ഉപജീവനം ഇല്ലാതാക്കിയിട്ടാണെങ്കിലും കുഴപ്പമില്ല ‘വികസനം’ വരണം. മത്സ്യത്തൊഴിലാളികൾ മരിച്ചാലെന്ത് ജീവിച്ചാലെന്ത്;സിന്ധു മരിയ നെപ്പോളിയൻ എഴുതുന്നു.

കഴിഞ്ഞ കുറച്ചു ദിവസം വീട്ടിലുണ്ടായിരുന്നു. ഈ ദിവസങ്ങളിലൊക്കെയും ഏറെ അലട്ടിയ ഒരു വിഷയമായിരുന്നു കടലിൽ വെച്ചുണ്ടാവുന്ന അപകടങ്ങൾ. കഴിഞ്ഞ 11 ന് കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ വിദേശ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട ആറു പേരിൽ രണ്ടു പേർ മാത്രം രക്ഷപ്പെടുകയും ഒരാൾ മരിക്കുകയും ബാക്കി മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഈ അപകടത്തിൽ മരിച്ചയാൾ, എൻ്റെ തൊട്ടടുത്തു തന്നെയുള്ള പൂവാർ എന്ന മത്സ്യബന്ധന ഗ്രാമത്തിലുള്ള ഒരു യുവാവായിരുന്നു. കാണാതായ ബാക്കിയുള്ള മനുഷ്യരുടെ കാര്യം എല്ലാത്തവണത്തെയും പോലെ അനശ്ചിതമായി തുടരുന്നു.

‌അതിനു തൊട്ടു പുറകേ, ഞാൻ താമസിക്കുന്ന കൊച്ചുപള്ളി ഭാഗത്തു നിന്നും മീൻ പിടിക്കാൻ പോയ ഒരാളും ശക്തമായ തിരയിൽ കടലിൽ വീണ് കാണാതായി.
ഈ രണ്ടു സംഭവങ്ങളെയും പറ്റി ചോദിക്കാൻ ഇപ്പൊ പപ്പയെ വിളിച്ചപ്പൊഴാണ് മൂന്നാമതൊന്നു കൂടി അറിഞ്ഞത്. വേളി നിവാസിയായ ഒരു മത്സ്യത്തൊഴിലാളി പനത്തുറ ഭാഗത്തു വെച്ചുണ്ടായ തിരയടിയിൽ കടലിൽ വീണു കാണാതായിരിക്കുന്നു.

ഇതിൽ അവസാനം പറഞ്ഞ രണ്ടു സംഭവങ്ങളും കാലവർഷത്തിൻ്റെ സമയത്ത് തീരപ്രദേശങ്ങളിൽ സാധാരണമാണ്. കടൽ ശക്തമായിരിക്കുന്ന ഈ കാലഘട്ടം സീസൺ സമയമാണെന്നത് കൊണ്ടു തന്നെ, ഏറ്റവുമധികം പേർ ജീവൻ കയ്യിൽ പിടിച്ച് മത്സ്യബന്ധനത്തിനിറങ്ങുന്നു. ഏറ്റവുമധികം മരണങ്ങളും അപകടങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.

ഈ മരണങ്ങൾ നിങ്ങളെ ഭയപ്പെടുത്താറില്ലേ? ഇതിനൊക്കെ അറുതി വരുത്താനുള്ള എന്തെങ്കിലും നടപടികൾ സർക്കാരിനോട് ആവശ്യപ്പെട്ടു കൂടെ എന്നൊക്കെ ഇവിടുള്ള ഏതെങ്കിലും മത്സ്യത്തൊഴിലാളികളോട് നിങ്ങൾ ചോദിച്ചു നോക്കൂ.
‘പേടിച്ചോണ്ടിരുന്നാൽ ഞങ്ങടെ മക്കളെ പഠിപ്പിക്കാനും പെൺമക്കളെ കെട്ടിച്ചു വിടാനുമൊക്കെയുള്ള കാശ് വേറാരെങ്കിലും കൊണ്ട് വന്ന് തരുമോ? സർക്കാർ ഞങ്ങൾ മരിക്കുമ്പൊ കാശ് തരുന്നവരല്ലേ മക്കളെ, പിന്നെ ഈ മരണങ്ങൾ കടല് ക്ഷോഭിക്കുമ്പം ഉണ്ടാവുന്നതല്ലേ. കടലിനെ തടുക്കാൻ കമ്മ്യൂണിസ്റ്റുകാരനും കോൺഗ്രസ്സുകാരനുമൊന്നും പറ്റൂലല്ലോ മക്കളേ’, എന്നൊക്കെയുള്ള മറുപടിയാവും നിങ്ങൾക്ക് കിട്ടുക.

കടലും പേമാരിയും ഭൂകമ്പവുമൊക്കെ പ്രതിസ്ഥാനത്ത് വരുമ്പോൾ ഒന്നും ചെയ്യാതെ നോക്കിയിരിക്കുന്ന പരിപാടിയാണ് നമ്മുടെ ഭരണകൂടങ്ങൾ ചെയ്തിരുന്നതെങ്കിൽ 90′ ലെ വെള്ളപ്പൊക്കം പോലൊന്ന് പിന്നെയും പിന്നെയും കേരളത്തിൽ ആവർത്തിച്ചേനെ. മഴക്കാലത്തെ കോളറകൾ അനേകം പേരുടെ ജീവൻ എടുത്തേനെ. അപ്പൊപ്പിന്നെ കഴിവില്ലാത്തതോ കഴിവു തെളിയിക്കാൻ പോന്ന ടെക്നോളജി ഇല്ലായ്മയോ ഒന്നുമല്ല, വലിയ ഉത്സാഹമൊന്നും ഈ മനുഷ്യന്മാരുടെ കാര്യത്തിൽ വേണ്ടപ്പെട്ടവർക്കില്ല എന്നു തന്നെ പറയേണ്ടി വരും.

ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) ഒക്കെ ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ കൈക്കുള്ളിൽത്തന്നെ വെച്ചു കൊടുത്തിട്ടുണ്ട്. എന്നിട്ടുമെന്താണ് അവരിങ്ങനെ അപകടത്തിൽപ്പെടുന്നതും അതറിയാൻ കോസ്റ്റ് ഗാർഡ് വൈകിപ്പോവുന്നതെന്നും പിന്നെ അപകടം നടന്ന വഴിയേ പോയ ബോട്ടുകാർ കരയിലെത്തി അറിയിക്കുമ്പോൾ മാത്രം ഞങ്ങക്ക് കർമ്മനിരതരാവാൻ പറ്റുന്നതെന്നും എത്ര ആലോചിച്ചിട്ടും ഞങ്ങക്ക് മനസിലാവുന്നില്ലാ എന്നും പറഞ്ഞ് വാ പൊളിക്കുന്നതാണല്ലോ നമ്മുടെഅധികൃതരുടെ സ്ഥിരം പതിവ്.

പിന്നെ ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞ അപകടം വിദേശ കപ്പലിൻ്റെ ‘കയ്യബദ്ധം’ കൊണ്ടു സംഭവിച്ചതല്ലേ, ഈ മത്സ്യത്തൊഴിലാളികൾക്ക് കപ്പലുകാരുടെ റൂട്ടിനെപ്പറ്റി അറിഞ്ഞ് പെരുമാറിക്കൂടെ? വിദേശക്കപ്പലുകൾ നമ്മുടെ സമ്പദ്ഘടനയുടെ വളർച്ചക്ക് അത്യന്താപേഷിതമല്ലേ എന്നൊക്കെ ചോദിക്കുന്നവരോട്; വിഴിഞ്ഞം പോർട്ടും കൂടംകുളം ആണവ നിലയവും ആതിരപ്പള്ളി പദ്ധതിയുമൊക്കെ ഇപ്പറഞ്ഞ മാതിരി, സമ്പദ്ഘടനയെ പോഷിപ്പിക്കുന്നവയാണ്. എന്നിട്ടും അവയ്ക്കു നേരെ പ്രതിഷേധമുണ്ടായത്, അവ അവിടുത്തെ സാധാരണ മനുഷ്യർക്ക്, ആദിവാസികൾക്ക്, ദളിതർക്ക് ജീവനു ഭീഷണിയുണ്ടാക്കുന്നു എന്നതു കൊണ്ടായിരുന്നു. വിദേശക്കപ്പലുകളുടെ ഭീഷണി മത്സ്യത്തൊഴിലാളികളുടെ, അതും നിങ്ങക്കൊന്നും ഒരു ബന്ധവുമില്ലാത്ത നടുക്കടലിൽ വെച്ച് സംഭവിക്കുന്ന ഭീഷണി ആയതുകൊണ്ടായിരിക്കുമല്ലേ അതൊന്ന് കണ്ടതായി പോലും ആരും ഭാവിക്കാതിരുന്നത്.

ഒരാഴ്ച്ച മുൻപ് പപ്പയുമായി ഫോണിൽ സംസാരിക്കുന്ന കൂട്ടത്തിൽ മനസിലാക്കിയ ചില ആശങ്കകൾ കൂടി പങ്കുവെച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്. വിഴിഞ്ഞത്തെ ഫിഷിംഗ് ഹാർബറിൽ നിന്നും കഴിഞ്ഞ കുറേ വർഷങ്ങളായി വള്ളമിറക്കി മീൻ പിടിക്കാൻ പോവുന്ന അനേകം പേരിലൊരാളാണ് എൻ്റെ പപ്പയും. ഇതുവരെയൊന്നും കാണാത്ത വിധത്തിൽ വള്ളങ്ങൾ കൂട്ടിയിടിക്കുന്നതും മനുഷ്യന്മാരുടെ ദേഹത്തിടിക്കുകയും ചെയ്യുന്ന കാഴ്ച്ച ഇക്കൊല്ലം ഭയാനകമാം വിധം കൂടിയിട്ടുണ്ടെന്ന് പപ്പ പറഞ്ഞു. ഇത്തവണ സീസൺ പിടിക്കാൻ വിഴിഞ്ഞം ഹാർബറിലെത്തിയ വള്ളങ്ങളുടെ എണ്ണം കൂടിയതു കൊണ്ടാവാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിലുമേറെ വള്ളങ്ങൾ ഇവിടുന്ന് പണിക്ക് പോയിട്ടുള്ള കാലത്തും ഇങ്ങനെ തങ്ങൾ പേടിച്ചിട്ടില്ല എന്നവർ പറയുന്നു. ഹാർബറിനകത്തെ തിരയുടെ ശക്തി കൂടിയതാണ് ഇതിനു കാരണം. ഇതിനിടയാക്കിയ അത്ഭുത പ്രതിഭാസം മറ്റൊന്നുമല്ല, വിഴിഞ്ഞം പദ്ധതിയുടെ പേരിൽ കടലിൽ കല്ലിടുന്ന അഥവാ പുലിമുട്ട് നിർമിക്കുന്നതാണ്. ഇതു മൂലം തിരകളുടെ സ്വാഭാവിക ചലനം തടസ്സപ്പെടുകയും തൊട്ടടുത്തുള്ള ഹാർബറിൽ തിര കൂടുതൽ ശക്തിയോടെ അടിച്ചു കേറുകയുമാണുണ്ടായത്.
ഈ പോക്കു പോയാൽ ഹാർബറിൽ തങ്ങൾക്ക് മനസമാധാനമായി പണിയെടുക്കാനാവില്ലാ എന്നവർ ഭയപ്പെടുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഹാർബർ പൂർണമായും നശിക്കുമെന്നും പറയുന്നു.

വിഴിഞ്ഞത്തെ ഹാർബർ പോയാലെന്താ, തമിഴ്നാടതിർത്തിയിലെ പട്ടണത്തിൽ ഹാർബറില്ലേ, നീണ്ടകരയിലില്ലേ, അവിടെയെങ്ങാനും പോയി പണിയെടുത്ത് ജീവിച്ചൂടെ എന്നു പറയുന്നവരാണ് ചുറ്റും ഉള്ളത്. കാരണം കടലും കടപ്പുറവും കടപ്പുറത്തുകാരും മുഖ്യധാരക്കാരല്ലല്ലോ. അവരെപ്പറ്റി പറഞ്ഞാൽ ആർക്കെന്ത് അറ്റൻഷൻ കിട്ടാനാണ്…!

#Coastallivesmatters

No Comments

Be the first to start a conversation

%d bloggers like this: