എന്തു രസമാണ് ആ പെണ്കുട്ടികൾ തട്ടമിട്ട് ചുവട് വെക്കുന്നത് കാണാൻ; അസ്നിയ അഷ്മിന്‍ എഴുതുന്നു

എന്തു രസമാണ് ആ പെണ്കുട്ടികൾ തട്ടമിട്ട് ചുവട് വെക്കുന്നത് കാണാൻ…😍
വീഡിയോയിൽ അലറുന്ന മനോരോഗി എന്നെ നൗഷാദ് ബാഖവിയെയും കബീർ ബാഖവിയെയും പോലെയുള്ള മത പ്രസംഗ തൊഴിലാളികളെ സ്മരിപ്പിക്കുന്നു….
അന്ന് മാഹിയിലേയും ചൊക്ലിയിലെയും നാദാപുരത്തേയും ചുണക്കുട്ടികളായ പെണ്കുട്ടികളായി കൗതുകത്തോടെ ഏറ്റവും നിഷ്കളങ്കമായും രസകരമായും പാടിയ “കണ്ട്ക്കാ” എന്ന പാട്ട് മുസ്ലിം സമുദായത്തിന്റെയും മുസ്ലിം സ്ത്രീകളുടെയും മൊത്തം ഏറ്റെടുപ്പ് നടത്തുന്ന മത പുരോഹിത വർഗം മനസ്സിലാക്കിയതും വ്യാഖ്യാനിച്ചതും കവലകളിൽ മൈക്ക് വെച്ച് അട്ടഹസിച്ചതും ഇങ്ങനെയായിരുന്നു…
“മുസ്ലിം പെണ്ണ് പറയുകയാണ് സഹോദരങ്ങളെ… നിങ്ങൾ ഞങ്ങളെ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കിൽ വരൂ..ഞങ്ങളുടെ ശരീരം കാണിച്ചു തരാം എന്നാണ്… മുസ്ലിം പെണ്കുട്ടികൾ വിളിക്കുകയാണ്…അവരുടെ ശരീരം നിങ്ങളെ കാണിക്കാൻ…” ഈ രീതിയിലുള്ള മനസ്സിലാക്കൽ പുരുഷ ലിംഗം മുഴച്ചു കേറിയ തൊണ്ട പൊട്ടിച്ചാണ് ഇവർ പ്രസംഗിച്ചു പോന്നത്…
എല്ലാ സന്തോഷങ്ങളും സമാധാനവും തല്ലിക്കെടുത്തി ഇവർ പ്രചരിപ്പിച്ച ഉളുപ്പ് കെട്ട വ്യാഖ്യാനം കാരണം മാനസികമായി തളർന്നപ്പോൾ ആരോടും അഭിപ്രായം പോലും ചോദിക്കാതെ നൗഷാദ് ബാഖവി എന്ന പുത്തൻ പ്രാസംഗികനെ നേരിട്ട് വിളിച്ചു… യൂട്യൂബിൽ ലിങ്കിൽ കണ്ട സീഡി വില്പനക്കാരനെ വിളിച്ച് നമ്പർ വാങ്ങി വിളിച്ചാണ് സംസാരിച്ചത്…
ഞങ്ങളുടെ സമാധാനവും സ്വൈര്യ ജീവിതവും തല്ലികെടുത്തരുത്… അതിനു നിങ്ങൾക്ക് അധികാരമില്ല… നിങ്ങൾ ഞങ്ങൾക്കെതിരെ പ്രചരിപ്പിക്കുന്ന ഇത്തരം വൃത്തികേടുകൾ നിർത്തണം… ആ പാട്ട് കേട്ട് നിങ്ങൾ അങ്ങനെ മനസ്സിലാക്കിയത് നിങ്ങളുടെ മനോനില അനുസരിച്ചായിരിക്കും…
എന്റെ ഒപ്പം ഉള്ളവർക്ക് അല്ലെങ്കിൽ എനിക്ക് തന്നെ എന്തു സംഭവിച്ചാലും നിങ്ങൾ മറുപടി പറയേണ്ടി വരും…
നിയമത്തിന്റെയും പടച്ചോന്റെയും കോടതിയിൽ എന്നാണ് ഞാൻ പറഞ്ഞത്…
രണ്ടു പേർ ഫോണിൽ മാറി മാറി സംസാരിക്കുകയും എന്നോട് അട്ടഹസിക്കുകയും ചെയ്തു… നീ ഏതു കോടതിയിലും കേറിക്കോ.. എന്റെ സമുദായത്തെ ബോധവൽക്കരിക്കുക…നേർ വഴിക്ക് നടത്തുക എന്നതാണ് എന്റെ ധർമ്മം… ഇനി ഒരു പെണ്കുട്ടികളും ഇതിനു മുതിരാൻ പാടില്ല… മുസ്ലിം പെണ്കുട്ടികളായ നിങ്ങൾ ചാനലിന്റെ മുന്നിൽ വന്ന് സംസാരിക്കുന്നത് സമുദായത്തിന് അപമാനമാണ്… നിങ്ങൾ ചാനലിൽ മുഖം കാണിച്ചു… അത് ഇസ്ലാം അനുവദിക്കുന്നില്ല… എന്നു തുടങ്ങി തൗബ ചെയ്ത് മടങ്ങണം എന്ന ഭീഷണിയോടെ ആ പ്രശസ്ത പ്രസംഗ വീരൻ എനിക്ക് താക്കീത് നൽകി…
ഞാൻ തൗബ ചെയ്ത് മടങ്ങുന്നത് എന്റെ പടച്ചോന്റെ മുന്നിലാണ്… അതു ഞാനും പടച്ചോനും തമ്മിലാണ്… നിങ്ങൾ ഈ പ്രചരണം അവസാനിപ്പിക്കണം എന്നു ഞാൻ പിന്നെയും ആവശ്യപ്പെട്ടു….
അടുത്ത ആഴ്ച നിന്റെ നാട്ടിൽ പ്രസംഗിക്കാൻ വരുന്നുണ്ട്….അപ്പോൾ വീട്ടിലേക്ക് വരാം എന്നു പറയുമ്പോയേക്കും എന്റെ മനസ്സ് ഏറെ ഇടറി… ഏറ്റവും വൃത്തികെട്ട മനോനിലയാണ് ഇവർക്കുള്ളത് എന്ന തിരിച്ചറിവ് കൂടെ ആയിരുന്നു ആ ഇടർച്ചക്ക് പിന്നിൽ….
പിന്നീട് നാട്ടിൽ പ്രസംഗിക്കാൻ വന്നപ്പോഴും ആൾക്കൂട്ടത്തെ ഇക്കിളിപ്പെടുത്താൻ പാകത്തിൽ പാടിയും അവഹേളിച്ചും പലയിടങ്ങളിൽ മൈക്ക് കെട്ടി ഇവർ ആഘോഷിച്ചു…. ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പതിനെട്ടുകാരിക്ക് ഉറക്കവും ഭക്ഷണവും നഷ്ടപ്പെട്ട കുറച്ചു ദിവസങ്ങളാണ് പിന്നീട് ഉണ്ടായത്…
“മാഹിയിലെ പെണ്ണും നരകവും” എന്നു തുടങ്ങി നിരവധി പോസ്റ്ററുകളോട് കൂടെ പലയിടങ്ങളിലും സമുദായത്തിന്റെ മൊത്ത സംരക്ഷണം ഏറ്റെടുക്കുന്ന മത പ്രസംഗ തൊഴിലാളികൾ മത്സരിച്ചു ആളെ കൂട്ടി മണിക്കൂറിനു ലക്ഷങ്ങൾ കണക്ക് പറഞ്ഞു വാങ്ങി ആഘോഷിച്ചു…
ഒരു അഭിപ്രായം പോലും പറഞ്ഞിട്ടില്ലാത്ത മാതാപിതാക്കൾ… പിന്നെ ഞങ്ങളും കരഞ്ഞു കാലു പിടിച്ചു മാപ്പ് അപേക്ഷിച്ചു എന്നു തുടങ്ങി കേരളത്തിൽ പലയിടങ്ങളിൽ പല തരം കഥകൾ അവർ തോന്നിയത് പോലെ പടച്ചു വിട്ടു… സമുദായത്തിന്റെ സംരക്ഷകരും ഏറ്റെടുപ്പുകാരും പടച്ചവന്റെ ശിങ്കിടികളായും അവർ സ്വയം പ്രഖ്യാപനം നടത്തുന്നവരാണ്…. മത വികാരത്തെ പൗരോഹിത്യത്തിനു എത്ര മാത്രം ചൂഷണം ചെയ്യാൻ കഴിയും എന്നത് വളരെ നിസാരമായി മനസ്സിലാക്കാവുന്ന ഒന്നാണ്… ഒറ്റപ്പെടലിന്റെയും കുറ്റപ്പെടുത്തലുകളുടെയും നടുവിൽ നിന്നപ്പോഴും പിന്നെയും ശബ്ദിക്കാൻ തോന്നി… ആരോടെങ്കിലും വിളിച്ചു പറയണം എന്ന് തോന്നി… ഫേസ്‌ബുക്കിൽ നേരെ വന്ന് സംഭവിച്ചതെല്ലാം എഴുതി…
നൗഷാദ് ബാഖവി എന്ന നാലാം കിട പ്രാസംഗികൻ ഫോണിൽ ബാലൻസ് കഴിഞ്ഞപ്പോൾ പറഞ്ഞ തരം താഴ്ന്ന തമാശ അടക്കം…
“ഇത്രയും ഫേമസ് ആയിട്ടും റീചാർജ് ചെയ്തു തരാനൊന്നും ആരുമില്ലേ”…
ഇതായിരുന്നു കവല തോറും സ്വന്തം ഭാവനയിൽ വ്യാഖ്യാനം നടത്തിയ അയാൾ ചോദിച്ചത്…
ജീവിതത്തിൽ ആദ്യമായി വലിയൊരു കൂട്ടം മത വിഭാഗത്തിലെ തീവ്ര മനോഭാവം പേറുന്ന പുരുഷ വർഗത്തിന്റെ സ്ത്രീ വിരുദ്ധവും ലൈംഗികച്ചുവ നിറഞ്ഞതുമായ ഒട്ടനേകം വെർബൽ ആക്രമണത്തിന് വിധേയപ്പെട്ടു….
അന്ന് സഹികെട്ട് ഞാൻ പറഞ്ഞ വാക്കുകൾ അത്ര മാത്രം ഈ പുരുഷാധിപത്യ സമൂഹത്തിലെ ആണുങ്ങളുടെ ആണത്തത്തിനു നേരെ തെറിച്ചു കൊണ്ടു… മുൻകൂട്ടി നിശ്ചയിച്ചതോ പ്രത്യേകിച്ച് ലക്ഷ്യം വെച്ചോ ആയിരുന്നില്ല ആ ക്ലിപ്പിൽ പറഞ്ഞ വാക്കുകൾ…
ഒരു മുസ്ലിം പെണ്ണ് തെറി വിളിക്കുകയോ..??
അതും ഇത്ര അഹങ്കാരത്തോടെ….
പലരുടെയും നിർബന്ധം കാരണം ആ വാക്കുകൾ എന്റേതല്ല എന്ന് പറയേണ്ടി വന്നിരുന്നു പലയിടത്തും..ഉള്ളിൽ ഏറെ സന്തോഷത്തോടെ ഞാൻ തന്നെയാടാ അവന്റെയൊക്കെ ഉറക്കം കെടുത്തിയ അഹങ്കാരം നിറഞ്ഞ ആ തെറിവിളി ആണ്കൂട്ടത്തിന് നേരെ അയച്ചു കേൾപ്പിച്ചത് എന്ന് സമാധാനിക്കാനെങ്കിലും അന്ന് കഴിഞ്ഞിരുന്നു… എണ്ണമറ്റ തെറിയഭിഷേകം നടത്തിയ ആ ആണ്കൂട്ടത്തിന്റെ നിരവധി ക്ലിപ്പുകൾക്ക് ഞാൻ ഒരു മറുപടിയെ കൊടുത്തിരുന്നുള്ളൂ… അന്ന് പേരും ഉറവിടവുമില്ലാതെ കറങ്ങി വന്ന അനവധി തെറിവിളി ക്ലിപ്പുകൾ നശിപ്പിച്ച എന്റെ ഉറക്കവും സമാധാനവും തിരിച്ച് കിട്ടിയത് രണ്ടു വാക്ക് തരിച്ചു പറഞ്ഞപ്പോളാണ്…. അന്ന് പലരും നീ പെണ്ണല്ലേ… ഇങ്ങനെ പരസ്യമായി തെറി വിളിക്കാൻ നിനക്കു നാണമില്ലേ…എന്നു ചോദിച്ചിരുന്നു… ഒരുത്തന്റെയും വായിലെ വൃത്തികേടുകൾ എന്റെ നേരെ തുപ്പാൻ നിക്കരുത്… അതിലും നന്നായി തുപ്പാൻ എന്നെ കൊണ്ട് കഴിയും എന്ന് പറഞ്ഞ് ഞാൻ പിടിച്ചു നിന്നിട്ടുണ്ട്…. ഏറെ മനോവീര്യം എവിടുന്നൊക്കെയോ വന്നു ചേർന്ന പോലെ ഞാൻ തല ഉയർത്തിപ്പിടിച്ച് തന്നെ അന്ന്‌ നിന്നിട്ടുണ്ട്… അങ്ങനെയൊന്നും മറന്നു പോകാത്തതാണ്‌ ഇവയെല്ലാം….

ഒറ്റപ്പെടലിന്റെ അങ്ങേയറ്റത്തെ അവസ്ഥയിലും ഉറച്ചു നിന്നിട്ടുണ്ട്…
അപ്രതീക്ഷിതമായി സംഭവിച്ചതാണെങ്കിൽ കൂടെ ഞാൻ പിന്നീട് കൂടുതൽ കരുത്ത് ആർജിച്ചിട്ടുണ്ട്….
അവിടെ നിന്നും അനുഭവിച്ച വേദനകളെല്ലാം തന്നെ ഇരകളാക്കപെടുന്ന ഓരോ പെണ്ണിലും എനിക്ക് കാണാൻ കഴിയുന്നുണ്ട്…!
ഇന്ന് മുസ്ലിം സമുദായത്തിനുള്ളിൽ നിന്നു തന്നെ വ്യക്തിസ്വത്ര്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന കാഴ്ച നമ്മൾ കണ്ടതാണ്…
സെലക്ടീവ് ആയിരുന്നില്ല ആ ശബ്ദം എന്ന് തെളിയിക്കേണ്ടത് നിങ്ങൾ ഒച്ച വെച്ചവർ തന്നെയാണ്….
തട്ടമിട്ട പെണ്ണിന്/ മുസ്ലിം ആയി ജനിച്ച പെണ്ണിന് അവകാശങ്ങൾ നിഷേധിക്കാനും ഇങ്ങനെ പരസ്യമായി അവഹേളിക്കാനും ഈ മൈക്കിൽ അലറുന്ന വിവരം കെട്ട പുരുഷ ശബ്ദങ്ങൾക്ക് എന്ത് അധികാരമാണ് ഇവിടെയുള്ളത്??
പല മുസ്ലിം സ്ത്രീകളും..പ്രത്യേകിച്ച് കലാകാരികളും സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുള്ള നിരവധി സ്ത്രീകൾ പൗരോഹിത്യത്തിന്റെ കവലയിലെ നാറുന്ന മത പ്രസംഗം എന്ന പേരിൽ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾക്ക് പത്രമായിട്ടുണ്ട്… പലരും ഭയവും അപമാനവും പേറി നിശബ്ദരായി ഇരുന്നിട്ടുണ്ട്… ഒരു മുസ്ലിം സ്ത്രീ കരഞ്ഞ് അപേക്ഷിക്കുന്ന വോയിസ് ക്ലിപ്പ് പോലും വാട്‌സ്ആപ്പ് വഴി കറങ്ങിയിരുന്നു….!
ഞങ്ങൾക്ക് പരമാവധി ഉച്ചത്തിൽ പേരു പറഞ്ഞ് ഉദാഹരണം പറയാനും അധിക്ഷേപിക്കാനും പേരെടുത്ത് നരകത്തിലേക്ക് പറഞ്ഞയക്കാനും അധികാരമുണ്ട് എന്ന വിശ്വാസം ഇന്നും ഈ കഴുതകൾക്ക് ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്തരത്തിൽ പൊട്ടി പുറപ്പെടുന്ന മത പ്രസംഗമെന്ന പേരിൽ പ്രചരിക്കുന്ന വിഴുപ്പുകൾ…
ഇനിയും ഒരുപാട് സ്ത്രീകൾക്ക് വേണ്ടി നരകം കാണിക്കാനും അംഗം ചേർക്കാനും യാതൊരു മടിയുമില്ല ഇക്കൂട്ടർക്ക്…
പുരോഹിത വർഗം എന്നറിയപ്പെടുന്ന ഈ ഇനം വിഷം തുപ്പുന്നവരെ നിയന്ത്രിക്കേണ്ടത് ഏറെ അനിവാര്യമാണ്… സ്റ്റേജ് കെട്ടി നാട്ടിലെ സ്ത്രീകളെ അപമാനിക്കുകയും നേർവഴി ഉപദേശിക്കുകയും ചെയ്യുന്ന ഇത്തരം ബുദ്ധിശൂന്യരെക്കാൾ എത്രയോ മടങ്ങ് അഡ്വാൻസ്ഡ് ആണ് നാട്ടിലെ ഇതു പോലെ സുന്ദരമായി ആടുകയും പാടുകയും ചെയ്യുന്ന പെണ്ണുങ്ങൾ….
പൗരോഹിത്യം തീർക്കുന്ന അപമാനം കൂടെ പേറുന്നവരാണ് കേരളത്തിലെ മുസ്ലിംകൾ…..
തട്ടമിട്ട പെണ്ണുങ്ങളെ… നിങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുഴർത്താൻ കെല്പുള്ളവർ ആയിരുന്നില്ലേ… ഒരായിരം തട്ടമിട്ട പെണ്ണുങ്ങൾ തെരുവിൽ ചുവട് വെക്കണം…
ശബ്ദമുഴർത്തണം…
പുരോഹിതർക്കും അധികാരമേറ്റെടുപ്പുകാരനായ മത പുരുഷർക്കും നിങ്ങളുടെ നിയന്ത്രണ അധികാരവും തെരഞ്ഞെടുപ്പ് അവകാശവും എഴുതികൊടുത്തിട്ടില്ല എന്നു വിളിച്ച് പറയണം…
സ്ത്രീ സംഘടനകൾ…
പ്രത്യേകമായും മുസ്ലിം ഫെമിനിസ്റ്റ് സംഘടനകൾ ഈ വിഷയത്തിൽ മുന്നോട്ട് വരണം….
കഴിഞ്ഞ കുറച്ച് ദിവസം മുൻപ് ‘നിസ’ എന്ന സംഘടനയിൽ നിന്നും വന്ന ഫോൺ കോൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്…
വ്യക്തിതാൽപര്യവും ലിംഗനീതിയും നിയമവും സ്ത്രീയുടെ അവകാശങ്ങളും അതിന്റെ ആവശ്യകതയും അനിവാര്യതയും ഈ വിവരം കെട്ട വർഗ്ഗത്തിന്റെ തലച്ചോറിലേക്ക് എത്തിക്കുക…..
#മുകളിൽ പറഞ്ഞതത്രയും അത്രയൊന്നും മാനസിക വളർച്ചയോ അനുഭവങ്ങളോ ഇല്ലാത്ത പ്രായത്തിൽ ഒരു സാധരണ മുസ്ലിം പെണ്കുട്ടിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളാണ്……
ഇനിയും ആടിയും പാടിയും തട്ടമിട്ട മുസ്ലിം പെണ്കുട്ടികൾ തെരുവുകൾ കീഴടക്കട്ട ❤️

No Comments

Be the first to start a conversation

%d bloggers like this: