തൊഴിൽരഹിതരുടെ ഇന്ത്യക്കു മുമ്പിൽ കൊഞ്ഞനംകുത്തുന്നവരുടെ “രാജ്യസ്നേഹം ” ചോദ്യം ചെയ്യപ്പെടുകതന്നെ വേണം! -അജയൻ.പി എ ജി എഴുതുന്നു

Image may contain: text

സംഘപരിവാർ ഗവണ്മെന്റ് അധികാരമേറ്റിട്ട് മൂന്നര വർഷം കഴിയുന്നു .. 5 വര്ഷംകൊണ്ട് പത്തുകോടി പുതിയ തൊഴിൽ സൃഷ്ഠിക്കുമെന്നായിരുന്നു

വാഗ്ദാനം ! എന്നാൽ തൊഴിൽ സൃഷ്ട്ടിക്കുകയല്ല പകരം അതിഭീകരമായ അളവിൽ അത് നഷ്ട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ സർക്കാർ! നോട്ടു നിരോധിച്ചും, ജിഎസ്‌ടി നടപ്പാക്കിയും , കന്നുകാലികമ്പോളം നിരോധിച്ചും ഇന്ത്യൻ ജനതയുടെ നെഞ്ചിൽ കയറി നിന്ന് നൃത്തം ചവിട്ടുന്ന സംഘപരിവാരത്തിന്റെ “രാജ്യസ്നേഹത്തിന്റെ” ഞെട്ടിക്കുന്ന കണക്കുകൾ ആണ് തൊഴിൽ കമ്പോളത്തിൽ നിന്ന് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഈ പറഞ്ഞ മൂന്നു നടപടികൾ വഴി നഷ്ടപ്പെട്ടതും ഒരിക്കലും തിരിച്ചുവരാത്തതുമായ ഏതാണ്ട് 6.23 കോടി തൊഴിലുകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇല്ലാതായിട്ടുണ്ട്.

കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്‍റെ തൊഴില്‍-തൊഴിലില്ലായ്മാ റിപ്പോര്‍ട്ട് 2015-16 പ്രകാരം, രാജ്യം 9 ശതമാനം സാമ്പത്തിക വളര്‍ച്ച ക്യവരിക്കുകയാണെങ്കിൽ 2016-17 വര്‍ഷത്തില്‍ 3.4 കോടി മനുഷ്യർക്ക് സംഘടിതമേഖലയിൽ തൊഴില്‍ ലഭിക്ക ണ മായിരുന്നു. ! അസംഘടിതമേഖലയിലാവട്ടെ ഈ വളർച്ചാനിരക്കിൽ 52.2 കോടി പേര്‍കു പണി കിട്ടുമത്രേ.! മറിച്ചു 5 ശതമാനമാണ് സാമ്പത്തിക വളര്‍ച്ചയെങ്കിലോ? അത് യഥാക്രമം 3.23 ഉം 46.1ഉം കോടി ആയി കുറയും! എന്നുവെച്ചാല്‍ 4 ശതമാനം വളര്‍ച്ചാനിരക്ക് കുറയുമ്പോള്‍ സംഘടിത മേഖലയില്‍ 17 ലക്ഷം തൊഴിലും അസംഘടിതമേഖലയില്‍ 6.1 കോടി തൊഴിലും നഷ്ടപ്പെടും! ആകെ 6.23 കോടി തൊഴില്‍ നഷ്ടപ്പെടുത്തിക്കൊണ്ടാണ് നോട്ടുനിരോധനം ഒരു വര്‍ഷം പിന്നിട്ടതെന്നു സാരം. 2017 നവംബറിൽ ജിഡിപി വളര്‍ച്ചാനിരക്ക് വെറും 5 ശതമാനത്തിലെത്തിയെന്നാണ് മിക്കവാറും എല്ലാ സ്വതന്ത്ര സാമ്പത്തിക വിദഗ്ദ്ധന്മാരും പറയുന്നതെന്ന് ഓർക്കുക..

ഇതേ തൊഴില്‍-തൊഴിലില്ലായ്മാ റിപ്പോര്‍ട്ട് പ്രകാരം 9 ശതമാനം ജിഡിപി വളര്‍ച്ച ഉണ്ടായാല്‍, ഇന്ത്യയിലെ തൊഴില്‍ശക്തി (2016-17ല്‍) ഏതാണ്ട് ഇങ്ങനെയാണത്രെ വിഭജിക്കപ്പെടുക..

കാര്‍ഷികമേഖലയില്‍..24 കോടി തൊഴിൽ ;വ്യവസായ/നിര്‍മ്മാണ മേഖലയില്‍..12.6 കോടി; സേവനമേഖലയില്‍..18.95 കോടി . വളർച്ചാ നിരക്ക് 5 ശതമാനമായി താഴുമ്പോള്‍ ഇവരുടെ എണ്ണം എത്രയാവുമെന്നും റിപ്പോർട്ടിലുണ്ട്..

കാര്‍ഷികമേഖലയില്‍ അത് …22.34 കോടി ആയിരിക്കും; വ്യവസായ/നിര്‍മ്മാണമേഖലയില്‍..10.81 കോടിയും; സേവനമേഖലയില്‍16.12 കോടിയുമായി അത് താഴും. അതായത് ജിഡിപി വളര്‍ച്ച 5% ആയാല്‍ കാര്‍ഷിക മേഖലയില്‍നിന്ന് 1.66 കോടി തൊഴിലാളികളും വ്യവസായ മേഖലയില്‍ നിന്ന് 1.79 കോടി തൊഴിലാളികളും പുറംതള്ളപ്പെടും. സേവനമേഖല പുറത്താക്കുന്നത് 2.83 കോടിയാണ്! ഇതൊക്കെ വെറും സംഖ്യകളല്ല, ജീവനുള്ള മനുഷ്യരുടെ എണ്ണമാണ്! നോട്ട് നിരോധനവും തുടർന്ന് വന്ന ജിഎസ്ടിയും കാലിച്ചന്ത നിരോധനവും എല്ലാം ചേർന്ന് അസാധുവാക്കിയ ജീവനുള്ള മനുഷ്യരുടെ കാര്യമാണ് ഇവിടെ പറഞ്ഞത്! അതായതു

ഈ പ്രക്രീയയിൽ കുറഞ്ഞത്25 കോടി ഭാരതീയരുടെ ജീവിതം വഴിയാധാരമായിട്ടുണ്ടാവുമെന്നതാണ് സത്യം. എന്തുകൊണ്ടന്നല്ലേ?നോക്കുക സാധാരണക്കാരുടെ ഇന്ത്യയുടെ യെഥാർത്ഥ ചിത്രം താഴെപറയുന്നതാണ്.

@ ഇന്ത്യയിലെ 77 ശതമാനം കുടുംബങ്ങളിലും സ്ഥിരമായി വരുമാനമുള്ള ഒരാളെങ്കിലും ഇല്ല.

@ 67 ശതമാനം കുടുംബങ്ങളുടെയും പ്രതിമാസ വരുമാനം 10000 രൂപയിൽ താഴെയാണ്

@ ഇന്ത്യയിൽ തൊഴിലെടുത്തു ജീവിക്കുന്നവരിൽ 46.6 ശതമാനം “സ്വയം തൊഴിൽ” ചെയ്തു ജീവിക്കുന്നവരാണ്.32.2 ശതമാനം കാഷ്വൽ [കൂലിത്തൊഴിൽ ]വേല ചെയ്താണ് കുടുംബം പുലർത്തുന്നത്.3.7ശതമാനം “കരാർ” വേലക്കാരായുണ്ട്.

@ 84.3 ശതമാനം കാഷ്വൽ വേലക്കാരുടെയും , 66 .4 ശതമാനം കരാർ ജോലിക്കാരുടെയും പ്രതിമാസ കൂലി കേവലം 7500 രൂപയ്ക്കു താഴെയാണ്.

@ സ്ഥിര സ്വഭാവമുള്ള ജോലിക്കാരിൽ 57.2ശതമാനത്തിൻറെ പ്രതിമാസ വരുമാനം 10000 രൂപാ കടക്കുന്നില്ല! മൊത്തം തൊഴിൽശക്തിയുടെ 17 ശതമാനമാണ് സ്ഥിരസ്വഭാവമുള്ള തൊഴിൽ ചെയ്യുന്നവർഎന്നാണ് കണക്കു.

@രാജ്യത്തു 5.1 ശതമാനം കുടുംബങ്ങളിൽ വർഷത്തിൽ 30 ദിവസമെങ്കിലും തൊഴിൽ കിട്ടുന്ന[ഒരാളെങ്കിലും] ഇല്ല.

അതായതുതൊഴിലെടുക്കുന്നവരിൽ 71.2 ശതമാനത്തിനും യാതൊരു സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇല്ലന്നതിനാൽ പ്രകൃതിയോ ഭരണകൂടങ്ങളോ സൃഷ്ട്ടിക്കുന്ന സുനാമിയും സർജിക്കൽ സ്ട്രിയ്ക്കും ഒന്നും താങ്ങാനാവാത്തവരാണീ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ.. [നോട്ടു നിരോധിച്ചപ്പോഴും .. ജിഎസ്‌ടി എന്ന മാരണംവന്നപ്പോഴും രാജ്യത്താകെ കാലിച്ചന്ത നിരോധിച്ചപ്പോഴുമൊക്കെ സ്വതം ജീവിതം കൊണ്ട് തന്നെ അതിനെയെല്ലാം നേരിടേണ്ടിവരുന്നവരാണ് ഈ മനുഷ്യർ . അതുകൊണ്ടുതന്നെ ഈ സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളെ മനുഷ്യരായെണ്ണാത്തവരുടെ, “രാജ്യസ്നേഹം” ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

1000 ൽ 12 പേരെ വീതം തൊഴിൽരഹിതരാക്കിയതാണ്

സംഘപരിവാരത്തിന്റെ
“രാജ്യസ്നേഹ”വും ഭരണനൈപുണ്യവും!

സംഘപരിവാർ സർക്കാർ നേരിട്ട് ഇടപെട്ടു ജീവിതത്തിൽ നിന്ന് പുറത്താക്കു ന്നവരുടെ പട്ടികക്ക് ഇവിടെ പറഞ്ഞതിനേക്കാൾ നീളമുണ്ട്‌ന്നു വിശദീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ സർക്കാരിന്റ വകുപ്പുകൾ തന്നെ ശേഖരിച്ചെടുത്തിട്ടുണ്ട്. അതു വെച്ചുകൊണ്ട് 2017 സെപ്റ്റംബർ 23 ലക്കം എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി നടത്തുന്ന പഠനം പറയുന്നത് “സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി 2013-14 മുതലുള്ള മൂന്നു വർഷവും സംഘടിത മേഖലയിൽ പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനു പകരം അത് ” നഷ്ട്ടപ്പെടുത്തുന്ന പ്രക്രീയയാണ് നടക്കുന്ന”തെന്നാണ്! അതായത് ..

@ 15 വയസിനു മുകളിലുള്ളവരെ തൊഴിൽ അന്വേഷകരയെടുത്തുകൊണ്ടുള്ളകണക്കുകൾ പറയുന്നത് 2013 -14 മുതൽ ഇൻന്ത്യയിലെ തൊഴിൽ ലഭ്യത വർഷാവർഷം

0.4 ശതമാനം വീതം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ് . വേറൊരു രൂപത്തിൽ പറഞ്ഞാൽ ഈ മൂന്നു വര്ഷം കൊണ്ട് 37.4 ലക്ഷം തൊഴിലാണ് സംഘടിത മേഖലയിൽ നിന്ന് “എലിമിനേറ്റു” ചെയ്തിട്ടുള്ളത്. സർവേകളിൽ വന്നിട്ടില്ലാത്ത മറ്റു സംഘടിത തൊഴിൽമേഖലകളെക്കൂടി ചേർത്താൽ ഈ സംഖ്യ 53 ലക്ഷം എന്ന് ഉയരും! സംഘടിത മേഖലയിൽ 1993 -94 മുതൽ 2011-12 വരെ ശരാശരി ഒരു ശതമാനമെങ്കിലും തൊഴിൽ വളർച്ച നിലനിർത്തിയിരുന്നു എന്നോർക്കുക.

@ 2014 നും17നുമിടയിലുള്ള 12 ക്വർട്ടറുകളിൽ അവസാന മൂന്നിൽ ഒരു തൊഴിലു പോലും പുതിയതുണ്ടായില്ലന്നു മാത്രമല്ല.. ഉള്ളത് കുറയുകയാണുണ്ടായതെന്നു ഈ പഠനങ്ങൾ പറയുന്നു. അതിങ്ങനെ വിശദീകരിക്കാം.

@ 2010 ഏപ്രിൽ മുതൽ 2012 ഏപ്രിൽ വരെയുള്ള 24 മാസ കാലത്തു തൊഴിൽ ലഭ്യതയിൽ18.15 ലക്ഷം വര്ധനവുണ്ടായപ്പോൾ 2012 ഏപ്രിൽ മുതൽ 2014 ഏപ്രിൽ വരെയുള്ള 24 മാസം പുതിയ തൊഴിൽ ലഭ്യത 6.2ലക്ഷം മാത്രമായിരുന്നു. 2014 ഏപ്രിൽ മുതൽ 2015 ഡിസംബർ വരെയുള്ള 19 മാസമെടുത്താൽ തൊഴിൽ ലഭ്യത വെറും 5.92 ലക്ഷം ആയി വീണ്ടും താണുവത്രേ . ഏപ്രിൽ -ജൂൺ 2016 ലാവട്ടെ പുതിയ തൊഴിൽ വെറും 77000 ആയും ജൂലായ് സെപ്തംബര് ക്വർട്ടറിൽ അത് വെറും 32000 ആയുംവീണ്ടും താണു.

@ ലേബർബ്യുറോയുടെ സ്ഥിതിവിവരക്കണക്ക് പ്രകാരം 2013 -16 [3 ] വർഷങ്ങളിൽ

കാർഷിക മേഖലയിൽ മാത്രം 52.9 ലക്ഷം തൊഴിൽ നഷ്ട്ടപ്പെട്ടു.മയിനിങ്ങിലും ക്വറി കളിലുമായി ഏതാണ്ട് സമാനമായ തൊഴിൽ ചോർച്ചയുണ്ടായി. അതായതു 1 കോടി തൊഴിലാണ് ഇങ്ങനെ എലിമിനേറ്റു ചെയ്യപ്പെട്ടത്.. അത് ചെയ്തിരുന്ന മനുഷ്യർ എവിടെയാപ്പോയി?

@.ജീവിക്കാനുള്ള പാച്ചിലിൽ ഈ മനുഷ്യർ നിർമ്മാണ മേഖലയിലും , വ്യവസായ, കെട്ടിട നിർമ്മാണ മേഖലകളിലും ഒക്കെ ചെന്നടിയണം. ഈ മേഖലകൾ, ഈ പുറത്താക്കപ്പെട്ടവരെ ഉൾക്കൊണ്ടുവോ..? നോക്കുക..

@ നിർമ്മാണ മേഖലയിൽ 2009 മുതൽ12 വരെയുള്ള കാലത്തു ഏതാണ്ട് ഒരു കോടി മനുഷ്യരെപുതുതായി സ്വീകരിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ 2013 -16 കാലത്താകട്ടെ ഇവരിൽ 21 ലക്ഷം പേരെ പറഞ്ഞുവിടുകയും ചെയ്തുവത്രേ! കൂടാതെ നഗരങ്ങളിലെ നിർമ്മാണമേഖലയിൽ നിന്ന്മാത്രം 4.2 ലക്ഷം പേര് പുറത്താക്കപ്പെട്ടു. എന്നാൽ ഇതേകാലത്തു സേവനമേഖലയിൽ 66 ലക്ഷം പുതിയ തൊഴിൽ ഉണ്ടായെന്ന് കണക്കുകൾ കാണിക്കുന്നു…. മൊത്ത/ചില്ലറവ്യാപാരം..പിന്നെ വാഹന റിപ്പയറിങ്എന്നീ മേഖലകളിലാണ് ഈ വളർച്ചയുണ്ടായത്.അപ്പോഴും ഒരു 50 ലക്ഷം മനുഷ്യർ അഥവാ അരക്കോടി ഇന്ത്യക്കാർ ഈ പ്രക്രീയയിൽ അനാഥരായിട്ടുണ്ടെന്നു വ്യക്തമാകുന്നു.

അതായതു തൊഴിൽ പറിച്ചെറിയുന്ന പ്രക്രീയ സമസ്ത മേഖലകളിലും പരന്നു കിടക്കുകയാണ്.. അതിനു സംഘപരിവാരത്തിന്റെ ഭരണകൂടത്തിന് യാതൊരു മരുന്നോ മറുപടികളോ ഇല്ല..!

@ സംഘടിതമേഖലയിലെ തൊഴിൽ ലഭ്യതയുടെ കണക്കിന് കൂടുതൽ ആധികാരികതയുണ്ട്. 2010 -12 കാലത്തു 8 സംഘടിത വ്യവസായ മേഖലകളിൽ നിന്ന് 18.5 ലക്ഷം പുതിയ തൊഴിൽ സൃഷ്ടിച്ചതായാണ് ലേബർ ബ്യൂറോ പറയുന്നത്.അതിൽ 70ശതമാനവും ഐടി / ബി.പി.ഓ മേഖലയുടെ വിഹിതമായിരുന്നു. !എന്നാൽ 2012 -14 കാലത്തു ഈ മേഖലയുടെ മൊത്തം തൊഴിൽ വിഹിതം 6.24 ലക്ഷം മാത്രമായി ചുരുങ്ങി. അതിൽ ഐടി/ബി പി ഓ മേഖലയുടെ തൊഴിൽ വിഹിതം വെറും 1.96 ലക്ഷമായിരുന്നു.പിന്നീട് ഒരിക്കലും ഈ രംഗത്തു പുതിയ തൊഴിൽ സൃഷ്ടിക്കപ്പെട്ടില്ല!! പകരം നിരന്തരമെന്നോണം അവിടെ നിന്ന് തൊഴിലാളികൾ പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2015 മാർച്ചു/ ഡിസംബർ കാലത്തു ഐ ടി/ ബി പി ഓ മേഖല വെറും 8000 പേരെയാണ് പുതുതായി നിയമിച്ചത്. ചുരുക്കിപ്പറഞ്ഞാൽ 2017 ആദ്യ ക്വർട്ടറിൽ രാജ്യത്താകെ പുതിയ തൊഴിൽ എന്ന പേരിൽ വന്നത് കേവലം 34000 എന്ന സംഖ്യയാണ്!

@ 2011 -12ൽ ഇന്ത്യയിലെ 15 വയസിനു മുകളിലുള്ള 1000 പേരിൽ 38 പേര് തൊഴിൽരഹിതർ ആയിരുന്നു. 2015 -16 ൽ ഈ സംഖ്യ 50 ആയിട്ട് വളർന്നു..

1000 ൽ 12 പേരെ വീതം തൊഴിൽരഹിതരാക്കിയെന്നതാണു സംഘപരിവാരത്തിന്റെ രാജ്യസ്നേഹത്തിന്റെയും ഭരണ നയപുണ്ണ്യത്തിന്റെയും തെളിവ്.. ഭരണകൂടഅധികാരം സാധാരണ ജനങ്ങളെ അനാഥരാക്കികൊണ്ടു, അതിസമ്പന്നരെ പോറ്റാനുള്ള ആയുധമാക്കുകയാണ് സംഘപരിവരവും,അവരുടെ പ്രധാനമന്ത്രിയും എന്ന് സാരം.

തൊഴിൽ പറിച്ചെറിയുന്ന വികസനം..

പ്രതിവർഷം1.3കോടി ചെറുപ്പക്കാർ ബിരുദങ്ങളുമായി പഠിച്ചിറങ്ങുന്ന രാജ്യത്തെ തൊഴിൽ ലഭ്യതയുടെ കഥായാണിവിടെ പറഞ്ഞത്.

@ വർഷത്തിൽ 30ദിവസം പണിലഭിക്കുന്നവരെഎല്ലാം തൊഴിലുള്ളവരായി കണക്കാക്കിയാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കണക്കാക്കുന്നത്. ഏറ്റവും വലിയ തമാശകളിലൊനാണിത് ..ഈ രീതിവെച്ചളന്നാൽ നമ്മുടെ തൊഴിലില്ലായ്മ നിരക്ക് വെറും 3 .7 ശതമാനം മാത്രമാണ്.എന്നാൽ കുറഞ്ഞത് പ്രതിവർഷം 183 ദിവസമെങ്കിലും തൊഴിൽ ലഭിക്കാത്തവരെ തൊഴിൽ രഹിതരായി കണക്കാക്കിയാൽ തൊഴിൽ ചെയ്യാൻ പ്രാപ്തരായ നൂറു പേരിൽ 6 പേർക്ക് ഇവിടെ തൊഴിലില്ല.അങ്ങനെ നോക്കിയാൽ നഗരങ്ങളിൽ 6 ശതമാനവും ഗ്രാമീണരിൽ 5.4 ശതമാനവും തൊഴിലില്ലാത്തവരാണെന്നു 2017 നവംബറിലെ CMIE യുടെ സ്‌ഥിതിവിവരക്കണക്കുകൾ പറയുന്നുണ്ട്.

@ പ്രതിവർഷം കുറഞ്ഞത് 1.3 കോടിചെറുപ്പക്കാർ ബിരുദങ്ങളുമായി തൊഴിൽ കമ്പോളത്തിൽ വന്നു നിറയുമ്പോളാണ് പിറകോട്ടു സഞ്ചരിക്കുന്ന തൊഴിൽ വളർച്ചയുണ്ടാവുന്നതു. ഇന്ത്യയിൽ 58 ശതമാനം ബിരുദധാരികളും62 .4 ശതമാനം ബിരുദാനന്തര ബിരുദധാരികളും അവരുടെ യോഗ്യതക്കും കഴിവിനും അനുസരിച്ചുള്ള പണികിട്ടാത്തവരാണ്.22.8 ശതമാനം ബിദുദധാരികളും 21.5 ശതമാനം ബിരുദാനന്തര ബിരുദമുള്ളവരും വളരെ കുറച്ചു കൂലിക്കാണ് ജോലിചെയ്യുന്നതെന്നും കണക്കുകൾ പറയുന്നു. എന്നാൽ രാജ്യത്തെ 4.3 ശതമാനം തൊഴിൽ രഹിതർ മാത്രമാണ് തൊഴിലിനു വേണ്ടി സർക്കാർ എംപ്ലോയ്‌മെന്റ് എക്സ്ച്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നുകൂടി ഓർത്തേക്കാം.

@ സ്ഥിരമെന്നു വിശേഷിപ്പിക്കാവുന്ന തൊഴിൽ എടുക്കുന്നവരിൽ തന്നെ 65 ശതമാനം തൊഴിലാളികളും യാതൊരു തൊഴിൽ കരാറുകൾക്കും വിധേയരായല്ല പണിയെടുക്കുന്നത്. കരാർ തൊഴിലാളികളിൽ 68 ശതമാനത്തിനും 95ശതമാനം കാഷ്വൽ തൊഴിലാളികൾക്കും തൊഴിലുടമയുമായി യാതൊരു തൊഴിൽ കരാറുകളും ഇല്ലെന്നതാണ് ക്രൂരമായ മറ്റൊരു സത്യം. ഏത് സമയവും വലിച്ചെറിയാവുന്ന ,പുറത്താക്കപ്പെടാവുന്നവരുടെ പടയാണ് ഇന്ത്യൻ തൊഴിലാളി വർഗം എന്ന് തന്നെ!

@2016 – 2017ലെ ഡിപാർട്മെന്റ് ഓഫ് ടെലികോം വാർഷികറിപ്പോർട്ട് അവകാശപ്പെടുന്നത് രാജ്യത്തു 2 ദശലക്ഷം പേർക്ക് പ്രത്യക്ഷമായും അത്രതന്നെ ആളുകൾക്ക് പരോക്ഷമായും ഇന്ത്യൻ ടെലികോംവ്യവസായം തൊഴിൽ നല്കുന്നുവെന്നാണ്. എന്നാൽ ഈ മേഖലയിലെ കമ്പനികൾ തമ്മിലുള്ള ലയനവും പിടിച്ചടക്കലുംപിന്നെ അനുദിനമുള്ള യെന്ത്രവൽക്കരണവും മൂലം പ്രതിവർഷം 10 ശതമാനം മനുഷ്യരെ വെച്ച് ഈ മേഖലയിൽ നിന്നു പറഞ്ഞുവിടുന്നുവെന്നതാണ് സത്യം. 2017 -18 ലെ കേന്ദ്ര ബജറ്റിൽ കാണിച്ച ടെലികോം മേഖലയിലെ വരുമാനത്തിന്റെ40 % മാത്രമാണ് 2017 സെപ്തംബര് മാസം വരെ ഖജനാവിലെത്തിയെതെന്നു കാണുമ്പോൾ.. ടെലികോം മേഖലയിലെ തൊഴിൽ നഷ്ട്ടം വളരെ ഭീകരമായ അളവിൽ ആധീകരിയ്ക്കും എന്നുറപ്പിക്കാം.

@ 3 കോടിയോളം ഇന്ത്യക്കാർ പണിയെടുക്കുന്ന നിർമ്മാണ /വസ്ത്ര വ്യവസായ മേഖലകളിൽ നിന്നുള്ള വാർത്തകൾ ഒട്ടും ശുഭകരമല്ല.നിർമ്മാണമേഖലയിലെ ജയന്റ് എന്ന് വിശേഷിപ്പിക്കുന്ന ലാര്സണ് ആൻഡ് ടാബ്‌റൂ കഴിഞ്ഞ 4 ക്വർട്ടറുകളിലായി അവരുടെ 11 ശതമാനം തൊഴിലാളികളെയാണ് പറഞ്ഞുവിട്ടത്.

വസ്ത്ര വ്യവസായ മേഖലയിലും കെട്ടിടനിർമ്മാണ മേഖലയിലും നോട്ടു നിരോധനവും ജിഎസ്ടിയും വഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലിന്റെ കണക്കുകൾ വേറെ കൂട്ടണം.

@ സംഘടിത മേഖലയിൽ, ബാങ്കിങ്, തുടങ്ങിയ സേവനരംഗങ്ങളിലെല്ലാം വ്യാപകമായ യെന്ത്രവൽക്കരണം വളരെ വലിയ അളവിൽ തൊഴിൽ നഷ്ട്ടപ്പെടുത്തത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഏച് ഡി എഫു് സി ബാങ്ക് മാത്രം 11000 പേരെ ഒഴിവാക്കി..എസ്സ് ബാങ്ക് 2500 പേരെയാണ് ഒഴിവാക്കിയത്. ഓട്ടോമേഷൻ മൂലം 2020 ആകുമ്പോഴേക്കും ഐറ്റി /ബീ പി ഓ മേഖലയിൽ നിന്ന് മാത്രം കുറഞ്ഞതു 39 ലക്ഷം പേര് പുറത്താകുമെന്നാണ് മെക്കൻസിയുടെ റിപ്പോർട്ടു പറയുന്നത്.ഇതാണ് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. അതു പക്ഷെ മൂന്നര വർഷമായി രാജ്യം ഭരിക്കുന്ന സംഘപരിവാരത്തിന്റെ പരിഗണനാവിഷയമേയല്ല.! മൂലധനവും അതിന്റെ ദല്ലാൾമാറായി മാറിയ ഭരണകൂടങ്ങളും ചേർന്ന് പുതിയ തലമുറയ്ക്ക് “കുഴികുത്തി വിളമ്പുന്ന എച്ചിലിന്റെ” ഉള്ളടക്കം എന്താണെന്നു കൂടി നോക്കാം .

പുതിയ തലമുറക്ക് കൂലിത്തൊഴിൽ മാത്രം!

ദേശീയ ഗവണ്‍മെന്‍റിന്‍റെ വെബ്സൈറ്റ് പരതിയാല്‍ കിട്ടുന്ന ഒരു കണക്കുണ്ട്, ഇന്ത്യന്‍ പൊതുമേഖലയിലെ സ്ഥിരം തൊഴിലുകളുടെ എണ്ണം അതിഭീകരമായ അളവില്‍ കുറഞ്ഞു വരുന്നതിന്‍റെ സ്ഥിതിവിവരക്കണക്കാണത്. ഇതില്‍ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്നില്ല എന്നുവെച്ചാല്‍ പുതിയ തലമുറയിലെ മഹാഭൂരിപക്ഷവും ഉള്‍പ്പെടുന്നില്ല!

പൊതുമേഖലയിലെ സ്ഥിരം തൊഴില്‍ശക്തി

2006-07 16.14 ലക്ഷം

2007-08 15.65 ലക്ഷം

2008-09 15.33 ലക്ഷം

2009-10 14.90 ലക്ഷം

2010-11 14.40 ലക്ഷം

2011-12 13.98 ലക്ഷം

അതായത് 6 വര്‍ഷം കൊണ്ട് 2,16,000 സ്ഥിരം തൊഴില്‍ തസ്തികകള്‍ ഇല്ലാതായി! 1988 മുതല്‍ 31.3.2012 വരെയുള്ള കാലത്ത് ഇന്ത്യന്‍ പൊതുമേഖലയില്‍ നിന്ന് നിര്‍ബന്ധിത വി. ആര്‍. എസ് നല്‍കി പിരിച്ചയക്കപ്പെട്ടവര്‍ 6.18 ലക്ഷം തൊഴിലാളികളാണ്! ഇതിങ്ങനെ സംഭവിക്കുമ്പോഴാണ് 34% തൊഴിലും താല്‍ക്കാലിക/കരാര്‍/കൂലി തൊഴിലാളികളാണ് എന്ന സത്യം നമ്മെ നോക്കി പരിഹസിക്കുന്നത്..അതായത് 13.98 ലക്ഷം സ്ഥിരം തൊഴിലാളികളുള്ള ഇന്ത്യന്‍ പൊതുമേഖലയില്‍ 4.66 ലക്ഷം പേര്‍ കരാര്‍/കൂലി തൊഴിലാളികളാണ്. അവര്‍ തീര്‍ച്ചയായും പുതിയ തലമുറക്കാര്‍ തന്നെ! ഈ വികസനരേഖയില്‍ അവരില്ല.

2014-ല്‍ പ്രസിദ്ധീകരിച്ച കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്‍റെ ഒരു സര്‍വ്വെ ഫലം പറയുന്നത് ഇന്ത്യയിൽ പഠിക്കാത്തവര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 3.7 ശതമാനമാണന്നാണ്. എന്നാല്‍ 15-29 പ്രായക്കാരായ ചെറുപ്പക്കാരായ വിദ്യാസമ്പന്നരുടെ ഇടയിലെ തൊഴിലില്ലായ്മാ നിരക്ക് അതിന്‍റെ പത്ത് മടങ്ങാണുപോലും! 36.6% ഗ്രാമീണ യുവജനങ്ങള്‍ തൊഴില്‍ രഹിതരാണെങ്കില്‍ നഗരത്തിലത് 26.5% ആണ്. നമ്മുടെ നാടിന്‍റെ വളര്‍ച്ചാനിരക്ക്, നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല എന്നാണര്‍ത്ഥം! അവിടെയും യുവാക്കളില്ല.

ഇനിയൊരു അസോച്ചം പഠനറിപ്പോര്‍ട്ടാണുള്ളത്. 2014 ഫെബ്രുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് നമ്മളെ ഞെട്ടിപ്പിക്കേണ്ട വാര്‍ത്ത തന്നെ. കഴിഞ്ഞ ഒറ്റ വര്‍ഷത്തെ സംഘടിതമേഖലയിലെ കരാര്‍ തൊഴിലാളികളുടെ വര്‍ദ്ധനവ് 39% ആയിരുന്നുവത്രെ! എന്നാല്‍ സ്ഥിരസ്വഭാവമുള്ള തൊഴില്‍ വളര്‍ച്ചാനിരക്ക് 25% ല്‍ താഴെ മാത്രം! “ഇന്ത്യയില്‍ താല്‍ക്കാലിക തൊഴില്‍ ഒരു സ്ഥിരം പ്രതിഭാസമാവുന്നു.. ഇന്ത്യന്‍ തൊഴില്‍ ശക്തി ‘കാഷ്വലാ’ വുന്നു” എന്നാണ് അസോച്ചത്തിന്‍റെ പഠനറിപ്പോര്‍ട്ടിന്‍റെ തലവാചകം തന്നെ! മുതലാളിമാര്‍ ‘പഠിച്ചാലും’ പഠനം സത്യം പറയും! അവിടെയും യുവജനങ്ങള്‍ കൂലിക്കാര്‍ തന്നെ!

ഈ റിപ്പോർട്ട് റിപ്പോര്‍ട്ട് പറയുന്നതു പ്രകാരം ഇന്ത്യന്‍ ടെലികോം മേഖലയിലെ 60% തൊഴിലും താല്‍ക്കാലിക-കരാര്‍ പണി ആണ് ! ഓട്ടോ മൊബൈല്‍ രംഗത്ത് 56 ശതമാനം കരാര്‍ പണിക്കാരാണുള്ളത്. നിര്‍മ്മാണം 52%; ധനകാര്യമേഖല 51%; ഐടി-ബി.പി. ഓ 42%; വിനോദയാത്ര/ഹോട്ടല്‍ 35%; ഫാര്‍മ/ഹെല്‍ത്ത്കെയര്‍ 32%; വിദ്യാഭ്യാസം 54% എന്നിങ്ങനെയാണ് കൂലിതൊഴിലാളിപ്പടയുടെ കണക്ക്! ചുരുക്കത്തില്‍ ഇന്ത്യയിന്ന് കൂലിതൊഴിലാളികളുടെ നാടായി തീര്‍ന്നിരിക്കുന്നു! കരാര്‍ തൊഴിലാളിപ്പടയില്‍ “ശാസ്ത്രകാരന്മാര്‍, ഡോക്ടര്‍മാര്‍, ബിസിനസ് മാനേജര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ തുടങ്ങിയവരൊക്കെ ധാരാളമായുണ്ടെന്ന്” റിപ്പോര്‍ട്ട്ഈ പറയുന്നു!

അസോച്ചം സെക്രട്ടറി ജനറല്‍ ഡി.എസ്.റാവത്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് പറഞ്ഞ വാചകം ഈ കൂലിത്തൊഴിലാളികളുടെ ഇന്ത്യയെന്തെന്നു വ്യക്തമാക്കുന്നുണ്ട് ! “ഒരേ സ്വഭാവമുള്ള തൊഴിലിന് സ്ഥിരം തൊഴിലാളിക്ക് നല്‍കുന്ന കൂലിയുടെ മൂന്നിലൊന്നിലും താഴെയാണ് കരാര്‍ തൊഴിലാളിക്ക് നല്‍കുന്നത്.കരാര്‍ തൊഴിലാളിക്ക് യാതൊരു തൊഴില്‍ സുരക്ഷയുമില്ല.. ആരോഗ്യസഹായം, ഗ്രാറ്റിവിറ്റി, പ്രോവിഡന്‍റ് ഫണ്ട്, വിദ്യാഭ്യാസസഹായങ്ങള്‍, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്,അവധി ആനുകൂല്യങ്ങള്‍ തുടങ്ങിയവയൊന്നും അവര്‍ക്കില്ല…”

മൂന്നര കൊല്ലത്തെ സംഘപരിവാർ ഭരണം ഈ പറഞ്ഞ അവസ്ഥക്ക് എന്തെകിലും മാറ്റം ഉണ്ടാക്കിയോ..? ചെറുപ്പക്കാരെ ആത്മാഭിമാനമുള്ള മനുഷ്യരാക്കാൻ എന്തെകിലും ചെയ്തുവോ..? ഇല്ലന്ന് മാത്രമല്ല നേരത്തെ വിശദീകരിച്ചപോലെ കൂലിത്തൊഴിൽ സാർവ ത്രികവലക്കരിക്കുകയും.. അതുപോലും കിട്ടാക്കനിയാക്കുകയുമാണവർ ചെയ്തുകൊണ്ടിരിക്കുന്നത്. തൊഴിലില്ലാപ്പടയുടെ[Reserve Army of Labour] “ദേശീയ ആർമി ” രൂപീകരിച്ചുകൊണ്ടു മൂലധനത്തിന്റെ ഇന്ത്യയിലെ ഏറ്റവും വിശ്വസ്‌ഥരായാ ദല്ലാമാരാകുകയാണ് സംഘപരിവാരം. ഈ പ്രക്രീയക്ക് വേണ്ടി അവർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബിരുദവ്യവസായത്തിന്റെയും വിദ്യാഭ്യാസവ്യവസായത്തിന്റെയും ഉള്ളടക്കം വേറെ തന്നെ പരിശോധിക്കണം. എന്നാൽ അത് രണ്ടും ചേർന്നു രാജ്യത്തെ സാധാരണ മനുഷ്യരെയാകെ കൊണ്ടെത്തിച്ചിരിക്കുന്ന അനിശ്ചിതത്തിന്റെയും അസുരക്ഷിതത്തിന്റെയും ഒരേകദേശചിത്രം ഇവിടെ നമുക്ക് ചർച്ചചെയ്യേണ്ടതുണ്ട്.

ബിരുദങ്ങൾക്കു ആ കടലാസിന്റെ വില പോലുമില്ലാത്ത സാമൂഹ്യപ്രതിസന്ധിയിലാണ് രാജ്യം .

പ്രമുഖ സാമ്പത്തികശാസ്ത്ര അദ്ധ്യാപകരില്‍ ഒരാളായ ശ്രീ. ആര്‍. ശ്രീനിവാസന്‍റെ ഒരു ലേഖനമുണ്ട്. ബാംഗ്ലൂരുവിലെ പ്രമുഖമായൊരു ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം ഒരു പ്രഭാഷണത്തിന് പോയി. 110 കുട്ടികളാണവിടെ ജേര്‍ണലിസം ബിരുദത്തിന് ഒരു ബാച്ചിലുള്ളത്. 8 വര്‍ഷമായി സ്ഥാപനം തുടങ്ങിയിട്ട്…. പ്രസംഗം കഴിഞ്ഞ് സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിനോട് ഇത്തരത്തില്‍ ബാംഗ്ലൂരുവില്‍ വേറെ എത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടെന്ന് അദ്ദേഹം തിരക്കി. 72 എണ്ണം എന്നായിരുന്നു കിട്ടിയ മറുപടി! 110 പേര്‍ കുറഞ്ഞത് ഒരു ബാച്ചില്‍ പ്രവേശനം തേടുന്നു എന്നുവെച്ചാല്‍, ഓരോ വര്‍ഷവും ബാംഗ്ലൂരു നഗരം മാത്രം 7920 ജേര്‍ണലിസ്റ്റുകളെ സൃഷ്ടിക്കും! ഇതേപോലെ ഒരു 20 നഗരങ്ങളെങ്കിലും ഇന്ത്യയില്‍ ഉണ്ടാവാതിരിക്കില്ല… 1,58,400 ജേര്‍ണലിസ്റ്റുകള്‍ എങ്കിലും ഇന്ത്യന്‍ മീഡിയാ കമ്പോളത്തില്‍ തൊഴില്‍ തേടുന്നവരായി പ്രതിവര്‍ഷം അങ്ങനെ സൃഷ്ടിക്കപ്പെടുകയാണ്!! ചെറുനഗരങ്ങളിലും, യൂണിവേഴ്സിറ്റികൾ, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടുകൾ,പത്രമാദ്ധ്യമസ്ഥാപനങ്ങൾ തുടങ്ങിയവ കൂടി പരിഗണിച്ചാൽ ജേര്‍ണലിസ്റ്റുകളായി തീരുന്നവരുടെ ഒരുവലിയ ‘പട’രൂപപ്പെടുകയാണ് !ഇന്ത്യൻ മാധ്യമ കമ്പോളത്തിന് ഇവരില്‍ എത്ര ശതമാനത്തെ ഉള്‍ക്കൊള്ളാനാവും? അനസ്യൂതം പെരുകുന്ന ഈ ജേര്‍ണലിസ്റ്റുസമൂഹത്തെ സൃഷ്ടിക്കുന്നതുവഴി മൂലധനഉടമകളും കമ്പോളവും എന്തൊക്കെയാണ് അടിച്ചുമാറ്റുന്നത്? ഈ ചോദ്യങ്ങളൊന്നും ചോദിക്കാതെ നമ്മള്‍, വീണ്ടും വായ്പ എടുക്കുകയാണ്. ബിരുദം വാങ്ങി വെയ്ക്കുകയാണ്! അദ്ദേഹം പറയുന്നു. സമാനമാണ്

മാനേജ്മെന്‍റ് ബിരുദത്തിന്‍റെ കാര്യം! ഇതിന്‍റെ പത്തു മടങ്ങ് കുട്ടികള്‍ ഈ രംഗത്ത് നിന്ന് ബിരുദധാരികളാവുന്നു! ഐടി പ്രൊഫഷണല്‍സ് അതിലുമധികം വരും… എഞ്ചിനീയര്‍മാരുടെ എണ്ണം സങ്കല്‍പ്പാതീതമാണ്!”

മിക്കവാറും ഇവരിലധികവും വിദ്യാഭ്യാസ ബിരുദ വ്യവസായത്തിൽ ലഭ്യമായ എല്ല്ലാ “കടലാസു ബിരുദങ്ങളും ബിരുദാനന്തര കടലാസുകളും ” കരസ്ഥമാക്കി തൊഴിലില്ലാപ്പടയിലെ മെജർമാരും ലെഫ്റ്റനന്റുകളുമായി “സേവനം” അനുഷ്ഠിക്കുകയാണ്!.

“യഥാര്‍ത്ഥത്തില്‍ പ്രതിവര്‍ഷം ഒന്നര കോടി തൊഴിലവസരങ്ങള്‍ എങ്കിലും സൃഷ്ടിക്കാതെ നമ്മുടെ യുവജനസമൂഹത്തെ രാജ്യത്തിന് ഉള്‍ക്കൊള്ളാനാവില്ല! മാന്യമായി ജീവിക്കുന്ന മനുഷ്യരായി അവര്‍ക്ക് മാറാന്‍ തൊഴില്‍ കിട്ടണം. എന്നാല്‍ പ്ലാനിംഗ് കമ്മീഷന്‍ രേഖ പറയുന്നത്..സ്വകാര്യ-സര്‍ക്കാര്‍മേഖലകളിലൊന്നും കഴിഞ്ഞ 2 പതിറ്റാണ്ടായി പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നാണ്. വരുന്ന രണ്ടു ദശാബ്ദവും ഈ നില തുടരുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങള്‍ നമ്മള്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഈ നയങ്ങളുമായി മുന്നോട്ട് പോകുകയോ, ഈ നയങ്ങള്‍ തീവ്രമാക്കുകയോ ചെയ്യുന്നതുവഴി ഈ പഠിച്ചിറങ്ങുന്ന തലമുറക്ക് ‘അച്ചേദിന്‍’ വരുകയില്ലെന്ന് ” അദ്ദേഹം പറയുന്നു.! അത് പക്ഷേ ഈ ബിരുദങ്ങളെല്ലാം വാങ്ങികൂട്ടിയ മക്കളും, അവരുടെ രക്ഷിതാക്കളും അവര്‍ വിശ്വാസം അര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരും ഏറ്റവും അവസാനം അവര്‍ തെരഞ്ഞെടുത്ത സംഘപരിവാർ ഗവണ്‍മെന്‍റും മനസിലാക്കുന്നില്ലെന്നതാണ് ഖേദകരം.

മൂലധനസേവയുടെ പരിണാമം

മകനെ അല്ലെങ്കിൽ മകളെ എഞ്ചിനീയർ ആക്കാൻ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും രക്ഷിതാക്കൾ ചെലവിടുകയാണ്! അഥവാ 10 ലക്ഷം രൂപ വരെ ലോണെടുക്കുന്നു. 20000 രൂപ പ്രതിമാസം വേതനം കിട്ടുമ്പോൾ അതിന്റെ പലിശ പോലും ആവുമോ.? അതും ഒപ്പം ജീവിക്കാനുള്ള ചെലവുകളും കൂട്ടിചെര്തിട്ടുവേണ്ടേ കൂലി ലഭിക്കേണ്ടത്? മാന്യമായ വേതനത്തോടെ എഞ്ചിനീയർ ആയി ജോലികിട്ടിയാൽ ആ വായ്പ ഉൽപ്പാദനപരമായ നിക്ഷേപമാണ് എന്നതിൽ തർക്കമില്ല ! അതുവീണ്ടും സമൂഹത്തിൽ കൂടുതൽ കൂടുതൽ സാമ്പത്തിക പ്രവർത്തങ്ങൾക്ക് തുടക്കമിടുമെന്നതിലും സംശയമില്ല.!പക്ഷെ അത് നടക്കുന്നില്ലങ്കിൽ ഈ സമ്പത്തു മുഴുവൻ എവിടെയാണ് ചെന്നു ചേരുന്നത് ?വിദ്യാഭ്യാസ വ്യവസായികൾ മുതൽ നക്കാപ്പിച്ചക്കു എൻജിനീയറെ വച്ച് പണിയെടുപ്പിക്കുന്ന വ്യവസായലോകം വരെയാണ് അതിന്റെ ഗുണഭോക്താക്കെളെന്നു ആർക്കാണ് അറിയാത്തതു? . അവർക്കതിനുള്ള അവസരം ഒരുക്കുന്ന വിദ്യാഭാസവ്യവസായമാണ് രാജ്യത്താകെ ഇന്ന് നിലനിൽക്കുന്നത്. അത്തരമൊരു വിദ്യാഭ്യാസവ്യവസായത്തെ വീണ്ടും വീണ്ടും “മൂലധനസൗഹൃദമാക്കുന്ന” പ്രക്രീയയാണ് സംഘപരിവാർ ഗവൺമെന്ന് മൂന്നര വർഷമായി തീവ്രമായി നടപ്പാക്കിക്കൊണ്ടിരിക്കുതും.എന്തിനാണ് ഇങ്ങനെ വായ്പ വാങ്ങി എഞ്ചിനീയറും നേഴ്സുമാകുന്നത്? എന്തുകൊണ്ടാണ് കൂലി മാത്രം വളരെ കുറഞ്ഞിരിക്കുന്നത്? എഞ്ചിനീയർമാരുടെ മഹാസഞ്ചയം തീർത്തുകൊണ്ടിരിക്കുന്ന പ്രക്രീയ കുറഞ്ഞത് കഴിഞ്ഞ 15 വർഷമായി രാജ്യത്താകെ അഭംഗുരം തുടരുകയാണ്.. ഈ സാമൂഹ്യ യാഥാർഥ്യങ്ങളൊന്നും തിരിച്ചറിയാതെ മൂലധനസേവതുടരുന്നവരെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണ്..?

വിദ്യാഭ്യാസവ്യവസായികൾ തൊഴിലില്ലാപ്പടയെ വീണ്ടും വീണ്ടും മൂലധനസമാഹരണത്തിലും ലാഭം പെരുപ്പിക്കാനും വേണ്ടി എങ്ങനെ ഉപയോഗിക്കുന്നുവെന്ന്, ഏറെ പുരോഗതി നേടിയ കേരളത്തിലെ അനുഭവം വെച്ച് ഒന്ന് കണ്ടു നോക്കുക.

കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായി ഏകദേശം 35000 പേരും; അനദ്ധ്യാപകരും ജീവനക്കാരുമായി 10,000ല്‍പ്പരം ആളുകളും ജോലി ചെയ്യുന്നുണ്ട്. വളരെ തുച്ഛമായ ശമ്പളമാണിവിടെ നല്‍കപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസവും പ്രവര്‍ത്തിപരിചയവുമുള്ള അദ്ധ്യാപകര്‍ക്കുപോലും സംഘടിക്കാനോ വിലപേശാനോ സ്വാതന്ത്ര്യമില്ല… സ്വാശ്രയമേഖലയില്‍ കേരളത്തില്‍ 15 മെഡിക്കല്‍കോളജ്, 150ല്‍പ്പരം എഞ്ചിനീയറിംഗ് കോളേജുകള്‍ 130 ബി.എഡ് കോളേജുകള്‍; 500-ല്‍പ്പരം ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകള്‍, 15 ആയുര്‍വേദ കോളജ്. 70 നേഴ്സിംഗ്, 15 ദന്തല്‍, 30 ഫാര്‍മസി കോളജുകള്‍, 4 ലോ കോളജ് എന്നിവയിലാകെയായിട്ടാണ് 45,000 ല്‍പ്പരം അദ്ധ്യാപകരും അനദ്ധ്യാപകരും കൂലിപ്പണി എടുക്കുന്നത്. മാനേജ്മെന്‍റ്, ഹോട്ടല്‍ ആന്‍റ് ക്യാറ്ററിംഗ്, ട്രാവല്‍ ആന്‍റ് ടൂറിസം തുടങ്ങി സ്വാശ്രയ മേഖലയില്‍ നിരവധി കോളേജുകള്‍ വേറെ ഉണ്ടെന്ന് കൂടി ഓര്‍ക്കുക!അവര്‍ക്കാര്‍ക്കും ഒരു സാമൂഹിക സുരക്ഷാപദ്ധതികളോ, പിഎഫോ, ഗ്രാറ്റിവിറ്റിയോ, അവകാശപ്പെട്ട അവധികളോ, പെന്‍ഷനോ, ഒന്നും ലഭ്യമാക്കാന്‍ നിലവിലെ തൊഴില്‍നിയമങ്ങള്‍ അനുവദിക്കാത്തതല്ല…! അത്തരം നിയമങ്ങള്‍ ഒക്കെ തിരസ്കരിച്ചാലെ നിങ്ങള്‍ക്കിവിടെ പണിതരാനാവൂ എന്നാണ് നിലപാട്… 8000 രൂപാ മുതല്‍ 25,000 രൂപാവരെയുള്ള ശമ്പളനിരക്കാണ് അദ്ധ്യാപകര്‍ക്കുള്ളത്… അനദ്ധ്യാപകര്‍ക്ക് 1000 മുതല്‍ 10,000 വരെയും! എങ്ങനെയാണ് നമ്മുടെ പുതിയ ‘കാലം’ മനുഷ്യരോട് പെരുമാറുന്നതെന്നറിയാന്‍ വേറെ ‘തൊഴുത്തുകളൊന്നും’ അന്വേഷിച്ചു നടക്കേണ്ടതില്ല.

25 ലക്ഷം അസംഘടിതമായതൊഴിൽ മറ്റു സംസ്ഥാനത്തുള്ള തൊഴിലാളികൾക്ക് ഒരുക്കിക്കൊടുക്കുന്ന കേരളസമൂഹത്തിന്റെ അവസ്ഥയാണിത്. ഇവിടെ 47.4 ശതമാനം തൊഴിലെടുക്കാനാവുന്ന സ്ത്രീകൾ തൊഴിൽ രഹിതരായി കഴിയുന്നുവത്രെ !.കേരളത്തിന്റെ തൊഴിലില്ലായ്മാനിരക്ക് ദേശീയ നിരക്കിനേക്കാൾ രണ്ടു ശതമാനം അധികമാണ്.7 .4 %15 നും 29 നുമിടയിൽ പ്രായമുള്ള ഗ്രാമീണരായ തൊഴിൽരഹിതർ 21.7ശതമാനമാണ്. നമ്മുടെ നഗരങ്ങളിലെ 18 ശതമാനം ചെരുപ്പക്കര്ക്കും തൊഴിലില്ല.2016 ലെ പ്ലാനിങ് ബോർഡിന്റെ ഇക്കണോമിക് റിവ്യൂ പറയുന്നത് കേരളത്തിൽ മേഖലയിൽ നിരന്തരം തൊഴിൽ സാദ്ധ്യതകൾ കുറയുന്നുവെന്നാണ്.കഴിഞ്ഞ 15 വർഷത്തിനിടയിൽ നാല് ശതമാനം സംഘടിതമേഖല തൊഴിൽ ഇവിടെ ഇല്ലാതായിട്ടുണ്ട്. കൂലിത്തൊഴിലിന്റെ രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്ന കടുത്ത ചൂഷണത്തിന്റെ കേരളാ പതിപ്പ് ഇവിടെ പറഞ്ഞുവെന്നേയുള്ളു!

അപ്പോൾ തികച്ചും അസംഘടിതരും ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത മറ്റു സംസ്ഥാനങ്ങളുടെ കഥ എത്ര ഭീകരമായിരിക്കും! ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മൊത്തം സ്ഥിതി പാറയേണ്ടതുണ്ടോ! ഈ കടുത്ത സാമൂഹ്യഅസമത്വങ്ങൾ നിരന്തരം പെരുപ്പിക്കുവാനുള്ള പദ്ധതികളുമായി ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ്സംഘപരിവാർ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. കേൾക്കുക ഒരു സംഘപരിവാർ മന്ത്രി പറയുന്നത്!

“തൊഴിലവസരങ്ങൾ കുറയുന്നത് ഒരു നല്ല ലക്ഷണമാണ്!”

ലേയോഫിനെക്കുറിച്ചും,തൊഴിൽ നഷ്ടത്തെക്കുറിച്ചും,പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവാതിരിക്കുന്നതിനെക്കുറിച്ചുമൊക്കെ വിവേകമുള്ളവരെല്ലാം ഉത്കണ്ഠപ്പെടുമ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി ഈ കഴിഞ്ഞ മാസം പറഞ്ഞത് “തൊഴിൽ അവസരങ്ങൾ കുറയുന്നത് വളരെ നല്ലൊരു ലക്ഷണ”മാണെന്നായിരുന്നു! ലോകസാമ്പത്തിക ഫോറത്തിന്റെ ഇന്ത്യൻ പതിപ്പായ “ഇന്ത്യൻ സാമ്പത്തിക സമ്മിറ്റിൽ” ആണ് മന്ത്രിയുടെ മഹത്തായ നിരീക്ഷണം വിളമ്പിയത് എന്നോർക്കണം. രാജ്യത്തെ വ്യവസായപ്രമുഖരെല്ലാം നാട്ടിലെ തൊഴിൽ രംഗത്തെക്കുറിച്ചു ഉത്കണ്ഠപ്പെടുകയും അടിയന്തിരമായ ഇടപെടൽ നടന്നില്ലെങ്കിൽ വളരെ വലിയ സാമൂഹ്യ പ്രതിസന്ധികൾ ഉടെലെടുക്കുമെന്നും പറയുന്നതിനിടയിലാണ് ബിജെപി മന്ത്രിയുടെ ഈ പ്രഖ്യാപനം. ഭാരതി ഏയർടെൽ ചെയർമാൻ സുനിൽ മിത്തൽ തന്റെ പ്രസംഗത്തിൽ പറഞ്ഞത് “കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുനൂറു കമ്പനികളെങ്കിലും അവരുടെ തൊഴിൽശക്തി ഗണ്യമായ അളവിൽ വെട്ടിക്കുറച്ചുകഴിഞ്ഞു. ഈ 200 വലിയ കമ്പനികൾ ഇനിയും പുതിയ തൊഴിൽ സൃഷ്ട്ടിക്കുന്നില്ലങ്കിൽ .. ഇന്ത്യൻ വ്യവസായലോകത്തിനു ഇന്ത്യൻ സമൂഹത്തെ അവരുടെ കൂടെ നിർത്തുവാനും കൊണ്ടുപോകാനും വളരെ വളരെ പ്രയാസമായിരിക്കും..” അതിന്റെ ഒരേയൊരർത്ഥം “നമ്മൾ ദശലക്ഷക്കണക്കിനു മനുഷ്യരെ പുരോഗതിയിലേക്കല്ല മറിച്ചു സാമൂഹ്യമായി പിറകോട്ടു വലിച്ചുകൊണ്ടുപോകുക തന്നെയാവും ചെയ്യുക” മിത്തൽ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുതലാളിമാരിലൊരാളാണിതു പറയുന്നതെന്നോർത്തേക്കാം . തുടർന്നാണ് നമ്മുടെ സംഘപരിവാർ മന്ത്രിയുടെ മഹത്തായ വചനങ്ങൾ പിറന്നത്. ” കമ്പനികൾ തൊഴിൽവെട്ടിക്കുറക്കുന്നതു ഒരു നല്ല ലക്ഷണമാണ്. വസ്തുത എന്താണ്..?ചെറുപ്പക്കാർ ഇന്ന് വെറും തൊഴിൽ അന്വേഷകർ മാത്രമല്ല. അവർക്കു തൊഴിൽ സൃഷ്ട്ടാക്കളാകണം.കൂടുതൽ കൂടുതൽ ചെറുപ്പക്കാർ വ്യവസായികളാകുന്ന കാഴ്ച്ചയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത് ” മന്ത്രി പറയുന്നു!! എന്താണ് ഇങ്ങനെയൊക്കെ ഇവരെക്കൊണ്ട് പറയിക്കുന്നതിന്റെ ചേതോവികാരം എന്നത് വേറെ പരിശോധിക്കേണ്ട വിഷയമാണ്. അതവിടിരിക്കട്ടെ. അദ്ദേഹം പറയുന്നപ്രകാരം ചെറുപ്പക്കാരെല്ലാം വ്യവസായികളാകുന്ന സംഘപരിവാർ പ്രഖ്യാപനങ്ങൾ .എവിടെയെത്തിഎന്നുകൂടി കണ്ടേക്കാം .? സ്റ്റാർട്ടപ്പുകൾ തുടങ്ങി വ്യവസായലോകത്തേക്കു എടുത്തുചാടുവാനാണെല്ലോ ബിജെപി പറയുന്നത്. 2016ൽ മാത്രം, ഇങ്ങനെ പരീക്ഷണം നടത്തിയ 212 സ്റ്റാർട്ടപ്പുകൾ പൂട്ടിപ്പോയി എന്നാണു ഔദ്യോഗികകണക്കുകൾ പറയുന്നത്. മുൻവർഷത്തേക്കാൾ 50 ശതമാനം കൂടുതലാണ് പൂട്ടിയത്! !2017 ഒട്ടും വ്യത്യസ്തമാകില്ല. ആദ്യ 9 മാസത്തിനുള്ളിൽ 800 സ്റ്റാർട്ടപ്പുകളാണ് തുടങ്ങിയത്. 2016 ലെ മൊത്തം സംരംഭങ്ങൾ 6000 ആയിരുന്നുവന്നു ഓർക്കുക . നോക്കണേ വളർന്നങ്ങു കൊടുമുടികേറിയ കഥ!പിന്നെയുള്ളത് മുദ്ര പദ്ധതിയുടെ കാര്യമാണ്. അതിനു ഒരു ബിജെപി മുൻ ധനകാര്യമന്ത്രി [യെശ്വന്ത്‌ സിൻഹ]തന്നെ മറുപടി പറഞ്ഞിട്ടുണ്ട്.. അതിങ്ങനെ” ദശലക്ഷക്കണക്കിനു മനുഷ്യർക്ക് കൊടുത്തുവെന്നുപറയുന്ന മുദ്ര വായ്പാപദ്ധതിയുടെ ശരാശരി വായ്പാതുകവെറും 11000 രൂപയാണ്! നിങ്ങൾ ഒന്ന് പറഞ്ഞുതരു .. ഈ ആധുനിക കാലത്തു 10000 രൂപക്കോ എന്തിനു50000 രൂപാകുപോലും എന്തുതരം കച്ചവടം ആണ് തുടങ്ങാനാകുക !! ബിജെപി അധ്യക്ഷൻ പറയുന്നത് മുദ്ര ലോണ് വാങ്ങിയ 8 കോടി ആളുകളും സ്വയം തൊഴിലുള്ളവരായെന്നാണ് ! എന്നുവച്ചാൽ ഞങ്ങൾ 8 കോടി തൊഴിലുകൾ “സൃഷ്ട്ടിച്ചു”വെന്ന് ! അസംബന്ധം എന്നല്ലാതെ എന്തു പറയാൻ” അദ്ദേഹം തൻറെ സ്വന്തം പാർട്ടിയെ രുക്ഷമായി കളിയാക്കുന്നു! അതെ എത്ര പരിഹാസത്തോടെയാണ് സംഘപരിവാരം ഇന്ത്യയിലെ കോടാനുകോടി തൊഴിൽ രഹിതരെയും തൊഴിൽ അന്വേഷകരെയും നോക്കിക്കാണുന്നത് .. എത്ര ലളിതമാണ് ഈ ഗുരുതരമായ സാമൂഹ്യപ്രതിസന്ധിക്കുള്ള അവരുടെ “പരിഹാരങ്ങൾ”! ഈ നാട്ടിലെ സാധാരണ മനുഷ്യരെയാകെ മൂലധനത്തിന് തിന്നാൻകൊടുക്കുകയാണ് സംഘപരിവാരം ചെയ്യുന്നത്. സവര്ണരുടെയും സമ്പന്നരുടെയും ഇന്ത്യ, മൂലധനത്തിന്റെ തെരിലേറി പടുത്തുയർത്തുകയാണവർ! അപ്പോൾ “ജീവിതത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന”വരിൽ ഈ രാജ്യത്തെ 90ശതമാനം മനുഷ്യരും ഉൾപ്പെടുകയാണ്.ഈ കപട”രാജ്യസ്നേഹ” ത്തെ നിരന്തരം വിചാരണ ചെയ്യുകയെന്നതാണ് നമ്മുടെ ഒരേഒരു കടമയെന്ന് കൂട്ടിച്ചേർക്കട്ടെ.

No Comments

Be the first to start a conversation

%d bloggers like this: