അവധി സമയം അടിപൊളിയാക്കാൻ നിങ്ങൾ പോവാറുള്ള ശംഖുമുഖവും ഫോർട്ട് കൊച്ചിയും കോഴിക്കോടു ബീച്ചുമൊക്കെയല്ലേ നിങ്ങൾക്കറിയാവുന്ന കടൽ?

മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഒരു ദിനം ഉണ്ടെന്നും അതിൻ്റെ പേരിൽ സ്വയമൊന്ന് സന്തോഷിക്കാൻ മത്സ്യത്തൊഴിലാളിയായ അപ്പൻ്റെ മകളെന്ന നിലയിൽ എനിക്ക് യോഗ്യതയുണ്ടെന്നും തിരിച്ചറിഞ്ഞത് കഴിഞ്ഞ വർഷമായിരുന്നു. അതിനു മുൻപു വരെ കർഷക ദിനവും ഓസോൺ ദിനവും എയ്ഡ്സ് ദിനവും എന്നു വേണ്ട സകല ദിനങ്ങളും കാണാപാഠം പഠിച്ചു വെയ്ക്കാറുണ്ടായിരുന്നെങ്കിലും കടലിനു വേണ്ടിയോ കടലിനെ ആശ്രയിച്ച് ജീവിച്ചു പോരുന്ന മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയോ ഒരു ദിനം ഉണ്ടോയെന്ന കാര്യത്തിൽ പോലും തികച്ചും അജ്ഞതയായിരുന്നു. ആ സമുദായാംഗമായ എൻ്റെ അവസ്ഥ ഇതായിരുന്നെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ…!

വല്ലപ്പോഴും കിട്ടുന്ന അവധി സമയം അടിപൊളിയാക്കാൻ നിങ്ങൾ പോവാറുള്ള ശംഖുമുഖവും ഫോർട്ട് കൊച്ചിയും കോഴിക്കോടു ബീച്ചുമൊക്കെയല്ലേ നിങ്ങൾക്കറിയാവുന്ന കടൽ? നിങ്ങൾ ഇഷ്ടപ്പെടുന്ന കടൽ? ചോറിനൊപ്പം ദിവസവും കൂട്ടാൻ നിങ്ങളാഗ്രഹിക്കുന്ന ചൂടു മീൻകറിയിലെ മീൻ കഷണമല്ലേ നിങ്ങൾക്കു കടൽ? ചെമ്മീനിലും അമരത്തിലും പുതിയ തീരങ്ങളിലും പിന്നെയാ ചാന്തുപൊട്ടിലും കണ്ടു പരിചയമുള്ള വല്ലാത്തൊരു മലയാളം പറയുന്ന കഥാപാത്രങ്ങളല്ലേ നിങ്ങൾക്കറിയാവുന്ന മുക്കുവർ?

അല്ലായെന്നു മറുപടിയുള്ള ഒരുപാട് പേർ ഈയിടത്തിലുണ്ടാവാം. പക്ഷേ ഇതിനു പുറത്തുള്ള ഒരുപാടു മനുഷ്യരുടെയും കടൽ ധാരണകൾ ഏതാണ്ടിത്രയൊക്കെയാണ്.
ലോക മത്സ്യത്തൊഴിലാളി ദിനത്തെ പ്രസക്തമാക്കുന്നതും ഇക്കാരണം തന്നെയാണെന്ന് വിശ്വസിക്കുന്നു.

ദിവസവും ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിൽ നിന്നും ചോറ് കഴിച്ചിട്ടിറങ്ങുന്ന, നാലു മണിയോടെ കൂടെയുള്ള പണിക്കാർക്കൊപ്പം വള്ളമിറക്കി നടുക്കടലിലേക്ക് പോവുന്ന, ചൂണ്ടയിട്ടും വലയെറിഞ്ഞും വല്യ കപ്പലുകളെ പേടിച്ചും നാലു പാടും കണ്ണു പായിച്ച് നേരം പുലരുവോളവും, മീനുള്ള ദിവസമാണെങ്കിൽ ചിലപ്പൊ നേരം പുലർന്നു കഴിഞ്ഞതിനു ശേഷവും വള്ളത്തിലിരുന്ന് പണിയെടുക്കുന്നൊരാൾ വീട്ടിലുണ്ട്. ഞങ്ങടെ നാട്ടിലെ മിക്കവാറും വീടുകളിലും അതുപോലൊരാളെ നിങ്ങൾക്കു കാണാനാവും.

ഒരിക്കൽ, മാത്രമാണ് ഞാനെൻ്റെ അച്ഛനൊപ്പം അല്പമെങ്കിലും ദൂരേക്ക് വള്ളത്തിലിരുന്ന് കടലിൽ പോയിട്ടുള്ളത്. കൂടെ കുറച്ച് സുഹൃത്തുക്കളുമുണ്ടായിരുന്നു. തീരം കണ്ണിൽ നിന്നു മായും വരെയും ഞങ്ങളൊക്കെ ആവേശത്തോടെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. തീരത്തിൻ്റെ പൊടി പോലും കാണാനാവാത്ത വിധത്തിൽ വള്ളം നീങ്ങിത്തുടങ്ങിയപ്പൊ, ചുറ്റും നീലക്കടലും മേലെ നീലാകാശവുമുൾപ്പെടെ സകലതും നീലമയം മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പൊ മുതൽ എല്ലാവരും അസ്വസ്ഥരാവാൻ തുടങ്ങി. ഇങ്ങനെ കടലു മാത്രം ചുറ്റുമുള്ള രാത്രികളാണല്ലോ പപ്പയുടേതെന്ന് മനസിലാക്കിയപ്പോ, എത്രയേറെ മഴകളും മിന്നൽ വെട്ടങ്ങളുമാണ് ഈ മത്സ്യത്തൊഴിലാളികളെ ദിവസവും തൊട്ടു, തൊട്ടില്ലായെന്ന മട്ടിൽ കടന്നു പോവുന്നതെന്നു മനസിലായപ്പൊ, ആ നിമിഷത്തിലാണ് അവരെ ഏറെ ബഹുമാനിച്ചു പോയത്.

എല്ലാവർക്കുമായില്ലെങ്കിലും നമ്മുടെ കമ്മ്യൂണിറ്റിയിലെ കുട്ടികൾക്കെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും സ്വന്തം അപ്പൻമാർക്കൊപ്പം കടലിൽ പോവാൻ സാധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നു വെറുതേ ആഗ്രഹിച്ചു പോവുകയാണ്.

ഞാനീ കുറിപ്പിലെ ഓരോ വാക്കും റ്റൈപ്പ് ചെയ്യുമ്പോൾ മറ്റൊരിടത്ത്, വിഴിഞ്ഞത്തിനടുത്തെവിടെയോ ഉള്ള കടലിൽ എൻ്റപ്പനും ഓരോ മീനായി വലയിൽ നിന്നു കടത്തി വള്ളത്തിലേക്ക് ഇടുന്നതിൻ്റെ തിരക്കിലായിരിക്കും എന്നു വെറുതേ സങ്കല്പിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു.

ഒരിക്കലെങ്കിലും കടലിൽ പോയി മീൻ പിടിച്ചിട്ടുള്ളവർക്കറിയാം അത് എത്ര വലിയ അധ്വാനമാണെന്ന്. ശാസ്ത്രമൊക്കെ പുരോഗമിച്ചെങ്കിലും, ചേല് നോക്കിയും കാറ്ററിഞ്ഞും കടലിലിറങ്ങുന്നവരാണ് ഞാൻ കണ്ട മത്സ്യബന്ധന ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളിൽ അധികം പേരും.

ഞങ്ങടെ തലമുറയ്ക്ക് അഭിമാനിക്കാൻ പോന്നത്ര ബുദ്ധിയും കഴിവും ധൈര്യവും കൈമുതലായുള്ള മനുഷ്യന്മാരാണവർ.

പപ്പയോടും പപ്പയെപ്പോലെ കടലിൽ പോയി മീൻ പിടിക്കുന്ന ഒരുപാടൊരുപാട് അങ്കിളുമാരോടും ഒരുപാട് സ്നേഹം😍.
ഇന്ന് നിങ്ങടെ ദിവസമാണ്

No Comments

Be the first to start a conversation

%d bloggers like this: