കേരളസമൂഹത്തിനു വേണ്ടിയാണ് സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നത്-പുകസ സംസ്ഥാന സെക്രട്ടറി സുജ സൂസന്‍ ജോര്‍ജ് പ്രതികരിക്കുന്നു

“കേരള സമൂഹത്തിന് വേണ്ടിയാണ് സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നത്. 18 വര്‍ഷമായി അവര്‍ക്ക് നീതി ലഭിക്കുംഎന്ന വിശ്വാസത്തിലൂടെ,ആ പ്രതീക്ഷയില്‍ മാത്രം ജീവിച്ച പെണ്‍കുട്ടി .ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഈ കുടുംബത്തില്‍ എന്നെങ്കിലും ആഘോഷങ്ങള്‍ നടന്നതായോ, ആരെങ്കിലും ഇവരുടെ വീട്ടിലേക്ക് വിരുന്നു വന്നതായോ,ഇവര്‍ ആരെങ്കിലും ബന്ധു ജനങ്ങളെസന്ദര്‍ശിച്ചതായോ അറിവില്ല .ഇവര്‍ക്ക് ക്രിസ്തുമസ് ഉണ്ടോ, ഓണം ഉണ്ടോ ,ഇവര്‍ എപ്പോഴെങ്കിലും സന്തോഷത്തില്‍ ചിരിച്ചിട്ടുണ്ടോഎന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്ന ഉത്തരമാണ് ഇപ്പോഴും ലഭിക്കുന്നത് എന്നാണ് ,കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവരുമായിനിരന്തര ബന്ധം പുലര്‍ത്തുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്ഞാന്‍ മനസിലാക്കുന്നത്.”

സൂര്യനെല്ലി വിഷയത്തിലടക്കം,കേരളത്തിലെ,സ്ത്രീ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന,പുരോഗമന കലാസംഘം സംസ്ഥാനസെക്രട്ടറി കൂടിയായ സൂസന്‍ ജോര്‍ജ് പറഞ്ഞു.വിവാഹം,കുടുംബം,അടുത്ത തലമുറ,എന്നതൊന്നും അവരുടെ സ്വപ്നത്തില്‍ പോലും ഇല്ല.മുന്‍പ് ഒരു സംഘം ആളുകള്‍ ആ കുട്ടിയെ വേട്ടയാടിയെങ്കില്‍,അതിനുശേഷം ഭരണകൂടവും ,അധികാര സ്ഥാപനങ്ങളും നമ്മുടെ സമൂഹവും അവരെ നിരന്തരം വേട്ടയാടി.ആ കുട്ടിയുടെയും കുടുംബത്തിന്‍റെയും അവസ്ഥ വളരേ ദയനീയമാണ്.

സൂര്യനെല്ലി വിഷയത്തില്‍ വളരെ സജീവമായി ഇടപെട്ട വ്യക്തി എന്ന നിലയില്‍ അവരുടെ കുടുംബത്തെ ഈ കേസ് ഏതൊക്കെ രീതിയില്‍ ബാധിച്ചു എന്ന് നിരീക്ഷിക്കാമോ ?

ഈ കേസുമായി ബന്ധപ്പെട്ട ഓരോ ആളുകള്‍ക്കും പ്രായം 18 വര്‍ഷം വര്‍ദ്ധിച്ചിരിക്കുന്നു.രണ്ട് സര്‍ജറിക്ക് അടുത്ത കാലത്തായി വിധേയനായി,75 വയസ്സിനുമുകളില്‍ പ്രായമുള്ള അച്ഛന്‍. 74 വയസ്സോടടുത്ത് പ്രായമുള്ള അമ്മ.അവരെല്ലാം തന്നെ വാര്‍ദ്ധക്യം എന്നതിലപ്പുറം,ഈ ദുരന്തപര്‍വ്വങ്ങളിലൂടെ കടന്നു വന്നപ്പോള്‍ ഉണ്ടായ നിരന്തര ആഘാതങ്ങളില്‍ വിവിധ രോഗങ്ങള്‍ പിടിപെട്ട വരായിമാറിയിരിക്കുന്നു.സാമ്പത്തികമായും വളരെ മോശമാണ് കാര്യങ്ങള്‍.അതിനിടയില്‍ പെണ്‍കുട്ടിയെ മറ്റൊരു തട്ടിപ്പ്കേസില്‍പ്പെടുത്തുകയും അവര്‍ക്ക് ബാക്കിയുണ്ടായിരുന്ന സര്‍വ്വസമ്പാദ്യങ്ങളും വിറ്റ് തീര്‍പ്പാക്കേണ്ടി വരികയും ചെയ്തു.ആ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത്, ഇപ്പോഴും കേസ് തീര്‍പ്പാകാതെ കിടക്കുന്നു.തന്‍റെ അനുഭവം ഈ സമൂഹത്തിനോട് വിളിച്ച് പറഞ്ഞ ഈ പെണ്‍കുട്ടിക്ക് എന്താണ് സമൂഹം തിരിച്ചു നല്‍കിയത് എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു.സൂര്യനെല്ലി,വിതുര തുടങ്ങിയ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേരളീയ സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.നമ്മുടെ മാധ്യമങ്ങള്‍ വില്‍ക്കുകയാണ് ഇത്തരം പ്രതികരണങ്ങളെ .ഓരോ സംഭവം വരുമ്പോഴും ഓരോ ചാനലും ഓടി വരുന്നു.നമുക്ക് അവര്‍ക്ക് വിധേയമാകാതിരിക്കാനും കഴിയില്ല.നമുക്ക് പൊതു സമൂഹത്തോട് പറയാനുള്ളത് പറയാന്‍ ഇത്തരം മാധ്യമങ്ങളെ ഉപയോഗിക്കേണ്ടി വരുന്നു.മാധ്യമങ്ങള്‍ക്ക് ഇരകളെ മറച്ചും മറയ്ക്കാതെയും പ്രദര്‍ശിപ്പിക്കുക എന്നുള്ളത് ഈ പ്രശ്നത്തോടുള്ള പ്രതിബദ്ധത എന്നതിനപ്പുറത്ത്അവരുടെ കച്ചവട താല്പര്യമാണ്.

സൂര്യനെല്ലി കേസ് വിറ്റ് ചാനലുകള്‍ എത്ര പൈസ ഉണ്ടാക്കി എന്നതു നമുക്കെല്ലാവര്‍ക്കും അറിയുന്നതും ആണ്.ഇവയൊക്കെ വലിയതരത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ നമ്മള്‍ കരുതുന്നത് സമൂഹം ഇളകി മറിയുന്നു എന്നാണ്. എന്നാല്‍ അവരുടെ അവസ്ഥ ദയനീയമായി തുടരുകയാണ്.ലോകത്തിന്‍റെ ഏതു ഭാഗത്തില്‍ നിന്നുള്ളവരായാലും പലരും ആവശ്യപ്പെടുന്നതും,സൂര്യനെല്ലി പെണ്‍കുട്ടിയെ കാണണം അല്ലെങ്കില്‍ അഞ്ച് മിനിറ്റ് അവരോട് സംസാരിക്കണം എന്നുള്ളത് മാത്രമാണ്.ഈ സംഭവം ഇപ്പോള്‍ എവിടെ നില്‍ക്കുന്നു അല്ലെങ്കില്‍ എങ്ങിനെ ഇത് യഥാര്‍ത്ഥ നീതിയിലേക്കു കൊണ്ടുവരാം എന്നുള്ളത് അവരുടെ ചിന്തയിലേക്ക് വരുന്നില്ല.

മുന്‍പത്തെ വിധിയില്‍ പെണ്‍കുട്ടിയോട് കോടതിയുടെ സമീപനത്തെ എങ്ങനെ കാണുന്നു?

കോടതി എന്ന് പറയുന്നത് സമൂഹത്തില്‍ നിന്നും വ്യത്യസ്തമായൊരു സ്ഥാപനമല്ല.ഒരു സമൂഹം ഏത് തരത്തില്‍ പുരോഗമനവാദികളാണോ,ആ തരത്തിലായിരിക്കും കോടതിയിലെ ജഡ്ജ്മെന്റോ വക്കീലന്മാരുടെ നിലപാടോ വരുന്നത്.ഈ പെണ്‍കുട്ടിയുടെസംഭവത്തില്‍ നാം കാണുന്നത് എന്താണ് ?

18 വര്‍ഷം കഴിഞ്ഞു.അവള്‍ സ്വയം വേണം ഈ കേസിനെ മുന്നോട്ട് കൊണ്ടുപോകാന്‍.നമ്മളെല്ലാം ആ പെണ്‍കുട്ടിക്ക് എതിരെ നില്‍ക്കുകയാണ്.കേരള സമൂഹത്തിന്‍റെയോ ജനാധിപത്യഭരണകൂടത്തിന്‍റെയോ,കേളി കേട്ട നീതിന്യായ വ്യവസ്ഥയുടെയോ അല്ല,അത് ഇരയുടെ ആവശ്യമായി മാറുകയാണ്.സുപ്രീംകോടതി,ഡല്‍ഹി പെണ്‍കുട്ടിയുടെ സംഭവത്തിനു ശേഷം നടത്തിയ ഇടപെടലുകള്‍ കാരണമാണ് ഇവിടെ എന്നും ഇവ വിചാരണക്ക് വന്നത്.ആറു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണം എന്നായിരുന്നു ഓര്‍ഡര്‍ .എന്നാല്‍ അതുണ്ടായില്ല .ഇരകളുടെ ജീവിതം തീര്‍ന്നാലും ഈ കേസുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നാണ് അനുഭവങ്ങള്‍ നല്‍കുന്ന പാഠം .

ഐസ്ക്രീം കേസ് എത്ര സമര്‍ഥമായാണ്അട്ടിമറിച്ചത് എന്ന് കേരള സമൂഹം തിരിച്ചറിഞ്ഞതാണ്.അധികാരവും പണവും എങ്ങിനെജുഡിഷ്യറിയെ അടക്കം സ്വാധീനിക്കുന്നു എന്നും നാം കണ്ടതാണ്.എണ്ണിയാല്‍ തീരാത്ത ഇത്തരം എല്ലാ കേസുകളിലും ഇരകള്‍ക്ക് നീതിലഭ്യമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല.ഇതിന്‍റെ ഗുണപരമായ മാറ്റം കേരള സമൂഹത്തില്‍ ഉണ്ടാകുന്നുവോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന്പറയേണ്ടി വരും.അന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.എന്നാല്‍ ഇന്ന് ജനിച്ചുവീണ കുഞ്ഞുങ്ങളിലേക്കും,രണ്ട് വയസ്സുകാരിയിലേക്കും എത്തി നില്‍ക്കുന്നു .കുടുംബ ബന്ധങ്ങള്‍ പോലും വിശ്വാസത്തകര്‍ച്ചയില്‍ആകുന്നു.ബലാത്സംഗം,ലൈംഗിക അതിക്രമം എന്ന് പറഞ്ഞ് ഇപ്പോള്‍ ലൈംഗികപരമായ അധിനിവേശമല്ല ,മറിച്ച് ഒരു തരം അധികാരപ്രയോഗമായി മാറിയിരിക്കുന്നു.

കോടതികളോ നിയമവ്യവസ്ഥയോ അല്ല ഒരു സമൂഹത്തെ ലിംഗസമത്വത്തില്‍ എത്തിക്കുന്നത്.ആ സമൂഹം അത്തരത്തില്‍ ഒരു ഔന്നത്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌.സ്ത്രീയും പുരുഷനും സമൂഹത്തിന്‍റെ മുന്നില്‍ തുല്യരാണ്. പൌരര്‍ എന്ന നിലയില്‍ അവകാശങ്ങള്‍ഇരുജാതിക്കും ഒരേപോലെയാണ്.നിരാശാജനകമായ അവസ്ഥ ഒരു വശത്ത് നിലനില്‍ക്കുമ്പോഴും സമൂഹത്തിലെ തിന്മകള്‍ക്കു നേരെകയ്യുയര്‍ത്തുന്ന യുവമനസ്സുകള്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു നാളെയെ സ്വപ്നം കാണിക്കുന്നുണ്ട്.

ഒരു സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ ഈ കോടതിവിധിയെ എങ്ങനെ നോക്കിക്കാണുന്നു?

തീര്‍ച്ചയായും ഈ വിധിയില്‍ സന്തോഷിക്കുന്നുഎന്ന് തന്നെയാണ് പറയാനുള്ളത് .പതിനെട്ടുവര്‍ഷം എടുത്തു ഉചിതമായ ഒരു വിധിപ്രസ്താവത്തിന്.എഴുപ്രതികളെ വെറുതെവിട്ടുവെങ്കിലും വിധി ആശ്വാസ്യകരം എന്നുതന്നെ പറയാം.പ്രതികളെ ശിക്ഷിച്ചു എന്നതിലുപരി ഞങ്ങളെപ്പോലെ ആ പെണ്‍കുട്ടിക്ക് വേണ്ടി നിലനിന്നവരെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്.അന്ന് ജസ്റ്റിസ്ബസന്ത് ബഞ്ചിന്റെ വിധിയില്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും വളരെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടി വേശ്യയായിരുന്നു,ചെറുപ്പത്തിലെ അവളുടെ സ്വഭാവം മോശമായിരുന്നു എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ .അവയാണ് നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിരുന്നത്.ആ പ്രശ്നത്തിനെ അഭിമുഖീകരിക്കാന്‍ ആ കുടുംബം ആര്‍ജ്ജിച്ച സകല കരുത്തും ചോര്‍ത്തിക്കളഞ്ഞ രീതിയിലുള്ള പരാമര്‍ശങ്ങള്‍.ഇപ്പോള്‍ ആ പെണ്‍കുട്ടിയുടെ വശത്ത്‌ നിന്ന് കോടതി ചിന്തിച്ചു എന്നതിന്റെ അനന്തര ഫലമാണ് ഈ വിധി.പെണ്‍കുട്ടി നാല്‍പ്പത്തിനാലുപേരോടും സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് വിധിച്ച ഒരു ബഞ്ചിനെ തിരുത്തിക്കൊണ്ട് കുറ്റക്കാരെ അന്വേഷിച്ചു കണ്ടുപിടിച്ച ഈ വിധി ഒരുപരിധിവരെ മാതൃകാപരമാണ്.രാഷ്ട്രീയമായും സാമൂഹികമായും കേരളസമൂഹത്തെ ആകെ ഉലച്ച ഒരു സംഭവമായിരുന്നു മുന്നത്തെ കോടതിവിധി.എന്നെപ്പോലെയുള്ളവര്‍ നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്. സമൂഹം എപ്പോഴും സ്ത്രീയ്ക്ക് എതിരുനില്‍ക്കുന്നു.പ്രത്യേകിച്ചും കേരളസമൂഹം.ഡല്‍ഹി പെണ്‍കുട്ടിക്ക് വേണ്ടി സമൂഹം മുഴുവന്‍ ഉയിര്‍ത്തെഴുന്നേറ്റതു പോലെ കേരളത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിക്ക് വേണ്ടി ഒരു മുന്നേറ്റം നടന്നതായി കണ്ടിട്ടില്ല.സ്ത്രീയെ ലൈംഗികവസ്തുവായും  കച്ചവടച്ചരക്കായും കണ്ടു കൊണ്ടു ജീവിച്ചുവരുന്ന തികച്ചും പുരുഷാധിപത്യം അരങ്ങുവാഴുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. പതിനെട്ടുവര്‍ഷം പെണ്‍കുട്ടിയോടൊപ്പം സമൂഹം ഉണ്ടായിരുന്നു. കേസ് ഇവിടെ അവസാനിക്കുന്നില്ല .ഏഴുപേരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നുണ്ട്. ഒന്നും തീര്‍ന്നിട്ടില്ല.

ഈ കേസില്‍ പിജെ കുര്യന്റെ പങ്കിനെപ്പറ്റി എന്താണ് പറയാനുള്ളത്?

പിജെ കുര്യന്‍ ഈ കേസില്‍ ഇല്ല. അദ്ദേഹത്തിനെതിരെ വേറെ കേസായിരുന്നു ഉള്ളത്. പക്ഷെ പിജെ കുര്യനെതിരെ അപ്പീല്‍പോവുന്നുണ്ട്. കാരണം സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ ഭാഗം കേട്ടിട്ടേയില്ല.ഇതിനെതിരെകേസ് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിനെതിരെയുള്ള കേസ് ഈ വെക്കേഷന് ശേഷം ഉടനെ പുനരാരംഭിക്കും

സോഷ്യല്‍ മീഡിയകള്‍ ഇത്തരം സാമൂഹികപ്രശ്നങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നാണു തോന്നിയിട്ടുള്ളത് ?

സോഷ്യല്‍ മീഡിയകള്‍ ഒരുപരിധിവരെ ഇത്തരം പ്രശ്നങ്ങളെ ചാനലൈസ് ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ട്.അവരവരുടെ സ്വന്തംകമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് നടത്തുന്ന ഒരു ആശയപ്രകടനം മാത്രമായി മാറിപ്പോവുകയാണ് പലപ്പോഴും.അതിനപ്പുറത്തെക്ക് എത്ര
പേര്‍ പ്രതികരിക്കുന്നുന്നുണ്ട്?

എങ്കിലും ആ പ്രതികരണത്തെ ഞാന്‍ കുറച്ചു കാണുന്നില്ല.ഒരു വലിയ സമൂഹം സോഷ്യല്‍ മീഡിയകളില്‍ ഇത്തരം കാര്യങ്ങള്‍ കാണുന്നു, അറിയുന്നു,ചര്‍ച്ച ചെയ്യുന്നു എന്നത് ആശ്വാസ്യകരമാണ്.  പക്ഷെ വേറൊരുതരത്തില്‍ ചിന്തിക്കുമ്പോള്‍ ആക്ടീവ് ആയ പ്രതികരണങ്ങള്‍ക്ക് ഇതൊരു നിസംഗത പകര്‍ന്നു നല്‍കുന്നതായി കാണുന്നുമുണ്ട് .ഞാന്‍ ഫേസ്ബുക്കില്‍ എഴുതി,ബ്ലോഗിലെഴുതി,ട്വീറ്റ് ചെയ്തു എന്നതില്‍ ഒതുങ്ങിപ്പോവുകയാണ് പലപ്പോഴും ആളുകളുടെ പ്രതികരണങ്ങള്‍.അതിനപ്പുറത്ത് ഒരു കോളിളക്കം സൃഷ്ടിക്കാന്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയുടെ മുഖ്യപ്രയോക്താക്കളായ യൂത്തിനു ഇപ്പോഴും കഴിയുന്നില്ല എന്നൊരു ചെറിയ പരാതി അതിനോടുണ്ട്.ഒരു ഫോറം ആവുന്നത് നല്ലതാണ്. ചര്‍ച്ച ചെയ്യാനുള്ള ഒരു വേദി ആവുക എന്നത് വലിയ കാര്യം തന്നെയാണ്.

No Comments

Be the first to start a conversation

%d bloggers like this: