മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി പിന്നിട്ടു: അണക്കെട്ട് നാളെ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. തുടർന്ന് നാളെ രാവിലെ ഏഴ് മണിക്ക് സ്പില്‍വെ ഷട്ടറുകള്‍ തുറക്കാൻ തീരുമാനമായി. സ്ഥിതിഗതികള്‍ വിലയിരുത്താനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് മുല്ലപ്പെരിയാറിലെത്തും. അണക്കെട്ടിൻറെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും ആരംഭിച്ചു.

അണക്കെട്ട് തുറന്നാല്‍ വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, മാമല അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി അണക്കെട്ടിലെത്തും. അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി ഉയർന്നതോടെ മുല്ലപ്പെരിയാറിൽ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽക്കുകയായിരുന്നു.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. സെക്കന്റിൽ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.