പത്തു കവിതകള്‍

1. സൂര്യന്‍
ഭൂമിക്കെറിഞ്ഞുകൊടുത്ത
ഒരു ‘സ്‌മൈലി’യാണു
ചന്ദ്രന്‍..!

2.എന്റെ ദുഃഖങ്ങള്‍
എന്റെ സഹോദരന്മാര്‍ തന്നെയാണ്
അവര്‍ എന്നോടൊപ്പം
ഉറങ്ങിയെഴുന്നേല്‍ക്കുന്നു

3.നീലയുടുപ്പിട്ട സുന്ദരി…
ഭൂമിയോട്
ഒരു നക്ഷത്രം കണ്ണിറുക്കി ചോദിച്ചു,
‘പോരുന്നോ, എന്നെ വലം വയ്ക്കാന്‍?!’

4.ഭ്രാന്തുവരിക
ഒരാനുകൂല്യം കൂടിയാണ്:
ഭയപ്പാടില്ലാതെ
ഒരുപാടുവിമര്‍ശിക്കാനുള്ള
ഒരമൂല്യ ടിക്കറ്റ്!

5.കിടപ്പറകളില്‍
രാത്രി ചോര്‍ന്നൊലിക്കുന്നു
അതില്‍,
നിലാവു തളംകെട്ടിക്കിടക്കുന്നു

6.കണ്ണുകള്‍കൊണ്ട് ഉമ്മവയ്ക്കുന്നവളെ,
കാണാമറയത്തുനിന്നും ഇറങ്ങിവരൂ..
നിന്നെ നോക്കിയിരിക്കുമ്പോള്‍
എന്റെ മുറ്റത്തുമഴപെയ്യും,
പൂക്കളില്‍ കാറ്റുനിറയും,
പകലുകള്‍ ചുവന്നുതുടുക്കും,
രാത്രി, ഓരോ രോമങ്ങളായി
പതിയെപ്പതിയെ ഉണരും!

7.എനിക്ക് വിശുദ്ധനാകണം
ഉമ്മവയ്ക്കൂ എന്നെ !

8.എന്നെ തഴുകിയുണര്‍ത്തുവോനേ,
എന്നുടല്‍,
നിനക്കായ് പുഷ്പിക്കുകയും
എന്നാത്മാവ്
നിനക്കായ് പുഞ്ചിരിക്കുകയും ചെയ്യുന്നു…

9.പഴങ്ങള്‍ തുളുമ്പി നില്‍ക്കുന്ന ഒരു മരമാണു നീ
നിന്‍ ചില്ലകളിലോ,
അരയന്നങ്ങള്‍ നിറഞ്ഞിരിക്കുന്നു
അതിനാല്‍,
ദൂരെനിന്ന് നിന്നെ
വെള്ളപ്പൂക്കളെ പ്രസവിച്ച ഒരു മരമായി
കാഴ്ച്ചക്കാര്‍ തെറ്റിദ്ധരിക്കുന്നു
വെളുത്ത മേഘങ്ങള്‍ നിന്നോടു കുശലം പറയും
കറുത്തവ നിന്നെ കുളിപ്പിച്ചുകൊണ്ടേയിരിക്കും!

10. ആ കണ്‍കളിലാണ്
ഋതുഭേദങ്ങള്‍
ഏറ്റവും വ്യക്ത്തമായി
ഞാന്‍ കണ്ടിട്ടുള്ളത്

– സുരേഷ് നാരായണന്‍

suresh narayanan

No Comments

Be the first to start a conversation

%d bloggers like this: