എൻ്റെ ജീവിതം എന്റെയും, അവളുടെ ജീവിതം അവളുടെയും ചോയിസാണ്. അതിലഭിപ്രായം പറയാൻ നിങ്ങളോ ഞാനോ ആളല്ല- സിന്ധു മരിയ നെപ്പോളിയന്‍ എഴുതുന്നു

പെൺകുട്ടികൾ ജനിക്കുമ്പൊ തൊട്ടേ അവൾക്കു വേണ്ടി ചെലവാക്കാൻ പോവുന്ന കാശിൻ്റെ പേരും പറഞ്ഞ് ചങ്കിടിക്കുന്ന മനുഷ്യരുടെ നാട്ടിൽ റിമാ കല്ലിങ്കലും അവരുടെ പൊരിച്ചമീൻ ഉദാഹരണവും ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരനുഭവമാണ്. എനിക്കുൾപ്പെടെ എൻ്റെ നാട്ടിലെ 99% പെൺകുട്ടികൾക്കും, സ്ത്രീകൾക്കും തുടരെ തുടരെ ഉണ്ടായിട്ടുള്ള അനുഭവം തന്നെയാണ് ഈ തീൻമേശയിലെ ആധിപത്യം.

ചിലയിടത്തത്, അവനൊരു ആൺകുട്ടിയല്ലേ മോളേ അവൻ കഴിച്ചോട്ടേ എന്ന ടോണിലാണെങ്കിൽ മറ്റു ചിലയിടത്തത് മര്യാദയ്ക്ക് ഉള്ളത് തിന്നിട്ട് എണീറ്റു പോടി, വീട്ടില് വല്ലതും സമ്പാദിച്ചു കൊണ്ടു തരേണ്ടവനാണ്, അവൻ കഴിച്ചിട്ടു വല്ലതും ബാക്കിയുണ്ടെങ്കിൽ എൻ്റെ മോള് കഴിച്ചാൽ മതി എന്ന ടോണിലാവും പറയുക. ഈ പറയുന്ന അമ്മയും, തനിക്കും തൻ്റെ പെൺമക്കൾക്കുമുള്ളതു കൂടി മകനും ഭർത്താവിനും വേണ്ടി മീൻകഷണത്തിൻ്റെയും ഇറച്ചി കഷണത്തിൻ്റെയും കട്ടിപ്പാലിൻ്റെയും ഏത്തപ്പഴത്തിൻ്റെയുമൊക്കെ രൂപത്തിൽ റിസർവ് ചെയ്തു വെയ്ക്കുന്ന കക്ഷിയാണ്.

അമ്മമാർ പറയുന്നതിൽ എന്താണ് തെറ്റ്, ഈ പറയുന്ന സഹോദരിമാരെ കല്യാണം കഴിപ്പിക്കാൻ വേണ്ടി അന്യനാടുകളിൽ പോയി കഷ്ടപ്പെടുന്നത് ഞങ്ങളല്ലേ, അതിനൊരു വിലയുമില്ലേ എന്ന് ന്യായമായും ചോദിക്കുന്ന സഹോദരന്മാരോട്, പെങ്ങളെ കാശു മേടിച്ച് കെട്ടാൻ വരുന്ന ഏതോ ഒരുത്തൻ്റെ പോക്കറ്റിൽ ഇട്ടു കൊടുക്കാനല്ലേ നിങ്ങളീ കഷ്ടപ്പെട്ട് കാശു സമ്പാദിക്കുന്നേ? പഠിക്കാനും ജോലി മേടിക്കാനും സ്വന്തമായൊരു ആത്മവിശ്വാസമുണ്ടാക്കാനും ആദ്യം ഇവിടുത്തെ പെൺകുട്ടികളെ അനുവദിക്ക് (ഇങ്ങനെ എഴുതേണ്ടി വരുന്നതിൽ നല്ല ബുദ്ധിമുട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ഇവിടുത്തെ പെൺകുട്ടികളുടെ ഏജൻസി ഇപ്പോഴും വീട്ടിലും ബന്ധത്തിലും നാട്ടിലുമുള്ള ആണുങ്ങളുടെ കയ്യിലാണ്) അതുകഴിഞ്ഞിട്ടാവാം ഈ പെങ്ങൾഭാരം ഏറ്റെടുക്കുന്നതിൻ്റെ പ്രാരാബ്ധം പറച്ചിൽ.

Image result for women empowerment

ഞങ്ങടെ നാട്ടിലെ സ്ത്രീധന സമ്പ്രദായത്തെപ്പറ്റിയൊക്കെ പിന്നീട് വിശദമായിത്തന്നെ എഴുതുന്നുണ്ട്. റിമയുടെ വിഷയത്തിൽ മനസിലാക്കേണ്ടത് എന്താണെന്നു വെച്ചാൽ, തന്നെ രണ്ടാംകിടക്കാരിയായി പരിഗണിച്ച അനേകം സാഹചര്യങ്ങളുണ്ടാവുകയും അതിൽ മേൽപറഞ്ഞ മീൻകഷണം കിട്ടാതെ പോയ അവസരത്തിൽ അവർ ആദ്യമായി പ്രതിഷേധിക്കുകയും ചെയ്തു എന്നുള്ളതാണ് വാസ്തവം. റിമയ്ക്ക് ഒരു പക്ഷേ ആ ഒരൊറ്റ അനുഭവത്തെപ്രതി പിന്നീട് വീട്ടിൽ ഒരു സേ കിട്ടിത്തുടങ്ങിയിരിക്കാം. പക്ഷേ മിക്കവാറും പെൺകുട്ടികളുടെ കാര്യത്തിൽ വർഷങ്ങളോളം കലഹിച്ചു കൊണ്ടേയിരുന്നതിനൊടുവിലാണ് അവർക്ക് ഇടങ്ങൾ കിട്ടിത്തുടങ്ങിയത്.

അടുത്തിടെ വിവാഹിതയായ എൻ്റെയൊരു കൂട്ടുകാരിയുണ്ട്. അവളുടെ അമ്മ കല്യാണം അറിയിക്കാൻ മറ്റൊരു കൂട്ടുകാരിയുടെ വീട്ടിൽ ചെന്നപ്പോൾ പറഞ്ഞത്,
‘ഞാനെൻ്റെ ഭാരമെല്ലാം ഇറക്കി, നീ എന്തിനാണ് വെറുതെ ഇവളെ ഇങ്ങനെ പഠിക്കാൻ വിടുന്നത്, വർഷം കഴിയുന്തോറും കല്യാണച്ചെലവു കൂടൂകയാണ്. പെട്ടെന്ന് അവളെ ആരെയെങ്കിലും പിടിച്ചേൽപിക്കാൻ നോക്ക്’ എന്നാണത്രേ. അന്നതിന് മറുപടി പറയാൻ പറ്റാതെ എന്നെ വിളിച്ച് കരഞ്ഞ അവൾ, ഈ നാട്ടിൽ നിന്നാൽ ശരിയാവില്ലെന്നു മനസിലാക്കി ഇപ്പോൾ മറ്റൊരിടത്തു പോയി, ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്.

പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യമാണ്, കുടുംബക്കാർക്കിടയിൽ എന്തു വാക്കുതർക്കങ്ങളുണ്ടായാലും അതു രമ്യതപ്പെടുത്താനായി എടുത്തിടുന്നത് എൻ്റെ കല്യാണ വിഷയമാണ്. ‘
അവളെ മാന്യമായി, നാലാൾക്കാരുടെ മുന്നിൽ വെച്ച് ഒരുത്തന് കൈപിടിച്ചു കൊടുക്കണ്ടേ, അതിന് ഞങ്ങളൊക്കെ വേണ്ടേ’ എന്നൊക്കെ. ഇതു കേൾക്കുമ്പോൾ തോന്നുന്ന വെറുപ്പുണ്ടല്ലോ…! ഒരിക്കൽ ഇങ്ങനെ വീട്ടിൽ വന്ന് സംസാരിച്ച ഏതോ ബന്ധുക്കൾ പോയിക്കഴിഞ്ഞയുടനെ പപ്പയ്ക്കും അമ്മയ്ക്കും ഞാൻ രണ്ടര മണിക്കൂർ ക്ലാസെടുത്തു കൊടുത്തു. അതിൽപ്പിന്നെ, എൻ്റെ മകളുടെ കാര്യം ഞാൻ നോക്കിക്കോളാമെന്നേ ഇത്തരക്കാരോട് പപ്പ പറയാറുള്ളൂ.

മകളെ എന്തിനാണ് ജേർണലിസം പഠിക്കാൻ വിട്ടതെന്നു ചോദിച്ചവരുണ്ട്. അത് ആൺകുട്ടികളുടെ ജോലിയാണെന്നും പറഞ്ഞ് വെറുപ്പിച്ചവരുണ്ട്.

എപ്പോഴും നേരം ഇരുട്ടിയിട്ടാണല്ലോ ഈ പെണ്ണ് വീട്ടിൽ കേറുന്നതെന്നും പറഞ്ഞ് ചൊറിയാൻ വന്നവരുണ്ട്, തൻ്റെ വീട്ടിലൊന്നുമല്ലല്ലോ വന്നു കേറുന്നെ എന്നു ചോദിച്ചിട്ട് എൻ്റെ പണി നോക്കി പോയിട്ടേയുള്ളൂ.

Image result for women empowerment

ആൺപിള്ളേരുടെ കൂടെ ബൈക്കിൽ പോക്കാണോ ഹോബിയെന്നും പന്ത്രണ്ടു മണി കഴിഞ്ഞാലും ഓൺലൈനിലുണ്ടല്ലോ, ആരോടാ ഈ കിന്നരിക്കുന്നെ എന്നും ചോദിച്ച മഹാന്മാരുണ്ട്.

കെ.സി.വൈ.എമിൻ്റെയും എൻ.സി.സി. യുടെയും സി.എസ്.സി.എഫിൻ്റെയുമൊക്കെ കാര്യങ്ങൾക്കായി നാടുനീളെ അലഞ്ഞു നടന്നപ്പോൾ, പെൺമക്കളെ വീട്ടിലടച്ചു വളർത്തണമെന്ന് ഉപദേശിച്ച ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്.

അവരൊക്കെ ഇപ്പൊ ഇടയ്ക്കു വിളിച്ച് കയ്യടിക്കുകയും കൺഗ്രാറ്റ്സ് പറയുകയും ചെയ്യുമ്പോൾ ഒരിത്തിരി അഹങ്കാരവും തോന്നാറുണ്ടേ 😁

ഈയടുത്തിടെ കൂടി, അപ്രതീക്ഷിതമായുണ്ടായ ഒരു വഴിതടയൽ സമരം കാരണം രാത്രി വഴിയിൽ പെട്ടു പോയപ്പോൾ ഒരു കസിൻ ബ്രദറിനെ വിളിച്ച് സഹായം ചോദിച്ചു വരുത്തിച്ചപ്പോൾ, നിൻ്റെയീ കറക്കവും നാടു നന്നാക്കലുമൊക്കെ കൊള്ളാം പക്ഷേ വല്ലവനും വന്ന്, ഇതുപോലൊരു സമയത്ത് ദേഹത്തു കൈ വയ്ക്കുമ്പൊഴേ നീ മനസിലാക്കുള്ളൂ എന്ന് ആ മനുഷ്യൻ പറഞ്ഞപ്പോൾ സത്യമായും ആ ബൈക്കിന്ന് ചാടി രക്ഷപ്പെടാനാണ് തോന്നിയത്.

രാവിലെ എണീക്കുമ്പൊ തൊട്ട്, രാത്രി കിടക്കും വരെയും മുന്നിൽ കാണുന്ന ഓരോ മനുഷ്യരും എന്തു വിചാരിക്കുമെന്നു കരുതി സകല ഇഷ്ടങ്ങളും താല്പര്യങ്ങളും അമർത്തി വെച്ച് ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ഒരു ജീവിതകാലം മുഴുവനും തള്ളി നീക്കുന്നവരാണ് ഇവിടുത്തെ പെണ്ണുങ്ങൾ.

Image result for women empowerment

രാവിലെ എണീറ്റപാടെ അച്ഛനും അനിയനും വായിച്ചു കഴിഞ്ഞിട്ട് ഞാൻ പത്രം വായിക്കുന്നതല്ലേ നല്ലത്, ഫ്രിഡ്ജിൽ ആകെ ബാക്കിയിരിപ്പുള്ള ഒരു മുട്ട ബുൾസൈ ആക്കി അവൻ കഴിച്ചോട്ടേ, ഈ ടോപ്പിൻ്റെ ഇറക്കം കുറഞ്ഞു പോയെന്നും പറഞ്ഞ് ഇനി ആരേലും മോശം പറഞ്ഞാലോ, വേറെ വല്ലതുമിടാം, ഈശ്വരാ ബസിൽ വെച്ച് എൻ്റെ വർത്താനത്തിൻ്റെ ശബ്ദം കൂടിപ്പോയോ, ചേട്ടൻ്റെ ആ കൂട്ടുകാരൻ, ഞാൻ രമേഷിനോടും സുരേഷിനോടും സംസാരിച്ചു നിൽക്കുന്നതു കണ്ടു കാണുമോ, അവരെങ്ങാനുമിനി ചേട്ടനോട് പറഞ്ഞ് സീനാക്കുമോ, ഈ കോളേജിലെ കാൻ്റീനിൽ മൊത്തം ആൺപിള്ളേരാണല്ലോ, എവിടെയാ ഒന്നിരിക്കുക, പിരീഡ്സ് ആയെന്നു തോന്നുന്നല്ലോ, കയ്യില് പാഡുമില്ല, ഇവരോടെങ്ങാനും പറഞ്ഞ് മേടിപ്പിക്കണോ, വൈകിട്ടാവുമ്പൊ ഈ ബസിലൊക്കെ ഇതിനും മാത്രം ആൾക്കാരിതെവിടുന്നാണപ്പാ, ഈ വയറു വേദനയും പിടിച്ച് വീടു വരെ നിൽക്കണോല്ലോ, അല്ലെങ്കിൽ വേണ്ടാ, സന്ധ്യാ സമയത്ത് പെൺപിള്ളേർ കിടന്നുറങ്ങിയാൽ വീട്ടിലുള്ളവർക്ക് ദോഷം ആണത്രേ, എണീക്കാം…
എന്നു തുടങ്ങി ഒരായിരം ചിന്തകളും പേടികളും അപകർഷതകളും ഉള്ളിലിട്ട് നടക്കുന്നവരാണ് ഓരോ പെൺകുട്ടികളും. ആൺജന്മത്തിൻ്റെ പ്രവിലേജിലാറാടി ജീവിക്കുന്നവരോട് ഇതൊക്കെ ഇനി എത്ര തവണ പറഞ്ഞാലും മനസിലാക്കുമെന്ന് തോന്നുന്നില്ല. എങ്കിലും പറയാതിരിക്കാനാവില്ലല്ലോ…
ഇങ്ങനെ തന്നിഷ്ട്ട പ്രകാരം ജീവിച്ചതിൻ്റെ പേരിൽ ‘വഴിപിഴച്ചു പോയ’ പെണ്ണുങ്ങളുടെ ഉദാഹരണവും പറഞ്ഞ് വരരുത്, എൻ്റെ ജീവിതം എൻ്റെയും, അവളുടെ ജീവിതം അവളുടെയും ചോയിസാണ്. അതിലഭിപ്രായം പറയാൻ നിങ്ങളോ ഞാനോ ആളല്ല.

അത്രേയുള്ളൂ.

No Comments

Be the first to start a conversation

%d bloggers like this: