തൊടുപുഴയില്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് യുവാവിന്റെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു

തൊടുപുഴയില്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രണയവിവാഹിതരായി നാലു ദിവസം ഒന്നിച്ചു കഴിഞ്ഞ ദമ്പതികളെ ബലം പ്രയോഗിച്ച് പൊലീസ് വേര്‍പെടുത്തുകയും ഭര്‍ത്താവിനെ ക്രൂര മര്‍ദ്ദനത്തിന് വിധേയമാക്കുകയും ചെയ്ത് ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. പിന്നാക്ക വിഭാഗമായ ഈഴവാത്തി സമുദായത്തില്‍ അംഗമായ രജീഷ് (32) ആണ് കസ്റ്റഡിയിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടു കിട്ടിയ രജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് ചെയ്തിരുന്നു. റോഡ് ഉപരോധിച്ച് നീങ്ങിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ  നാലു മണിക്കൂറിലധികം സമയം ഗതാഗതം സ്തംഭിച്ചിരുന്നു.

ഓട്ടോ ഡ്രൈവറായ രജീഷും മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനിയായ നായര്‍ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസം 21ന് ഇരുവരും അടിമാലിയില്‍ ഒരുമിച്ച് താമസം തുടങ്ങി. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അടിമാലി പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും രജീഷിനെ വിട്ടയക്കുകയും യുവതിയെ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തു. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിറ്റേന്ന് രാവിലെ തൊടുപുഴ സ്റ്റേഷനിലെത്തിയ രജീഷിനെ സ്‌റ്റേഷനില്‍ പിടിച്ചു വെച്ച് സഹോദരിയേയും മാതാവിനേയും കോടതിയിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തു.

തിരിച്ച് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സിഐ ശ്രീമോന്‍ ആക്രമിക്കുന്നതാണ് കണ്ടത്. മുതുകത്തും നാഭിയിലും മുഖത്തും മര്‍ദ്ദനമേറ്റ് അപസ്മാരബാധിതനായി സഹോദരിക്കും മാതാവിനും മുന്നില്‍ ബോധംപോയി രജീഷ് വീണു. തടയാനെത്തിയ 72 വയസുള്ള മാതാവിനെ സിഐ തെറിവിളിച്ചു. ഏറെ നേരത്തിനു ശേഷം ബോധം വീണ്ടെടുത്തെങ്കിലും മാനസികമായി തകര്‍ന്ന് സ്ഥലകാല ബോധം നഷ്ടപ്പെട്ട നിലയിലാണ് രജീഷ് പെരുമാറിയത്. അക്രമത്തില്‍ കീഴ്ച്ചുണ്ട് പൊട്ടി കരുവാളിച്ച് പുറത്തേയ്ക്ക് മലര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് രജീഷ് വാടകയ്ക്ക് ഓടിച്ചിരുന്ന ഓട്ടോ ഉടമസ്ഥന്‍ തിരിച്ചെടുത്തു. മാനസികവും ശാരീരികവുമായി തളര്‍ന്ന രജീഷ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഒരാഴ്ച കഴിഞ്ഞ് പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രജീഷ് വിവാഹം കഴിച്ച യുവതിയെ സംബന്ധിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ശേഷം രജീഷിന്റെ ഫോണിലേയ്ക്ക് ഒരു ഭീഷണി കോള്‍ വന്നിരുന്നു. ഇപ്പോഴും യുവതിയെ പറ്റി വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്ത പൊതു പ്രവര്‍ത്തകയെയും സുഹൃത്തായ മാധ്യമ പ്രവര്‍ത്തകനായ സുഹൃത്തിനെയും ഏറണാകുളത്ത് വെച്ച് പോലിസ് പിടിച്ച് വെക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ഏറെ ചര്‍ച്ച ആയ അവസരത്തിലാണ്  പുതിയ സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍  വിനായകന്‍ എന്ന ദളിത്‌ യുവാവ് ഏതാണ്ട് സമാനമായ രീതിയില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതെല്ലാം തന്നെ പോലിസ് വകുപ്പിന്റെ പരാജയം ആണെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

No Comments

Be the first to start a conversation

%d bloggers like this: