ചില കല്യാണ ചിന്തകൾ… അഞ്ജലി ചന്ദ്രന്‍ എഴുതുന്നു

കല്യാണ സാരി പോലും അഴിച്ചു വെക്കുന്നതിനു മുൻപേ ഒരു പെൺകുട്ടിയെ കൊണ്ട് ചമ്മന്തി അരപ്പിക്കുന്ന ഒരു വീഡിയോ രാവിലെ തന്നെ വാട്ട്സ്സ് ആപ്പിൽ കിട്ടി എന്തു മനോഹരമായ ആചാരം എന്ന പേരിൽ . അയച്ചു തന്ന സുഹൃത്തിനുള്ള ബോധവത്കരണ ക്ലാസ് രാവിലെ തന്നെ കൊടുത്തു. പക്ഷെ അത് കൊണ്ട് മാത്രം കാര്യമില്ല എന്നത് കൊണ്ടാണ് ഇതിവിടെ കുറിയ്ക്കുന്നത് .

കല്യാണം കഴിഞ്ഞു സ്വന്തം വീടും വീട്ടുകാരെയും വിട്ടു വരുന്ന ഏതൊരു പെൺകുട്ടിയെയും രാജകുമാരി ആയി കാണണം എന്നൊന്നും പറയുന്നില്ല. പക്ഷെ ഒരു മനുഷ്യ ജീവിയോടുള്ള പരിഗണന അവൾക്കു നൽകാവുന്നതാണ്. അപരിചിതമായ ഒരു സാഹചര്യത്തിലേക്കു കാലെടുത്തു വെച്ച മിക്ക സ്ത്രീകൾക്കും കല്യാണം കഴിഞ്ഞ ആ ദിവസം തന്നെ സംരക്ഷിച്ചും സൗഹൃദത്തോടെയും പെരുമാറിയ ഓരോ വ്യക്തിയുടെ മുഖവും കല്ലിൽ കൊത്തി വെച്ച പോലെ ഉണ്ടാവും എന്നത് വ്യക്തിപരമായ അനുഭവം കൊണ്ട് എനിക്ക് പറയാൻ പറ്റും .

കേവലം ഒരു രസത്തിനു ആവും ഇങ്ങനെ ചെയ്തത് എന്ന് പറഞ്ഞു ഓരോ സ്ഥലങ്ങളിലും ഇങ്ങനത്തെ സൊറ കല്യാണം ഉണ്ടാവും എന്ന് പറഞ്ഞു വരുന്ന ന്യായീകരണ കമ്മറ്റിക്കാരോട് , തീരെ പരിചയമില്ലാത്ത നമ്മളുടെ ഓരോ ചലനവും ഒരു CCTV ക്യാമറ പോലെ ഒപ്പിയെടുക്കുന്ന ഒരു സ്ഥലത്തു ഇതേ പെരുമാറാൻ പറഞ്ഞാൽ നിങ്ങളിൽ എത്ര പേര് ചെയ്യും? ഇനി ഇതൊക്കെ പെൺകുട്ടിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ പ്രാപ്തയാക്കുകയാണ് , അല്ലെങ്കിൽ അവൾക് പറ്റില്ലെങ്കിൽ പറഞ്ഞാൽ നിർത്തിയ്ക്കും എന്ന ന്യായത്തിനുള്ള അടുത്ത മറുപടി ഇതാണ്. കല്യാണം കഴിഞ്ഞ ആ നിമിഷം തൊട്ടു അവളിലെ അഹങ്കാരിയെ ഒരു ഡിസക്ഷൻ മേശയിൽ വെച്ച തവളയെ പോലെ കീറി മുറിച്ചു പരിശോധിക്കാൻ നിൽക്കുന്ന ഒരു സമൂഹം ആണ് ചുറ്റിലും എന്നത് കൊണ്ട് മിക്ക പെൺകുട്ടികളും നിശബ്ദരായി ഇത്തരം പേക്കൂത്തുകൾക്കു നിന്ന് കൊടുക്കേണ്ടി വരാറുണ്ട്. അത് ചെയ്യുന്നത് നിങ്ങളോടുള്ള ബഹുമാനം മനസ്സിൽ കൊണ്ടല്ല നേരെ മറിച്ചു അമർഷവും പുച്ഛവും വെച്ചു കൊണ്ടാണ്.

ആ വീഡിയോ യിൽ ഏറ്റവും സങ്കടം തോന്നിയതും കുറെ സ്ത്രീകളും ഭർത്താവുമാണ് ഇതിനു മേൽനോട്ടവും ആവേശ കമ്മറ്റിക്കാരായും നിന്നത് എന്നതാണ്. വിവാഹം കഴിഞ്ഞു വരുന്ന അവൾക്ക് ഏറ്റവും പിന്തുണ കൊടുക്കേണ്ടത് അടുത്ത വീട്ടുകാരോ ആൽബത്തിലെ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോ ആയി കാണുന്ന ബന്ധു ജനങ്ങളോ അല്ല , നേരെ മറിച്ചു ഭർത്താവും ഭർത്താവിൻറെ വീട്ടുകാരുമാണ്.സ്വന്തം വീട്ടിൽ ഭക്ഷണം കിട്ടാത്തത് കൊണ്ടല്ല ഒരു പെൺകുട്ടിയെയും വീട്ടുകാർ കല്യാണം കഴിപ്പിക്കുന്നത്. ചെന്നു കയറുന്ന വീട് സ്വന്തം വീടായി കാണണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അമ്മമാരുള്ള നമ്മുടെ നാട്ടിൽ , വിവാഹം കഴിഞ്ഞു വരുന്നവളെ സ്വന്തമായി കാണാൻ വീട്ടിലുള്ളവർക് ക്ലാസ്സ് കൊടുക്കേണ്ട അവസ്ഥയാണ്. നിലവിളക്കിലെ തിരി കെട്ടാലും , അമ്മായി അമ്മ സ്വന്തം അശ്രദ്ധയാൽ കാൽ വെച്ച് കുത്തി മുറിഞ്ഞാലും വരെ , ‘വന്നു കേറിയ പെണ്ണിൻ്റെ’ കുറ്റമായി കാണുന്ന വിദ്യാ സമ്പന്നരായ ഒരു സമൂഹം നമുക്കു ചുറ്റിലുമുണ്ട്. ഒരു BIS ഹാൾ മാർക്കിങ്ങ് മെഷീനും പറ്റാത്ത അത്രയും കാര്യക്ഷമമായി വധുവിൻറെ എത്രയോ ദൂരെ നിന്ന് ആഭരണത്തിന്റെ തൂക്കവും മാറ്റും അളക്കുന്ന കുറെ പേരെ കല്യാണ വീടുകളിൽ കാണാറുണ്ട്. ഒരു തരത്തിലും നിങ്ങളുമായി വൈരാഗ്യമില്ലാത്ത, ‘വന്നു കേറിയ ‘ ഒരു പെൺകുട്ടിയോട് ഇത്ര മാത്രം വിരോധം കാണിക്കാൻ അവൾ എന്ത് തെറ്റാണു ചെയ്തത്? അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ജനിച്ച വീടും വിട്ടു വരുന്ന സങ്കടത്തിൽ അവൾ ഒന്ന് കരഞ്ഞാൽ അത് വളർത്തു ദോഷം എന്ന് പറഞ്ഞു പുച്ഛിക്കുന്നവരെ , നിങ്ങളുടെ മാനസിക ആരോഗ്യം ഓർത്തു നിങ്ങളോട് സഹതപിക്കാനേ പറ്റുന്നുള്ളു.

ഇതിനൊരു മാറ്റമുണ്ടാക്കാൻ പറ്റുന്നത് നമ്മൾ ഓരോരുത്തർക്കുമാണ് . ഒരു പെൺകുട്ടിയെയും ഇതേ പോലെ ബുദ്ധിമുട്ടിക്കില്ല എന്ന നിലപാട് പോലും ധീരമായ ഒരു തീരുമാനമാണ്. കല്യാണ ദിവസം അവൾ ധരിച്ച സാരിയുടെയും ആഭരണത്തിന്റെ ഡിസൈനും നോക്കി നിൽക്കാതെ സഹജീവി എന്ന പരിഗണന എങ്കിലും ഓരോ പെൺകുട്ടികൾക്കും നല്കുക. ഒരു കാഴ്ച ബംഗ്ലാവിലെ അത്ഭുത ജീവി അല്ല ഒരു കല്യാണ പെണ്ണും . ബുദ്ധിയും ബോധവുമുള്ള ഒരു സാദാ മനുഷ്യ ജന്മമാണ്. . ബഹുമാനം എന്നത് കൊടുത്താൽ മാത്രമേ തിരിച്ചും പ്രതീക്ഷിക്കാൻ പറ്റുകയുള്ളു. നിങ്ങൾക്ക് ചുറ്റിലുമുള്ള ഓരോ സ്ത്രീയും അത്ര മേൽ ബഹുമാനം അർഹിക്കുന്നുണ്ട്. അത് നല്കുക , നാലിരട്ടിയായി അത് തിരികെ കിട്ടും എന്നത് ഒരു സ്ത്രീ ആയത് കൊണ്ട് തന്നെ എനിക്ക് നിസംശയം പറയാൻ പറ്റും ..

No Comments

Be the first to start a conversation

%d bloggers like this: