ഒരു കപടയുദ്ധത്തിൻറെ ഗുണഭോക്താക്കളെപ്പറ്റി; എന്‍ പി ആഷ്‌ലി എഴുതുന്നു

കേരളം കപടയുദ്ധങ്ങളുടെ ഹെഡ് ആപ്പീസ് ആണ്: മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ആരെ തിരഞ്ഞെടുക്കുമെന്നു ആരും ആരോടും ചോദിക്കും (പുതുമുഖനടിയെ അഭിമുഖം ചെയ്യുന്നവർ മുതൽ പുതിയ അയൽക്കാരൻ വരെ ഇരുപത്തഞ്ചു വർഷമായി ചോദിക്കുന്ന ചോദ്യമാണത്). ഈ രണ്ടുബിംബങ്ങളും പിന്തുണക്കുന്നതും നിലനിർത്തുന്നതും ഒരേ പുരുഷ-മേൽജാതി മൂല്യ വ്യവസ്ഥയെ ആണ്. എന്നാലും ചോദിക്കും. വിമെൻ ഇൻ സിനിമ കളക്റ്റീവും ദിലീഷ് പോത്തനും രാജീവ് രവിയും ഫഹദ് ഫാസിലും പാർവതിയും റീമ കല്ലിങ്കലും അഞ്ജലി മേനോനും സൗബിൻ ഷാഹിറും അടക്കമുള്ളവരിലൂടെ മുന്നോട്ട് വന്ന പുതിയ ഭാവുകത്വം മുഴുവൻ പുലിമുരുകന്റെയും ഗ്രേറ്റ് ഫാദറും തമ്മിൽ നടന്ന കളക്ഷൻ വഴക്കിൽ മുക്കിക്കളയുന്ന സാഹചര്യം ഉണ്ടാവും. ഇവരിങ്ങനെ ദീപസ്തംഭങ്ങളായി നിൽക്കുകയും ചെയ്യും.

രാഷ്ട്രീയ രംഗത്തും ഉണ്ട് ചോദ്യം: RSS വേണോ CPM വേണോ എന്ന ചോദ്യത്തിലാണ് കണ്ണൂരിലെ (കണ്ണൂരിലെ മാത്രം) രാഷ്ട്രീയ കൊലപാതകത്തെ എതിർത്ത് സംസാരിക്കുന്ന ആരെയും കൊണ്ട് പോയി കെട്ടുക. രണ്ടു പക്ഷത്തേയും സാമൂഹ്യ-സാമ്പത്തിക സമാനതകളെക്കുറിച്ചു മിണ്ടുകയേ ഇല്ല.

അതുപോലത്തെ വേറെ ഒരു കപടയുദ്ധമാണ് ലിബറൽ-ഇടതു പക്ഷം vs ഇസ്ലാമിസ്റ്റ്-അനാർക്കിസ്റ് പക്ഷവും തമ്മിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്.ഇതൊരു കപടയുദ്ധമാകുന്നത് ഇടപെടുന്ന ആളുകളുടെ സത്യസന്ധത ഇല്ലായ്മ കൊണ്ടല്ല, പലരും നല്ല integrity ഉള്ള ആളുകൾ തന്നെയാണ്. ആത്യന്തികമായി ഈ രണ്ടു പക്ഷവും സി പി എം, ഇസ്ലാമിസ്റ്റ് പാർട്ടികൾ എന്നിവയ്ക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാവുന്ന റിയൽ എസ്റ്റേറ്റിൽ നിന്നാണ് ഈ തർക്കങ്ങളെല്ലാം നടത്തുന്നത് എന്നതാണ് പ്രശ്നം. അവയുടെ നേതൃത്വം ആണുങ്ങളും ജാതിശ്രേണിയിൽ അപമാനത്തിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷപ്പെട്ടവരും ഏതെങ്കിലും തരത്തിലുള്ള മുതലാളിത്തവുമായി സന്ധി ചെയ്തു (മിക്കപ്പോഴും പരിസ്ഥിതിയെ ചൂഷണം ചെയ്തു) ജീവിക്കുന്ന, അതിൽ നിന്ന് ധനവാൻമാരാവാൻ ശ്രമിക്കുന്നവരുമായ ആളുകളിലാണ്. ഇസ്ളാമിക രാഷ്ട്രം എന്ന ആശയത്തോട് യാതൊരു യോജിപ്പും ഇല്ലെങ്കിലും സി പി എമ്മിനോടുള്ള വിരോധം കൊണ്ട് അമാനവ പക്ഷത്തു നിൽക്കുന്നവരും മുസ്ലിം വലതുപക്ഷത്തോട് ചേരാൻ പറ്റാത്തത് കൊണ്ട് മനുഷ്യസംഗമപക്ഷത്തു നിൽക്കുന്നവരും ഉണ്ട് ഈ “ഞങ്ങൾക്കൊപ്പമല്ലെങ്കിൽ ഞങ്ങൾക്കെതിരാണ്” രാഷ്ട്രീയക്കളിയിൽ .

ഈ കപടവൈരുധ്യങ്ങൾ അത്ര നിഷ്കളങ്കമല്ല. അവ കൃത്യമായി അധീശവർഗങ്ങളുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തന്നെയാണ്. മനുഷ്യ-അമനുഷ്യതർക്കങ്ങൾ നമ്മുടെ സാമൂഹ്യമാധ്യമമണ്ഡലത്തെ പൂരിതമാക്കുമ്പോൾ താൽക്കാലികമായെങ്കിലും പുറന്തള്ളപ്പെട്ടതു നമ്മുടെ രാഷ്ട്രീയത്തെ അപ്പാടെ മാറ്റിമറിക്കാൻ പോലും ശേഷിയുണ്ടെന്ന് തോന്നിച്ച സ്ത്രീ-ദളിത്-കീഴാള-പരിസ്ഥിതി പ്രസ്ഥാനങ്ങളാണ്. അതിൽതന്നെ ഏറ്റവും നഷ്ടം വന്നത് മുസ്ലിം സ്ത്രീകൾക്കാണ്.

അല്ലെങ്കിൽ തന്നെ കേരളത്തിൽ രാഷ്ട്രീയമായി മുസ്ലിം സ്ത്രീ ആയിരിക്കുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സ്ത്രീയെന്ന നിലയിൽ പൊതുവെ ഏതു മലയാളിക്കും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ, മതവിധിയുടെ കാലികമല്ലാത്ത വ്യാഖ്യാനങ്ങളും ഇന്ത്യൻ സാമൂഹിക രീതികളും നീതിന്യായ വ്യവസ്ഥയും ചേർത്തി ഉണ്ടാക്കിയ പേർസണൽ ലോ ഉപയോഗിച്ചു നേരിടേണ്ടിവരുന്ന പുരുഷമാടമ്പിത്തം, പ്രവാസം ഉണ്ടാക്കിയെടുത്ത ഒരു സാമ്പത്തിക ക്രമത്തിൽ ഫ്യൂഡൽ മൂല്യങ്ങൾ തന്നെ പുലരുന്ന സ്ഥിതിയുടെ സ്ത്രീവിരുദ്ധത, മുസ്ലിം സമുദായത്തിന്റെ സാംസ്കാരികപൈതൃകത്തെയോ ആക്രമിക്കപ്പെടുന്ന ഒരു അസ്തിത്വമെന്ന നിലക്ക് മതവിശ്വാസത്തെയോ assert ചെയ്‌താൽ സഹിക്കേണ്ടി വരുന്ന സാർവലോകനീതിയിൽ മാത്രം അതീവശ്രദ്ധ ഉള്ള പുരോഗമന-നാഗരികമനുഷ്യരുടെ രക്ഷാധികാരി – സഹതാപഭാവങ്ങൾ, മുസ്ലിം പുരുഷന്മാരെ അടിക്കാനുള്ള ഏറ്റവും നല്ല വഴിയായി മാത്രം അവരെ കാണുന്ന മുസ്ലിം വിരുദ്ധരായ കുറെപ്പേർ- ഇങ്ങനെ ഒരു പാട് തടസ്സങ്ങളുണ്ട്. അതിനിടയിലേക്കാണ് ഈ കപടയുദ്ധത്തിന്റെ വരവ്.

ഹാദിയയുടെ കാര്യത്തിലുണ്ടായ ചർച്ചകൾ ഉപയോഗിച്ച് ഈ വശം വ്യക്തമാക്കാൻ ശ്രമിക്കാം.

ഒരു ഇന്ത്യക്കാരി, സ്ത്രീ, മുസ്ലിം എന്നീ സ്വത്വങ്ങളാണ് ഹാദിയയുടെ കാര്യത്തിൽ ശ്രദ്ധിക്കാനുള്ളത്. ഏതു മതത്തിൽ വിശ്വസിക്കാനുമുള്ള ഒരു ഇന്ത്യൻ പൗരിയുടെ ഭരണഘടനാപരമായ അവകാശം, സ്വന്തം ഇച്ഛയനുസരിച്ചു ജീവിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം വകവെച്ചു കൊടുക്കാനുള്ള മനസ്സ്, ഒരാൾ മുസ്ലിം ആണ്/ആവുകയാണ് എന്ന് പറയുമ്പോഴും ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ സിഖോ ആണ്/ആവുകയാണ് എന്ന് പറയുമ്പോലെതന്നെ കാണാനുള്ള മനോഭാവം- ഇത്രയും കാര്യങ്ങൾ ഭരണഘടനാദേശീയതയിൽ അധിഷ്തിതമായ, ലിംഗനീതിയിൽ വിശ്വസിക്കുന്ന, സകലമതങ്ങളേയും ഒരുമിച്ചാന്ഗീകരിക്കുന്ന ഒരു ബഹുമതസമൂഹത്തിനു സ്വാഭാവികമാവേണ്ടതാണ്. ലൗ ജിഹാദ് എന്ന സ്ത്രീകളെ അപമാനിക്കുന്ന, പ്രണയത്തെ പേടിയുള്ളതാക്കുന്ന ഒരു പ്രചാരണം, ഭരണഘടന ഭൂരിപക്ഷ വിരുദ്ധമാണെന്ന പേരിൽ ഹിന്ദുത്വവാദികൾ നടത്തിവരുന്ന പ്രചാരണം, ഐസിസിനേയും മറ്റു മുസ്ലിം വലതുപക്ഷങ്ങളേയും പറ്റിയുള്ള വിവിധതരം ഭീതികൾ എന്നിവ ചേർന്നുണ്ടായ സംശയത്തിന്റെയും ഭീതിയുടെയും അന്തരീക്ഷത്തിൽ ഈ സ്വാഭാവികതകൾ ഇല്ലാതാക്കപ്പെട്ടു.

ഹാദിയയുടെ “സ്വാഭാവികസഖി” (natural ally) ആവാവുന്ന ആൾ ആരാണ്? എനിക്ക് ആലോചിക്കാവുന്ന ഒരാൾ ഷാഹിന നഫീസ ആണ്. കേരളത്തിൽ നടപ്പുള്ള മുസ്ലിംസമുദായമതത്തിന്റെ രീതികൾക്ക് പുറത്തിറങ്ങി ജീവിച്ച ആളാണ് (എത്ര വലിയ ദൈനം ദിന പോരാട്ടങ്ങൾ അവർക്കു നേരിടേണ്ടി വരും എന്ന് ഊഹിക്കാവുന്നതേയുള്ളു). സ്ത്രീ ആയതുകൊണ്ട് മാത്രം ആ തെരഞ്ഞെടുപ്പിൽ വലിയ പ്രയാസങ്ങൾ അനുഭവിച്ച ആളാണ് (ട്രോളർമാർക്കും കുത്തിപ്പറയുന്ന നാട്ടുകാർക്കും കുടുംബക്കാർക്കും ഇന്ത്യൻ ഭരണഘടന ഒരു പ്രശ്നമല്ലല്ലോ). അബ്ദുന്നാസർ മദനി പ്രതിയാക്കപ്പെട്ട ബാംഗ്ലൂർ കേസിലെ സാക്ഷികളിലൊരാൾ മഅദനിയെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളാണെന്നു പറഞ്ഞത് എഴുതി പ്രസിദ്ധീകരിച്ചതിന് കർണാടകപോലീസ് ഭീകരവാദപിന്തുണക്കാരി എന്ന പട്ടം കൊടുത്ത ആളാണ്. ഇന്ത്യൻ പൗരി, സ്ത്രീ, മുസ്ലിം എന്നീ മൂന്നു തലത്തിലും ഷാഹിനയും ഹാദിയയും കടന്നു പോയതിനു ഒരു പാട് സാമ്യതകളുണ്ട്. പുരുഷാധിപത്യത്തിന്റെയും ഭൂരിപക്ഷതാ വാദത്തിന്റെയും മുസ്ലിംവിരുദ്ധതയുടെയും ഇരകളാണ് രണ്ടു പേരും.

എന്നിട്ടും അങ്ങിനെ മനസ്സിലാക്കപ്പെട്ടില്ല. പകരം ഷാഹിനയും ഹാദിയയും വൈരുധ്യങ്ങളാണെന്നു വരുത്തി. “Hadiya
tells Shahina: F*** off” എന്നൊരു പോസ്റ്റ് പോലും പലരും ഷെയർ ചെയ്തതായും കണ്ടു (പറഞ്ഞത് ഹാദിയ അല്ല; ഹാദിയയുടെ പേരിൽ പതിപ്പിക്കപ്പെട്ടു, ആഘോഷിക്കപ്പെട്ട വാചകമായിരുന്നു അത്). ഹാദിയയുടെ ഏതാവകാശമാണ് ഷാഹിനയെ റദ്ദാക്കൽ ആവശ്യപ്പെടുന്നത്? ഷാഹിന എന്ന സ്ത്രീയുടെ സമരങ്ങളെ വെട്ടാൻ ഹാദിയയെ ഉപയോഗിക്കുന്നതാരുടെ ആവശ്യമാണ്? ഈ വൈരുധ്യങ്ങൾ ആരെയാണ് സഹായിക്കുന്നത്?

മുസ്ലിം പെണ്ണുങ്ങളുടെ ശബ്ദവും ശരീരവും എഴുത്തും (“സ്വന്തത്തെ എഴുതുക; നിങ്ങളുടെ ശരീരം കേൾക്കപ്പെട്ടേ തീരൂ” എന്ന് പെണ്ണുങ്ങളോട് ഹെലൻ സിക്സു) ആത്യന്തികമായി ഇസ്ലാമിസ്റുകളെയും മുസ്ലിം സമുദായവാദികളെയും ഹിന്ദുത്വവാദികളെയും സാർവലൗകിക
പുരോഗമനചട്ടക്കൂടിൽ രാഷ്ട്രീയത്തെ ലിംഗഅസ്തിത്വങ്ങളേ കണക്കിലെടുക്കാതെ ആലോചിക്കുന്ന ഉദാരമാനവികവാദികളെയും ഒരു പോലെ കുടുക്കിലാക്കുന്നുണ്ടെങ്കിലും അത് പ്രാഥമികമായി ഉപദ്രവം ചെയ്യുന്നത് മുസ്ലിം അതിപുരുഷത്വങ്ങൾക്കു തന്നെയാണ്. അപ്പൊ അവർക്കു ചെയ്യാവുന്ന സമർത്ഥമായ കാര്യം വിശ്വാസിയായ മുസ്ലിംVs അവിശ്വാസിയായ മുസ്ലിം എന്നൊരു വൈരുധ്യം സൃഷ്ടിക്കുകയാണ് (വിശ്വാസത്തിന്റെ അളവ് നോക്കിയല്ല സൗദി ഫണ്ടഡ് ഭീകരവാദി എന്ന ആരോപണം ഇന്ത്യയിലെ മിക്കപ്പോഴും അവിശ്വാസികളും എപ്പോഴും മുസ്ലിം വർഗീയവാദത്തെ എതിർക്കുകയും ചെയ്യുന്ന മുസ്ലിം പത്രക്കാരും സാമൂഹ്യപ്രവർത്തകരും കേട്ട് പോരുന്നത്. ഡൽഹിയിലും ഒറീസ്സയിലും ഗുജറാത്തിലും ബംഗ്ലാദേശിലുംഒന്നും വർഗീയ ലഹളയുണ്ടാകുമ്പോൾ വിശ്വാസിയായ മുസ്ലിമ്കളോ ക്രിസ്ടിയാനികളോ സിഖുകാരോ ഹിന്ദുക്കളോ ആണോ എന്ന് ഉറപ്പാക്കിയിട്ടല്ലല്ലോ ആളെ കൊല്ലുന്നതും വീടിനു തീ വെക്കുന്നതും).

മുമ്പ് സ്ത്രീകളെ പുരുഷചർച്ചാവിഷയമായിമാത്രം കണ്ടു പെരുമാറിയിരുന്ന പൊതുമണ്ഡലം ഇന്ന് മുസ്ലിം സ്ത്രീകളുടെ പ്രതിനിധ്യമില്ലാതെ മുമ്പോട്ട് പോകാതാകുമ്പോൾ മുസ്ലിം വലതു പക്ഷം അവരുടേതായ “ഗുഡ് മുസ്ലിം ബാഡ് മുസ്ലിം” കാറ്റഗറികൾ ഉണ്ടാക്കി പരസ്പരം പോരടിപ്പിച്ചാണ് തങ്ങളുടെ അധികാരം നിലനിർത്തുന്നത്.

ലിബറൽ മുസ്ലിം സ്ത്രീ ജനിച്ചത് തന്നെ സർവതന്ത്രസ്വാതന്ത്രയായാണെന്നും അവർ വിശ്വാസിയായ മുസ്ലിം സ്ത്രീയുടെ ശത്രുവാണെന്നും വരുത്തിയാൽ, ഇവരെയൊക്കെ സമുദായത്തിന്റെ അഞ്ചാം പത്തിക്കാരാക്കാം. സമുദായകുടുംബത്തിന്റെ കാരണവന്മാരായി അവർക്കു വിലസുകയും ചെയ്യാം (സമുദായം യുദ്ധമുന്നണിയിലാവുമ്പോൾ ആഭ്യന്തരപ്രശ്നങ്ങളേക്കുറിച്ചു സംസാരിക്കാനാവാത്ത അടിയന്തിരാവസ്ഥ ആരും സമ്മതിച്ചു തരുകയും ചെയ്യും). ഈ പുരുഷാധിപത്യപദ്ധതിയിൽ അവരെ ഏറ്റവും സഹായിക്കുന്നത് മനുഷ്യ-അമനുഷ്യ ചേരികളുടെ വാക് യുദ്ധത്തിൻറെ അന്തരീക്ഷമാണ്.

ഇനി മറ്റൊരു ഉദാഹരണം പറയാം: ഇന്ന് മറ്റു സമുദായങ്ങളെ അപേക്ഷിച്ചു പെൺകുട്ടികൾക്ക് ഉപരിപഠനം നടത്താൻ പോവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സമുദായമാണ് കേരളത്തിലെ മുസ്ലിം സമുദായം. കുടുംബക്കാരും നാട്ടുകാരും വീട്ടുകാരെ പേടിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും പഠനത്തിൽ ഇടപെടലുകളുണ്ടാകുന്നതിനു സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളുണ്ടെങ്കിലും തികച്ചും സാധാരണവും ന്യായവുമായ ഒരാവശ്യത്തിന് പോലും നൂറാളോട് മറുപടി പറയേണ്ടതും അടി കൂടേണ്ടതുമായ സാഹചര്യം ഇന്നുമുണ്ട് എന്ന് യാഥാർഥ്യബോധത്തോടെ പറയാം (കേരളത്തിലെ മുസ്ലിംകൾക്കിടയിൽ 15 വർഷമായി വിദ്യാഭ്യാസ-സാമൂഹ്യപ്രവർത്തനരംഗത്തുള്ള ഒരാളെന്ന നിലക്ക് ഇതിനു ഒരുപാട് ഉദാഹരണങ്ങൾ കാണിച്ചു തരാനും എനിക്ക് പറ്റും. ഇസ്ലാമിൽ ഒരിക്കലും എവിടെയും പുരുഷാധിപത്യം ഉണ്ടാവാനേ കഴിയില്ല എന്നൊക്കെ വാദമുള്ളവരുണ്ടെങ്കിൽപിന്നെ ഒന്നും പറയാനില്ലെന്നു മാത്രം). അങ്ങിനെയുള്ള ഒരവസ്ഥയിൽ ഹാദിയയോട് കോടതി പഠിക്കാൻ പോവാൻ പറയുമ്പോൾ അതിനെ വിജയമായി ആഘോഷിക്കുന്ന മുസ്ലിം പുരുഷന്മാരെ പരിഹസിച്ചു “നിങ്ങൾ തന്നെയല്ലേ പെണ്ണുങ്ങളുടെ പഠനത്തിനെതിര്‌?” എന്ന് ഇങ്ങനെ കുറെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും (പുരുഷാധിപത്യപദ്ധതികൾ നടപ്പാക്കാൻ പുരുഷലോകബോധം മുഴുവൻ ഉള്ളിലേക്കെടുത്തു പ്രവർത്തിക്കുന്ന കുറെ പേരുണ്ടല്ലോ ) ശാപവും ചീത്തയും ശകാരവും സഹിച്ചും അതിനോട് കലഹിച്ചും പഠിച്ചുയർന്നു വന്ന രഹനബീവി ഒരു പോസ്റ്റ് എഴുതി.

അതിനു ജെ ദേവിക പ്രതികരിച്ചതു ഒരു യുവകമ്മ്യൂണിസ്റ്റ്കാരി ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിധാരണകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് ബ്രിന്ദ കാരാട്ടിനെഴുതിയ തുറന്ന കത്തിൽ ആരോപിച്ചു കൊണ്ടാണ്. “മതവിശ്വാസം ഇല്ലാത്തയാൾ എന്ന് വലിയ കാര്യത്തിൽ സ്വയം പരിചയപ്പെടുത്തുന്നു ഈ ചെറുപ്പക്കാരി” എന്ന് പറഞ്ഞു പോകുമ്പോൾ ദേവിക ഇവരുടെ ജീവിതസമരങ്ങളെ കാണാതെതന്നെയാണ് എഴുതുന്നത്. നായന്മാർക്കോ ഈഴവന്മാർക്കോ ഉള്ളതുപോലെ എളുപ്പമല്ല ഒരു നമ്പൂതിരിപ്പെണ്ണിനോ മുസ്ലിം പെണ്ണിനോ ക്രിസ്ത്യൻ പെണ്ണിനോ മതം ഉപേക്ഷിച്ചു ഒരു പൊതുനിലപാട് എടുക്കുക എന്ന് പറഞ്ഞാൽ. ഇതിൽ തന്നെ കഴിഞ്ഞ 10 വർഷമായി വല്ലാതെ ശക്തിയാര്ജിച്ച മുസ്ലിം മാടമ്പിത്തം (“നിയോ മുസ്ലിം സവർണത” എന്ന് തന്നെ വിളിക്കണം) ഏറ്റവും നീചമായ രീതിയിൽ അറ്റാക്ക് ചെയ്തു കൊണ്ടിരിക്കുന്നത് തട്ടമിടാത്ത, നൃത്തം ചെയ്യുന്ന മുസ്ലിം പെണ്ണുങ്ങളേയാണ്. അവിടെ തട്ടമിടാത്തവരും വിശ്വാസമില്ല എന്ന് ഏറ്റു പറയുന്നവരും ആണ് ന്യുനപക്ഷം. അത് നല്ല പണിയുള്ള,ധൈര്യം വേണ്ട ഒരു കാര്യമാണ്. (എണ്ണ മുതലാളിത്തത്തിന്റെ തണലിൽ വളർന്ന ഇസ്ലാമിസ്റ്റുകൾ കൃത്യമായ ഭൂരിപക്ഷതാപ്രവണതകൾ കാണിക്കാറുണ്ട് എന്നുമോർക്കണം).

രഹ്‌നയുമായി വിമർശനാത്മകമായ സംവാദത്തിലേർപ്പെടുന്നതിനു പകരം അവരെ മാർക്സിസ്റ്റ് ക്യാമ്പുകാരി എന്ന അതിവേഗ ലേബൽ ഒട്ടിച്ചു കൊടുത്താണ് . (അവർ മാർക്സിസ്റ്റുകാരിയല്ലെന്നതും പലപ്പോഴും പാർട്ടി വിരുദ്ധപോസ്റ്റുകൾ പോലും ഇടാറുണ്ടെന്നതും പോട്ടെ) ലിംഗനീതിയെപ്പറ്റിയുള്ള ഒരു ചർച്ച ദേവികയെപ്പോലെ പ്രധാനപ്പെട്ട ഒരു പണ്ഡിത പോലും അവസാനിപ്പിക്കുന്നത് ഇങ്ങനെയാണെന്നറിയുമ്പോൾ അറിയാം എത്ര ശക്തമാണ് ഈ പുരുഷത്വത്തിന്റെ കപടയുദ്ധഭൂമിയെന്നും എത്ര ദ്രോഹമാണ് അത് സ്ത്രീ വാദത്തോട് ചെയ്തു കൊണ്ടിരിക്കുന്നതെന്നും.

ഞാൻ കണ്ടിട്ടുള്ള ഏറ്റവും സ്നേഹവും ആദരവും തോന്നിയിട്ടുള്ള മുസ്ലിം സ്ത്രീകൾ ഫേസ്ബുക്കിലല്ല. വലിയ പ്രതാപത്തിലേക്കു ജനിച്ചു വീണു ഒന്നും ഇല്ലാതായിട്ടും പട്ടിണിയുടെ ഇടക്കും കഠിനാധ്വാനത്തിലൂടെ മക്കളെപ്പോറ്റി ഒരു കരക്കെത്തിച്ച ഉമ്മയുടെ ഉമ്മയോ, 32ആം വയസ്സിൽ വിധവയായിട്ടും ഉണ്ടായിരുന്ന സമ്പത്തൊക്കെ പറ്റിക്കലിൽ പെട്ട് പോയിട്ടും അപാരമായ സ്നേഹത്തോടെ, ആലോചിക്കാൻ കഴിയാത്ത കഷ്ടപ്പാടുകളിലൂടെ മൂന്നു പെൺകുട്ടികളേയും കൊണ്ട് നീന്തിക്കടന്ന ഉമ്മയുടെ എളേമ ആയിച്ചിതാത്തയോ, പറയുന്ന ഭാഷയിലും ഉണ്ടാക്കുന്ന ഭക്ഷണത്തിലും തുടങ്ങി എന്തിലും നിശബ്ദഗംഭീരമായ തന്നിഷ്ടത്തോടെ ജീവിച്ചു പോരുന്ന ഉദ്യോഗസ്ഥയും, കൃഷിക്കാരിയും, വീട്ടമ്മയും കാണിയും വായനക്കാരിയുമായ എന്റെ ഉമ്മ കദീജമാഷോ, ഭർത്താവുപേക്ഷിച്ചു പോയി പല വീട്ടിൽ പണിക്കു നിന്ന് പിന്നെ ഖത്തറിൽ പോയി സ്വന്തമായി വീടുണ്ടാക്കാൻ പൈസയുമായി മടങ്ങി വന്ന കദീജ എന്ന ഞങ്ങളുടെ ചാച്ചിയോ, പണിയെടുക്കാതായിരുന്ന ഭർത്താവിനെ ഉപേക്ഷിച്ചു റബ്ബർവെട്ടിയും പയ്യിനെപ്പോറ്റിയും പണിയെടുത്തു നടന്നു കുട്ടികളെപ്പോറ്റി അവസാനത്തെ മകളെ പ്രൈവറ്റ് ആയി നഴ്സിംഗ് പഠിപ്പിച്ചെത്തിച്ച പത്തുമാച്ചിയോ എന്നെ അമ്പരപ്പിച്ചപോലെ സാമൂഹ്യ മാധ്യമങ്ങളിലുള്ള സ്ത്രീകൾ അമ്പരപ്പിച്ചിട്ടില്ല. അറിയുന്ന രീതി വ്യത്യാസമാണ്, തലമുറ വ്യത്യാസമാണ്, രീതികൾ വ്യത്യസ്തമാണ്.

പക്ഷെ ഇവർക്കൊന്നും ഇല്ലാത്ത ഒരു വലിയ ബുദ്ധിമുട്ടു സാമൂഹ്യമാധ്യമങ്ങളിലെ മുസ്ലിം സ്ത്രീകളും പെൺകുട്ടികളും നേരിടുന്നുണ്ട്: ഒരു പാട് മനുഷ്യരുടെ ശ്രദ്ധ, ആക്രമിക്കപ്പെടാൻ ഉള്ള എളുപ്പം, തങ്ങളുടെ രാഷ്ട്രീയ അബോധത്തിലെ എല്ലാ വൃത്തികേടുകളും ഇറക്കി വെക്കാൻ സ്ഥലം അന്വേഷിച്ചിറങ്ങിയ കുറെ ആണുങ്ങളുടെ obsessions, അങ്ങിനെ പലതും . അവിടെ സ്വന്തമായി ഒരിടം ഉണ്ടാക്കിയ ഒരു പാട് മുസ്ലിം സ്ത്രീകളുണ്ട്. ഇവരിൽ ചിലർ വിശ്വാസികളാണ് . ചിലർ അവിശ്വാസികളാണ്; മറ്റു ചിലർ നിരീശ്വരവാദികളും. ചിലർ തട്ടമിടില്ല. ചിലർ തട്ടമിടും. ഇനിയും ചിലർ മഫ്തയിടും (ചിലർക്കിതൊക്കെ ഒരു പെർഫോമൻസ് ആണ്: കോളേജിൽ കൃത്യമായി മഫ്തയിട്ടു വരികയും സാമൂഹ്യമാധ്യമങ്ങളിൽ തട്ടമിടാതെ മുടിയഴിച്ചിട്ട ഫോട്ടോ മാത്രം ഇട്ടുകയും ചെയ്തിരുന്ന ഒരാളെ അറിയാം. പർദ്ദ ഇട്ടു വന്നു കോളേജിൽ കയറുമ്പോൾ അഴിച്ചു തട്ടം പോലുമില്ലാതെ നടക്കുന്ന വരെ പലരെയും കണ്ടിട്ടുണ്ട്). ഇവരൊക്കെ ഒരു പോലെ മുസ്ലിം സ്ത്രീകളാണ്. അവരെല്ലാവരും മുസ്ലിം സ്ത്രീ എന്ന സ്വത്വം പങ്കുവെക്കുന്നവർ തന്നെ കാരണം അവകാശസമരത്തിന്റെയും ലിംഗനീതിയുടെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും പോരാട്ടങ്ങളുടെ ധാർമികപ്രശ്നങ്ങൾ അവർ പങ്കുവെക്കുന്നുണ്ട് (പിന്നെ “നീയൊക്കെ വെറും പെണ്ണുമാത്രമല്ലേ” എന്ന് ഏതു നിമിഷവും ചോദിക്കാന് മടിക്കാത്ത ജോസഫ് അലെക്സുമാരാണ് ഇപ്പോഴും കേരളം വീതിച്ചെടുത്ത സമുദായങ്ങളുടെയും കക്ഷികളുടെയും തലപ്പത്തു) . അവരെ തട്ടമിടീക്കാനും തട്ടം അഴിപ്പിക്കാനും ദീനിൽ വിശ്വസിപ്പിക്കാനും നിരീശ്വരവാദിയാക്കാനും ആരും മിനക്കെടേണ്ടതില്ല. അവരാരെ കെട്ടണമെന്നോ കെട്ടുക തന്നെ വേണോ എന്നതൊക്കെ അവര് തീരുമാനിക്കട്ടെ. ഇനി അവർ ചെയ്യുന്നത് ഹറാമാണെന്ന് നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ അത് അവരും പടച്ചോനും തമ്മിൽ ആയിക്കോട്ടെ. ഞങ്ങളുടെ നാട്ടിലെ വയസ്സന്മാർ പറഞ്ഞിരുന്ന പോലെ, അവരുടെ ഖബറിൽ നമ്മള് പോവില്ലല്ലോ.

ഫേസ്ബുക്കിന്ന് വലിയ സാധ്യതയും പുതുമയും നൽകിയതിൽ എന്നെ സംബന്ധിച്ച് ഒരു വലിയ പങ്കുവഹിച്ച ഒരു കൂട്ടം ഇപ്പറഞ്ഞവിധം ബഹുസ്വരമായ മുസ്ലിം സ്ത്രീകളുടെ സാന്നിധ്യമാണ്. അവരുടെ രാഷ്ട്രീയം പറച്ചിലിന് ഷാഹിനയുടെയും ആയിഷ മഹ്മൂദിന്റെയും അഫീദയുടെയും ഷഹീബയുടെയും സുൽഫയുടെയും മൂർച്ചയുണ്ടായിരുന്നു. ഹൈറുന്നീസയുടെ വിഷാദകാവ്യാത്മകതയും ഹസ്നയുടെ ജിപ്സിത്തരത്തിലുമുള്ള നിലപാടുകളും ജസീല(ഇപ്പോൾ അഥീന ല ജെസ് എന്ന പേരിൽ എഴുതുന്നു)യുടെ മതവിരുദ്ധതയും വർഷാ ബഷീറിന്റെ മതാത്മകതയും റീമിന്റെ പോരാട്ടങ്ങളും (അത് അധികവും നേരിട്ടറിയുന്നതാണെങ്കിൽ കൂടിയും) അമീറ അയിഷാബീഗത്തിന്റെ thoroughnessഉം ജസ്‌ലയുടെ മറുപടിയുടെ ചുറുചുറുക്കും റംസീന നരിക്കുനിയുടെ ലീഗനുകൂല പോസ്റ്റുകളും ഹെയ്‌ദിയുടെ കമ്മ്യൂണിസ്റ്റ് നിലപാടുകളും വി പി റജീനയുടെ ധീരമായ നീതിബോധവും റെജീനയുടെ (പഴയ ഒമാൻകാരത്തി) നാട് തെണ്ടൽ എഴുത്തും ഫോട്ടോയും ഷഹീന്റെ ബോളിവുഡ് വിജയ ഗാഥകളും ഷാഹിനടീച്ചറുടെ കഥാ-തിരക്കഥാ വിവരങ്ങളും ന്യൂസ് ഫീഡിനു ആഴവും ബലവും നല്കിക്കൊണ്ടുണ്ട്. ഇവരുൾപ്പെട്ട ഒരു വലിയ വിഭാഗം മുസ്ലിം പെണ്ണുങ്ങളുടെ ഒരു കൂട്ടം നമ്മുടെ നാട്ടിലുണ്ട്.

അവരുടെ പുതുലോകങ്ങൾക്ക് നിറഞ്ഞ മനസ്സോടെ അഭിവാദ്യങ്ങൾ പറയുക മാത്രമാണ് ഇപ്പോഴിവിടെ എനിക്ക് ചെയ്യാവുന്നതും, ചെയ്യേണ്ടതും.

No Comments

Be the first to start a conversation

%d bloggers like this: