പ്രാണൻ പകരം ചോദിച്ചേക്കാവുന്ന ഒരു പടനിലമാണിത്, അത്തരമൊരിടത്ത് ഉള്ളുലയാതെ ഉറച്ചു നിൽക്കുക തീർച്ചയായും എല്ലാവർക്കും സാധ്യമല്ല തന്നെ… ഒഞ്ചിയത്തെ തിരിച്ച് പോക്കിനെ കുറിച്ച് റവല്യൂഷണറി യൂത്ത് ഓൾ ഇന്ത്യ കോഡിനേഷൻ മെമ്പര്‍ ഷിധീഷ് ലാല്‍ എഴുതുന്നു

ഒഞ്ചിയത്തെ ആർഎംപിക്കാരൊക്കെ തിരികെ സിപിഎമ്മിലെത്തിയെന്ന പ്രചാരണത്തിന് ആർഎംപീയോളം തന്നെ പ്രായമുണ്ടാവണം. ‘ആർഎംപീയിൽ പൊട്ടിത്തെറി’, ‘നൂറുകണക്കിന് പേർ സീപീയെമ്മിലേക്ക്’ തുടങ്ങിയ തലക്കെട്ടുകൾ ദേശാഭിമാനിയിലും സൈബർ കൊടിസുനിമാരുടെ സോഷ്യൽ മീഡിയാ വാളുകളിലും വർഷത്തിൽ നാലെന്ന കണക്കിന് പ്രസിദ്ധീകൃതമാവാൻ തുടങ്ങിയിട്ടും ഒരു ദശകമായിരിക്കുന്നു. 2008 ജൂണിൽ cpm-ൻറെ നേതൃപ്രമാണിത്തം ആറുമാസക്കാലത്തെ ആയുസ്സ് വിധിച്ചൊരു പ്രസ്ഥാനം പതിറ്റാണ്ടാഘോഷിക്കാൻ ഇപ്പോഴും ബാക്കി നിലനിൽക്കുന്നുവെന്ന് തന്നെയാണ് ആവർത്തിക്കുന്ന ഈ ‘പൊട്ടിത്തെറി’ വാർത്തകൾ സത്യത്തിൽ സ്ഥിരീകരിക്കുന്നത്.

ഈ ആർഎംപി വിരുദ്ധ വാർത്താഘോഷങ്ങൾ മൂന്ന് വസ്തുതകൾക്കാണ് അടിവരയിടുന്നത്. ഒന്ന് ഒഞ്ചിയമെന്ന രക്തസാക്ഷി ഗ്രാമത്തിൽ നിന്നും സമീപ പാർട്ടി മേഖലകളിൽ നിന്നും ആയിരക്കണക്കിന് സാധാരണ കമ്യൂണിസ്റ്റ് പാർട്ടി സഖാക്കളാണ് ആർഎംപിയിലേക്ക് പോയത്.
രണ്ട്, അവരിൽ നിന്ന് നാമമാത്രമായ ആളുകളെ മാത്രമേ എല്ലാ അടവുകളും പുറത്തെടുത്ത് പയറ്റിയിട്ടും സിപിഎം നേതൃത്വത്തിന് വലയിലാക്കാൻ കഴിഞ്ഞുള്ളൂ.
തിരികെ വന്നെന്ന് പ്രചരിപ്പിക്കപ്പെടുന്നവരുടെ എണ്ണം സംബന്ധിച്ച് മിക്കപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത് സിപിഎം നേതൃത്വത്തിൻറെ ആഗ്രഹങ്ങൾ കൂടി ചേർത്ത് പൊലിപ്പിച്ച കണക്കുകളാണ് എന്നത് മൂന്നാമത്തെ കാര്യം. ഭാഗികസത്യങ്ങളിൽ തരം പോലെ അസത്യങ്ങൾ ചേർത്തിളക്കിയ നുണപ്പായസവിതരണമാണ് ഭക്തജനങ്ങൾക്കായി ആർഎംപീയെ ഉന്നമിട്ട് സിപിഎം ഗീബൽസുമാർ തുടർന്നു കൊണ്ടിരിക്കുന്നത് എന്ന് ചുരുക്കം.

‘ആർഎംപി ഏരിയാ കമ്മിറ്റി മെമ്പർ പ്രഭാകരനും 25 ആർഎംപി പ്രവർത്തകരും ആർഎംപി വിട്ട് സിപിഎമ്മിൽ ചേർന്നു’ എന്ന അതിസമീപവാർത്ത മേൽപറഞ്ഞ കുതന്ത്രങ്ങളെല്ലാം തരം പോലെ അലിയിച്ച ലക്ഷണമൊത്തൊരു ഗീബൽസിയൻ പ്രയോഗമാണെന്ന് കാണാം.
ഈ വാർത്തയിൽ ‘പ്രഭാകരനും ഏതാനും പേരും cpmൽ ചേർന്നു’ എന്നത് മാത്രമാണ് വസ്തുത. ബാക്കിയെല്ലാം ഒരു ഭാഗികസത്യത്തിൽ സമർത്ഥമായി ചേർത്തിളക്കിയ പെരുംനുണകളാകുന്നു.
പ്രഭാകരൻ rmpയുടെ ഏരിയാ കമ്മിറ്റി അംഗം പോയിട്ട് കഴിഞ്ഞ ഒരു വർഷമായി പാർട്ടിയുടെ പ്രാഥമിക അംഗം പോലുമല്ലെന്ന വസ്തുത സൗകര്യപൂർവ്വം മറച്ചുവെക്കപ്പെട്ടു.
പാർട്ടിയുടെ പ്രാഥമിക അംഗത്വമെങ്കിലും ഉള്ളവരെയാണ് നാം സാധാരണയായി പാർട്ടി പ്രവർത്തകരെന്ന് വിളിക്കുക. ആ മാനദണ്ഡം ഈ വാർത്തയ്ക്ക് ബാധകമാണെങ്കിൽ മേൽപറഞ്ഞ പ്രഭാകരൻറെ മരുമകൻ സുരേഷ് എന്നയാൾ മാത്രമാണ് cpm-ൽ ചേർന്നെന്ന് പറയുന്ന ഇക്കൂട്ടത്തിലൊരു ആർഎംപി പ്രവർത്തകനുള്ളത്. അദ്ദേഹം Rmp-യുടെ ഒരു പാർട്ടി മെമ്പറാണ്. തൻറെ മകന് 2008-ൽ cpm ക്രിമിനലുകളിൽ നിന്ന് ആക്രമണം നേരിട്ടതിനെ തുടർന്ന് സിപിഎം പ്രവർത്തനങ്ങളോട് ഏറെക്കാലമായി നിസ്സഹകരിച്ച് നിൽക്കുന്നയാൾ ചില വാഗ്ദാനങ്ങളെ തുടർന്ന് വീണ്ടും സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന് Rmp-യുടെ Lc മെമ്പർ പദവി ഫ്രീയായിട്ട് കൊടുത്തു സിപിഎമ്മിൻറെ നുണനിർമ്മാണ ഫാക്ടറികൾ!!
രാജിവെച്ച് സിപിഎമ്മിൽ ചേർന്നവരുടെ പ്രചരിപ്പിക്കപ്പെടുന്ന എണ്ണക്കണക്ക് GSTയെ നാണിപ്പിച്ചു കളയും.
‘പ്രഭാകരനും 25 പേരുമെന്ന്’ സൈബർ കൊടിസുനി പോസ്റ്റുകൾ ആവേശപ്പെടുമ്പോൾ, അത് വെറും പത്ത് പേരേയുള്ളൂവെന്ന് പ്രഭാകരൻ തന്നെ തൻറെ സ്വീകരണ പ്രസംഗത്തിൽ വെട്ടിച്ചുരുക്കുന്നു!! തുടർന്ന് വന്ന ദേശാഭിമാനി വാർത്തയിൽ രാജിവെച്ച് ചെന്നവരുടെ പേര് വിവരം പ്രസിദ്ധീകരിച്ചതോടെ ആർഎംപി അനുഭാവികളുടെയോ, മുൻ ആർഎംപിക്കാരുടെയോ എണ്ണം എട്ടായി ചുരുങ്ങിയിരിക്കുന്നു. 200%-ൽ അധികം നുണചേർത്തിളക്കിയൊരു കള്ളക്കണക്ക് ‘നേരിൻറെ പാളയത്തിലേക്ക്’ എന്ന പരിഹാസ്യമായ തലപ്പാവുമിട്ട് നമ്മുടെ സോഷ്യൽ മീഡിയയിൽ സകല സിപിഎം ഭക്തജനങ്ങളുടേയും fb-ചുവരുകളിൽ ഞെളിഞ്ഞിരിക്കുന്നുവെന്ന് ചുരുക്കം!!!

ബഹുവിധ നുണകളുടെ വർണ്ണമാലയിട്ട് പെരുംകള്ളങ്ങളുടെ തേരിലേറ്റി ”നേരിൻറെ പാളയ”ത്തിലേക്ക് സീപീയം ഗീബൽസുമാർ ആർഎംപീക്കാരെ എഴുന്നള്ളിക്കുന്നത് തീർച്ചയായും ഇനിയും തുടരുക തന്നെ ചെയ്യും. കാരണം മറ്റൊന്നുമല്ല.,
എല്ലാ നുണയാക്രമണങ്ങൾക്കും കൊലവാൾത്തേർവാഴ്ചകൾക്കും അമിതാധികാര പ്രയോഗങ്ങൾക്കും തുടരുന്ന ഭരണഭീകരതകൾക്കുമിടയിലും ആർഎംപിഐ അവിടെ ഇപ്പോഴും നിലനിൽക്കുന്നുവെന്നത് തന്നെ കാരണം.

തീർച്ചയായും അതൊരത്ഭുതമാണ്. പൊതുജീവിതമണ്ഡലങ്ങൾ കൊടുംസ്വാർത്ഥങ്ങളുടെ ഇരുട്ടിൽ പുതയവെ., ഉടുപ്പുടയാത്ത പ്രൊഫഷണലിസമാണ് രാഷ്ട്രീയമെന്ന് ചുറ്റുപാടുകളിലെ കെട്ടുകാഴച്ചകളും കെട്ടകാഴ്ചകളും ആവർത്തിച്ചു കൊണ്ടിരിക്കെ, തനിക്കെന്ത് ലാഭമെന്ന് ഓരോ ചുവടിലും ഉറപ്പാക്കാൻ പഠിപ്പിക്കുന്ന പൊളിറ്റിക്കൽ കരിയറിസം അരങ്ങടക്കി വാഴവേ., ഏറ്റവും കനംകുറഞ്ഞ മേലുടുപ്പായി ആദർശങ്ങളും നിലപാടുകളും നഗ്നതയോളം നേർത്തുകഴിഞ്ഞ അശ്ലീല സമവായത്തിൻറെ കാലത്ത്, ഒരു ജനത രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ മാത്രം വ്യക്തിഗത നഷ്ടങ്ങളുടെ ചോരയിൽ നനഞ്ഞ്, ഈ തെരുവിൽ നിൽക്കാൻ തുടങ്ങിയിട്ട് ഒരു ദശകമാവുന്നു എന്നത് തീർച്ചയായും അത്ഭുതം തന്നെയാണ്. പോരാളികളിലും രാഷ്ട്രീയത്തിലുമുള്ള വിശ്വാസത്തിൻറെ വിളക്കണയ്ക്കാൻ നേരമായില്ലെന്ന് ഒരു ജനത സമുജ്വല സമരത്തിൻറെയും സമാനതകളില്ലാത്ത സഹനത്തിൻറെയും സാഹസികജീവിതം കൊണ്ട് ഈ ലോകത്തോട് വിളിച്ചു പറയുമ്പോൾ തീർച്ചയായും അതിന് നാം കാതുനൽകേണ്ടതുണ്ട്. അർധസത്യങ്ങളും അസത്യങ്ങളും കൂട്ടിത്തുന്നിയ നുണവാർത്തകളുടെ കീറച്ചാക്കുകൾക്ക് ഒഞ്ചിയത്തെ നേരിൻറെ സൂര്യവെളിച്ചങ്ങളെ മൂടിവെക്കുക സാധ്യമല്ല തന്നെയാണ് ഈ രാഷ്ട്രീയ സഹനജീവിതങ്ങൾ വിളംബരം ചെയ്യുന്നത്.

എത്ര പേർ ആർഎംപിയിൽ നിന്ന് സിപിഎമ്മിലേക്ക് മടങ്ങിയെത്തിയെന്ന കണക്കെടുക്കും മുമ്പ് പിണറായിവാഴ്ചയാരംഭിച്ച ഈ ഒന്നര വർഷത്തിനിടയിൽ ഇവിടെ എത്ര ആർഎംപീക്കാർ സിപിഎം കൊലവാളുകൾക്കിരയായി ശയ്യാവലംബികളായെന്ന് അറിയണം നമ്മൾ. മനുഷ്യത്വത്തിൻറെ അവസാന കണികയും നഷ്ടമായ സിപിഎം ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും രോഗികളും ഭിന്നശേഷിക്കാരും വരെ എത്രപേർ തല്ലേറ്റുവീണെന്ന് കാണണം നാം.
എത്ര വാഹനങ്ങൾക്ക് തീയിട്ടുവെന്ന്, എത്ര വീടുകൾ തല്ലിത്തകർത്തുവെന്ന്, എത്ര ഗ്രന്ഥശാലകൾ ചുട്ടെരിക്കപ്പെട്ടെന്ന്, എത്ര സ്മാരകങ്ങൾ ഇടിച്ചു നിരത്തിയെന്ന് അന്വേഷിക്കണം നാം.

നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ Rmp ക്കെതിരെ എന്തെല്ലാം നെറികേടുകളരങ്ങേറി?!! ‘രമയുടെ മാത്രം പാർട്ടി’യെന്ന് Rmpക്ക് പരിഹാസപൂർണ്ണനാമമിട്ട വീരൻമാർക്ക് പക്ഷെ ബാലറ്റിൽ രമയെ തനിച്ച് നിർത്താൻ ധൈര്യം പോരാതെ വന്നു., രണ്ട് അപര ‘രമ’കളെ കെ.കെ.രമയുടെ ഇരുപുറം നിർത്തിയ ജനാധിപത്യ വിരുദ്ധ നാണക്കേടിന് നാം സാക്ഷിയായി. തെരഞ്ഞെടുപ്പ് പര്യടനവേളയിൽ ‘രമ ഷിബിൻ കൊലക്കേസ് പ്രതികൾക്കൊപ്പം’ സെൽഫിയെടുത്തെന്ന നെറികെട്ട നുണ നാണമില്ലാതെ പ്രചരിപ്പിച്ചവരിൽ cpm-ൻറെ ഏരിയാ സെക്രട്ടറി വരെയുണ്ടായിരുന്നല്ലോ. ആ കൊടുംനുണ കൈയ്യോടെ പിടിക്കപ്പെട്ടപ്പോൾ ഔപചാരികതയുടെ പേരിലെങ്കിലും ഒരു ക്ഷമാപണം നടത്താൻ ഈ നേതൃത്വത്തിലെങ്കിലും ആരെങ്കിലും തയ്യാറായോ?!!

തെരഞ്ഞെടുപ്പ് പ്രചാരണവീഥിയിൽ സ്ഥാനാർത്ഥിയെ തന്നെ ആക്രമിക്കുന്ന ലജ്ജാകരമായ അവസ്ഥയ്ക്കും നാട് സാക്ഷി!!
ആ ആക്രമണത്തെ നിർവ്യാജം തള്ളിപ്പറയുന്നതിന് പകരം സീപീയെമ്മിൻറെ ഉന്നതതല നുണനിർമ്മാണ ശാലകൾ വോട്ടറായ sfi വനിതാ നേതാവിനെ കെ.കെ.രമ തെറിവിളിച്ചെന്ന വ്യാജ വീഡിയോ
തയ്യാറാക്കി തെരഞ്ഞെടുപ്പിൻറെ തലേന്നാൾ രാപ്പകൽ ഇടതടവില്ലാതെ പാർട്ടി ചാനൽ വഴി സംപ്രേഷണം ചെയ്യുകയായിരുന്നു. തങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിര് നിൽക്കുകയും ഭീഷണികൾക്ക് വഴങ്ങാതിരിക്കുകയും ചെയ്യുന്നവരെ അവർ സ്ത്രീകളാണെങ്കിൽ പോലും എത്രമേൽ മ്ലേച്ഛമായും ക്രൂരമായുമാണ്‌ സിപിഎം പോലൊരു പാർട്ടി നേതൃത്വം വ്യക്തിഹത്യ നടത്തി സംഘടിതവും ആസൂത്രിതവുമായി അപമാനിക്കുകയെന്നതിൻറെ കൃത്യമായ ഉദാഹരണമായി മാറി പീപ്പിൾ ചാനലിൻറെ ഈ വ്യാജവീഡിയോ പ്രചാരണം.

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പിണറായി വിജയൻ അധികാരമേറ്റിട്ടും കൊല്ലം ഒന്നര കഴിഞ്ഞിരിക്കുന്നു. കെ.കെ.രമ വോട്ടറെ തെറിവിളിച്ച കേസ് എന്തേ കോടതിയിൽ വരുന്നില്ല?!! പീപ്പിൾ ടിവി ആഘോഷിച്ച ആ വീഡിയോ ക്ലിപ് ഒരു വിലപ്പെട്ട തെളിവായിട്ടും, കെകെരമയെന്ന കുലംകുത്തിക്ക് ശിക്ഷ വാങ്ങിക്കൊടുത്ത് തുറുങ്കിലടക്കാൻ ഇരട്ടച്ചങ്കൻറെ ആഭ്യന്തര വകുപ്പിന് എന്താണാവോ തടസ്സം?!! കോടതിയിൽ വീഡിയോ ക്ലിപ് ഹാജരാക്കിയാൽ തീർച്ചയായും അത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് സിപിഎമ്മിൻറെ വ്യാജ വീഡിയോ നിർമ്മാതാക്കൾക്ക് കൃത്യമായും അറിയാം. വ്യാജ വീഡിയോ നിർമ്മിച്ച് വനിതാ സ്ഥാനാർത്ഥിയെ അപമാനിച്ചതിന് പാർട്ടിയുടെയും ചാനലിൻറെയും പ്രമാണിമാർ അഴിയെണ്ണേണ്ടി വരികയും ചെയ്യും.അതുകൊണ്ട് ആ കേസും വീഡിയോ ക്ലിപ്പും ഒരു കോടതിയിലും വരാൻ പോകുന്നില്ല. ആ വീഡിയോ സത്യമാണെങ്കിൽ കോടതിയിൽ ഹാജരാക്കി തനിക്കെതിരെ നിയമനടപടി കൈക്കൊള്ളാൻ കെകെരമ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ അരച്ചങ്കുള്ളവരാരും ആ പാളയത്തിലില്ലാതെ പോയി!! വ്യാജവീഡിയോ ചമച്ച് അപമാനിച്ചതിനെതിരെ രമ കൊടുത്ത അപകീർത്തിപ്പരാതിയിലും ചെറുവിരലനക്കാൻ വടകരയിലെ പോലീസ് അധികാരികൾ തയ്യാറുമല്ല. എത്ര ദയനീയമാണ് സിപിഎം നേതൃത്വത്തിൻറെ സംസ്കാരവും സഹിഷ്ണുതയും ജനാധിപത്യ ബോധവും എന്നറിയണം നാട്.

ജീവിതസഖാവിൻറെ ചേതനയറ്റ ശരീരത്തിന് മുന്നിൽ മുതൽ തെരഞ്ഞെടുപ്പ് വേദി വരെ തൻറെ നിലപാടും രാഷ്ട്രീയവും ഉറക്കെത്തന്നെ പറഞ്ഞവളോടുള്ള കുലപ്രമാണിത്തത്തിൻറെ തീരാപ്പക ഫലപ്രഖ്യാപനദിനം തെരുവിൽ എല്ലാ ജനാധിപത്യ മര്യാദകളേയും മൂല്യങ്ങളേയും ചുട്ടെരിച്ച് ചുടലനൃത്തം ചവിട്ടിയതിനും വടകരക്കാർ സാക്ഷി. തോൽപ്പിച്ചത് udf-നെയാണെങ്കിലും ഫലം വന്ന് മിനിട്ടുകൾക്കുള്ളിൽ നഗരമധ്യത്തിലെ കെകെരമയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തച്ചുതകർത്ത് തീയിട്ടുകൊണ്ടാണ് സീപീയം ഗുണ്ടാസംഘങ്ങൾ വടകരയിലെ വിജയാഹ്ലാദപ്രകടനങ്ങൾക്ക് തുടക്കമിട്ടത്. രമയുടെ മുഖംമൂടിയും ധരിച്ച് അശ്ലീലപ്പെൺവേഷം കെട്ടി നട്ടുച്ചയ്ക്ക് നഗരമധ്യത്തിൽ സംസ്കാരശൂന്യമായ ചേഷ്ടകളുമായി കുഴഞ്ഞാടിച്ചുവടുവെച്ച സിപിഎം സംഘങ്ങൾ സ്ത്രീത്വത്തെ തന്നെയാണ് തെരുവിൽ പരസ്യമായി അപമാനിച്ചത്.

കണ്ണൂർ ജില്ലയുടേയും കോഴിക്കോട് ജില്ലയുടേയും വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിനിർത്തപ്പെട്ട കൊലയാളിക്കൂട്ടങ്ങൾ ഫലപ്രഖ്യാപനത്തിന് ശേഷം വാഹനങ്ങളുമായി ഒഞ്ചിയം മേഖലയിലേക്ക് ഇരച്ചുകയറി അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. ടിപി വെട്ടേറ്റുവീണ വള്ളിക്കാട് സ്ഥാപിക്കപ്പെട്ട സ്മാരകസ്തൂപത്തിൽ പട്ടാപ്പകൽ പോലീസ് സാന്നിധ്യത്തിൽ കരിഓയിൽ കലക്കിയൊഴിച്ചാരംഭിച്ച തേർവാഴ്ച അർധരാത്രിയോളം നീണ്ടു. ഒഞ്ചിയം മേഖലയിലെ Rmp ഓഫീസുകളും സ്മാരകങ്ങളും എല്ലാം തല്ലിത്തകർത്തവർ നിരവധി ഗ്രന്ഥാലയങ്ങൾക്കും തീയിട്ടു. ടിപിയുടെ ചിത്രക്കലണ്ടറും ഫോട്ടോയും ഉമ്മറക്കോലായിൽ തൂക്കിയ വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടു. നെല്ലാച്ചേരിയിൽ വീടുകളിൽ ഇരച്ചെത്തിയ അക്രമിക്കൂട്ടം സ്ത്രീകളേയും വൃദ്ധരേയുമാണ് തല്ലിവീഴ്ത്തിയത്. ഓർക്കാട്ടേരി മണപ്പുറത്ത് വീടുകയറി നടത്തിയ ആക്രമണത്തിൽ ആറു വയസ്സുള്ള പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും വരെ പരിക്കേറ്റു. തടയാനെത്തിയ തെങ്ങുകയറ്റ തൊഴിലാളിയായ ആർഎംപി പ്രവർത്തകൻറെ ഇരുകൈയ്യും ഇരുമ്പ് പൈപ്പുകൊണ്ട് തല്ലിത്തകർത്താണ് അക്രമിക്കൂട്ടം വാഹനത്തിൽ രക്ഷപ്പെട്ടത്.
അന്നു തുടങ്ങിയ ആക്രമണപരമ്പരകൾ ഭരണാധികാരത്തിൻറെ തണലിലും പോലീസ് സേനയുടെ കാവലിലും അഭംഗുരം തുടർന്നുകൊണ്ടേയിരിക്കുന്നു ഒഞ്ചിയത്തിപ്പോഴും.

ഒഞ്ചിയം ബേങ്ക് പരിസരത്തെ Rmtu ഓട്ടോ തൊഴിലാളി യൂണിയൻ പ്രവർത്തകൻ രഞ്ജിത്തിൻറെ പുതുപുത്തൻ ഓട്ടോ നമ്പറിട്ട് നിരത്തിലിറങ്ങിയ നാൾ തന്നെ ചുട്ടുചാമ്പലാക്കപ്പെട്ടു. ആ തൊഴിലാളി കുടുംബത്തിന് വാരിയെടുക്കാൻ ബാക്കിയുണ്ടായിരുന്നത് ഒരു പിടി ചാരം മാത്രം!! റവല്യൂഷണറി മഹിളാ ഫെഡറേഷൻ ഒഞ്ചിയം ഏരിയാ സെക്രട്ടറി മിനികയുടെ തുരുത്തിമുക്കിലെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി മുഴക്കിയ സീപീയം ഗുണ്ടാസംഘം, മിനികയുടെ ഭർത്താവും ആർഎംപി നേതാവുമായ കെ.പി.സുധീറിൻറെ ഗുഡ്സ് ഓട്ടോ തച്ചുതകർത്തതിന് ശേഷം മറിച്ചിട്ട് തീകൊളുത്താൻ ശ്രമിച്ചു. പ്രവാസിയായ ആർഎംപി പ്രവർത്തകൻ പ്രമോദിൻറെ, സ്ത്രീകൾ മാത്രം താമസമുള്ള മുയിപ്ര പടിഞ്ഞാറുള്ള വീട്ടുവളപ്പിൽ അർധരാത്രിയിൽ അതിക്രമിച്ചു കടന്ന സിപിഎം ക്രിമിനൽ സംഘം മതിൽ തകർക്കുകയും തെങ്ങുകൾ വെട്ടിമാറ്റുകയും ചെയ്തു. അയൽവാസിയായ റവല്യൂഷണറി മോട്ടോർ തൊഴിലാളി യൂണിയൻ നേതാവ് ടി.വിജയൻറെ വീടിന് നേരെ അരങ്ങേറിയത് ബോംബാക്രമണമാണ്. ഒഞ്ചിയത്ത Rmtu നേതാവ് ദീപക്കിൻറെ വീടും രാത്രിയിൽ തന്നെ അടിച്ചുതകർക്കപ്പെട്ടു. ടിപിയുടെ വീടിന് സമീപം റോഡിൽ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകർത്ത ഗുണ്ടാസംഘം മലോൽ ക്ഷേത്രോത്സവസമയത്ത് നിരവധി ആർഎംപി, റവല്യൂഷണറി യൂത്ത് പ്രവർത്തകരെയാണ് ആക്രമിച്ചത്. കെ.കെ.രമ സ്ഥിരമായി സഞ്ചരിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീടിന് നേരെയും ബോംബാക്രമണം അരങ്ങേറി. തികച്ചും അകാരണമായാണ് വെള്ളികുളങ്ങരയിൽ Rmtu പ്രവർത്തകനെ ആക്രമിച്ചത്.

സോഷ്യൽ മീഡിയയിൽ സിപിഎമ്മിനെ വിമർശിച്ച കുറ്റത്തിനാണ് പ്രവാസിയായ വിഷ്ണുവിനെ നാട്ടിലെത്തി രണ്ടാം നാൾ ബൈക്ക് തടഞ്ഞ് ആക്രമിച്ച് വധിക്കാൻ ശ്രമം നടന്നത്. കൂടെയുണ്ടായിരുന്ന rmp പ്രവർത്തകൻ ഗണേശനും മാരകമായി ആക്രമിക്കപ്പെട്ടു. കുന്നുമ്മക്കരയിലെ Rmp പ്രവർത്തകൻ രജീഷിന് നേരെ ഈയടുത്ത ദിവസമാണ് സിപിഎം കൊലയാളി സംഘത്തിൻറെ വധശ്രമം അരങ്ങേറിയത്. കട ആക്രമിച്ച് തകർത്ത്, ഭിന്നശേഷിക്കാരനായ ഏറാമലയിലെ റിജിത്തിനെ സിപിഎം ക്രിമിനൽ സംഘം മാരകമായി ആക്രമിച്ചു പരിക്കേൽപ്പിച്ചത് ഇക്കഴിഞ്ഞ മാസമാണ്. എണ്ണിപ്പറഞ്ഞാൽ തീരാത്ത ആക്രമണ പരമ്പരകൾ തുടർന്നു കൊണ്ടേയിരിക്കുമ്പോഴും പോലീസ് അക്രമിക്കൂട്ടങ്ങൾക്ക് നാണംകെട്ടും കുടപിടിക്കുകയാണ്. ആർഎംപി പ്രവർത്തകർക്കെതിരായ വധശ്രമങ്ങളിൽ പോലും സിപിഎമ്മുകാരായ പ്രതികളുടെ പേരിൽ കേസ് പോലും ചാർജ്ജ് ചെയ്യാതെ ഈ മേഖലയിലെ പോലീസ് ഗുണ്ടാസംഘങ്ങളുടെ കാവൽപ്പണിയെടുത്തു കൊണ്ടിരിക്കുന്നു.
മറുഭാഗത്ത് ആർഎംപി പ്രവർത്തകരുടെ പേരിൽ കള്ളക്കേസുകൾ കെട്ടിച്ചമച്ചു കൊണ്ടിരിക്കുന്നു.

ആർഎംപി അനുഭാവമുള്ളവരുടെ കല്യാണങ്ങൾ തുടർച്ചയായും വ്യാപകമായും മുടക്കപ്പെടുന്നു.
എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തിയ, എല്ലാ സാമാന്യ മനുഷ്യത്വ മര്യാദകളും കുഴിവെട്ടിമൂടിയ നെറികെട്ട ഓപ്പറേഷനാണ് ആർഎംപിയെ ഉന്നമിട്ട് ഉന്നത സിപിഎം നേതൃത്വത്തിൻറെ ആസൂത്രണത്തിൽ ഒഞ്ചിയം മേഖലയിൽ സംഘടിതമായി നടന്നുകൊണ്ടിരിക്കുന്നതെന്ന് ചുരുക്കം.
ഭീഷണികളും ആക്രമണങ്ങളും മാത്രമെന്ന് തെറ്റിദ്ധരിക്കരുത്, വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വാരിക്കോരിയൊഴുക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി സംഘടിപ്പിച്ചു നൽകാമെന്ന വാഗ്ദാനമാണത്രെ ഇപ്പോഴത്തെ ഹൈലൈറ്റ്!!

നാടുവാഴിത്ത, ജാതി, ജന്മിത്ത ദുഷ്പ്രഭുത്വങ്ങളോട് അടിമുടി കലഹിച്ച്, വാഗ്ഭടാനന്ദനെന്ന മഹാഗുരു തുടക്കമിട്ട ‘ഊരാളുങ്കലിലെ കൈവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം’ ഇന്ന് മാനം മുട്ടെ വളർന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി മാറിയിട്ടുണ്ടെന്നത് തീർച്ചയായും നാടിന് അഭിമാനകരമാണ്. പക്ഷെ ‘ഉണരുവിനഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ എന്ന വാഗ്ഭടവചനങ്ങൾ വഴികാട്ടേണ്ട സൊസൈറ്റി ഒഞ്ചിയത്തെ രാഷ്ട്രീയ ദുഷ്പ്രഭുത്വങ്ങളുടെ തരംതാണ പ്രലോഭന രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗിക്കപ്പെടുന്നില്ലെന്നുറപ്പാക്കേണ്ടത് അതിൻറെ സംഘാടകർ തന്നെയാണ്. കഴിഞ്ഞ ദിനം പ്രഭാകരനൊപ്പം സിപിഎമ്മിൻറെ വേദിയിൽ ചുവപ്പുമാലയിട്ട് സ്വീകരണമേറ്റുവാങ്ങിയവരിൽ ഒരാൾക്ക് ജോലി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയിലാണെന്ന വിവരമാണ് പ്രദേശവാസികൾ പങ്കിടുന്നത്.

തീർച്ചയായും ആവനാഴിയിലെ അവസാനത്തെ ആയുധവും പുറത്തെടുത്ത് സിപിഎമ്മിൻറെ സംസ്ഥാന നേതൃത്വം നേരിട്ട് നയിക്കുന്ന ആർഎംപി വിരുദ്ധ യുദ്ധമാണ് ഒഞ്ചിയത്ത് നടന്നു കൊണ്ടിരിക്കുന്നത്. കൊലയാളിക്കൂട്ടങ്ങളും ആയുധശേഷിയും അധികാരവും പോലീസും പണച്ചാക്കുകളും കള്ളക്കടത്തുകാരും നുണനിർമ്മാണശാലകളുമെല്ലാം ചേരുന്ന ഈ ജനാധിപത്യ വിരുദ്ധ പടനിലത്താണ് നിലപാടുകൾ മാത്രം കൈയ്യിലേന്തി ആർഎംപി എന്ന പ്രസ്ഥാനം നിലനിൽക്കുന്നതെന്ന് കാണാതെ ഒഞ്ചിയത്തിൻറെ വർത്തമാനത്തെ വിലയിരുത്തുന്നത് തീർച്ചയായും അർത്ഥശൂന്യമാണ്.
ഈ യാഥാർത്ഥ്യത്തിൻറെ നിലത്താണ് ഒരു പ്രലോഭനത്തിൻറെയും പിൻബലമില്ലാതെ ഇപ്പോഴും ആയിരങ്ങൾ ഇടറാതെ നിൽക്കുന്നതെന്നാണ് നാമറിയേണ്ടത്. അത് അത്ഭുതം തന്നെയാണ്.

ഒരു ആർഎംപി-ക്കാരനായിരിക്കുക എന്നത്, ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന, ക്രുരമായി കൊല്ലപ്പെടാവുന്ന, വീട് കത്തിച്ചു കളഞ്ഞേക്കാവുന്ന, വീട്ടിലെ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും പോലും തല്ലിവീഴ്ത്തപ്പെടാവുന്ന, ഉപജീവനോപാധികൾ ചുട്ടുകളയാവുന്ന, കള്ളക്കേസുകളിൽ കുടുക്കപ്പെടാവുന്ന, അപവാദങ്ങളാൽ അധിക്ഷേപിക്കപ്പെടാവുന്ന, ജീവിതത്തിൻറെ സർവ്വ സ്വാസ്ഥ്യങ്ങളെയും ബലികൊടുക്കേണ്ടുന്ന അത്യന്തം അപായകരമായ തീരുമാനമാണെന്നിരിക്കെ, ഈ തെരുവിൽ ആർഎംപിക്കാരായി ആയിരങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു എന്നത് തന്നെയാണ് അത്ഭുതകരം. തീർച്ചയായും ആരെങ്കിലും എവിടെ നിന്നെങ്കിലും സിപിഎമ്മിലേക്ക് തിരിച്ചുപോയീ എന്നതിൽ എന്താണിത്ര ആഘോഷിക്കാനുള്ളത്?!

പോയവരോട് ഇവിടാർക്കും ശത്രുതയൊന്നുമില്ല. അവരുടെ ഗതികേടുകളോർത്ത് സഹതാപം മാത്രം. പ്രാണൻ പകരം ചോദിച്ചേക്കാവുന്ന ഒരു പടനിലമാണിത്., അത്തരമൊരിടത്ത് ഉള്ളുലയാതെ ഉറച്ചു നിൽക്കുക തീർച്ചയായും എല്ലാവർക്കും സാധ്യമല്ല തന്നെ.
അത് മനസ്സിലാക്കാവുന്നതേയുള്ളൂ. പിൻജാലകത്തിൽ മാശാ അള്ളാ സ്റ്റിക്കറുമായി നിങ്ങളുടെ നിലപാടുകളെ പിന്തുടർന്നുകൊണ്ടിരുന്ന ഇന്നോവാ ഇരമ്പലും വാളുകളുടെ ശീൽക്കാരങ്ങളും അവസാനിച്ചല്ലോ., നല്ലത്….
എന്നാൽ അതിനപ്പുറം ”ദേശീയ രാഷ്ട്രീയത്തിലെ ഇടതു കടമകളോർത്ത വേവലാതിയിൽ ആറുമാസമായി ഉറക്കം നഷ്ടപ്പെട്ടതിൻറെയും ആർഎംപീയുടെ നിലപാടില്ലായ്മ”യുടെയുമെല്ലാം ഉഡായിപ്പ് ഡക്കറേഷൻസ് ഭീരുക്കളുടേയും ഒറ്റുകാരുടേയും നാണംകെട്ട ഈ ഒളിച്ചോട്ടങ്ങൾക്കും കൂറുമാറ്റങ്ങൾക്കും മേൽ വെച്ചുകെട്ടിയാൽ അതിൽപരം മറ്റൊരു പരിഹാസ്യതയുണ്ടാവില്ല.
അതുകൊണ്ട് ദയവായി അതുവേണ്ട.

ആർഎംപി കേവലമൊരു രാഷ്ട്രീയപ്പാർട്ടിയുടെ പേരല്ല., നഷ്ടങ്ങൾ മാത്രം ഉറപ്പായിട്ടും മൂലധന രാഷ്ട്രീയ ഭീകരതക്കെതിരെ ഒരു നാടും ജനതയും സ്വന്തം ചോരയിൽ കുറിച്ച ഉശിരുറ്റ വെല്ലുവിളിയാണത്.

പ്രാണനിൽ കുത്തിനിവർത്തിയ ചെങ്കൊടിയുമായി ഈ തെരുവിൽ ഞാനൊരു ആർഎംപിക്കാരനാണെന്ന് ഇപ്പോഴും തൻറേടത്തോടെ പ്രഖ്യാപിക്കുന്ന ആയിരക്കണക്കിന് ആർഎംപി സഖാക്കളെ വികാരാവേശത്തോടെ ഹൃദയത്തോട് ചേർക്കട്ടെ….
സഖാക്കളേ.,
സ്നേഹം., ഐക്യം. ആദരം., അഭിവാദനം…..

No Comments

Be the first to start a conversation

%d bloggers like this: