൂടിയ പൈതലിനെ രക്ഷപ്പെടുത്തി

ജിദ്ദ: സൗദി അറേബ്യയിലെ ബീശക്കു സമീപം മരുഭൂമിയില്‍ ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുപൈതലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഏഴു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സൗദി മരുഭൂമിയില്‍ കുഴിച്ചിട്ടത്.

ഉല്ലാസയാത്രക്ക് സൗദി പൗരന്‍ പ്രദേശത്തെത്തിയതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിലേക്ക് നയിച്ചത്. മണ്ണിട്ടുമൂടിയ കുഴിയില്‍ നിന്ന് ശബ്ദം പുറത്തു വരുന്നത് കേട്ട് സൗദി പൗരന്‍ മണ്ണ് നീക്കം ചെയ്തപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ പൈതലിനെ കണ്ടെത്തിയത്.

പുറത്തെടുക്കുമ്ബോഴും കുഞ്ഞിന് ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു. സൗദി പൗരന്‍ സുരക്ഷാ വകുപ്പുകളെ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആംബുലന്‍സും സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി കിംഗ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ബീശ ആരോഗ്യ വകുപ്പ് വക്താവ് അബ്ദുല്ല അല്‍ഗാംദി പറഞ്ഞു. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: