അവരെ സംബന്ധിച്ച്, നാടുഭരിക്കുന്ന ഇരട്ടച്ചങ്കന്റെ തിരുനെറ്റിയിലേക്ക് തിലക്കുറിയുമായെത്തേണ്ട കാവലാള്‍പ്പട മാത്രമാണ് ഇന്ന് കേരള പോലീസ്- ഷഫീഖ് താമരശ്ശേരി എഴുതുന്നു

അവരങ്ങനെയാണ്…
എല്ലായിടത്തും അവര്‍ക്ക് കാണേണ്ട ചിലത് മാത്രം, അതെത്ര പ്രയാസപ്പെട്ടും അവര്‍ കാണും. യജമാനന്റെ അനുസരണയുള്ള കാവല്‍പ്പട്ടികളെപ്പോലെ അവര്‍ കുരയ്ക്കും…
ജീവഭയത്താല്‍ സമരം ചെയ്ത പുതുവൈപ്പിനിലെ തീരജനതയെ യതീഷ് ചന്ദ്രയുടെ മുന്‍കൈയില്‍ കാക്കിപ്പട തല്ലിച്ചതച്ചപ്പോള്‍, ആ മത്സ്യബന്ധന തീരപ്രദേശത്തെ ചോരചിന്തിയ ശരീരങ്ങളെ അവര്‍ കണ്ടില്ല. പക്ഷേ സമരത്തിന്റെ മുന്‍പന്തിയില്‍ പോലീസുകാര്‍ക്ക് നേരെ മുദ്രാവാക്യങ്ങളുമായി ഒരു കൂസലുമില്ലാതെ ചെന്നടുത്ത പുതുവൈപ്പിനിലെ കുഞ്ഞുങ്ങള്‍ ഹ്യൂമന്‍ ഷീല്‍ഡുകളാണെന്നവര്‍ കണ്ടെത്തി. സമരക്കാര്‍ക്ക് നേരെ ആരോപണങ്ങളുമായി കുരച്ചുചാടിയ ഇക്കൂട്ടര്‍ക്ക് നേരെ പ്രതിരോധത്തിന്റെ കൂരമ്പുകളെയ്താണ് ആറുവയസ്സുകാരന്‍ അലന്‍ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഹാജരായതും യതീഷ് ചന്ദ്രയ്ക്ക് നേരെ പരസ്യമായി മൊഴി കൊടുത്തതും. എന്നിട്ടും അവര്‍ പഠിച്ചില്ല. കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഗെയിലിനെതിരെ സമരം ചെയ്ത ഗ്രാമീണര്‍ ചോരയില്‍ കുളിച്ചപ്പോഴും, ഇക്കൂട്ടരുടെ പ്രശ്‌നം ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത വ്യാജചിത്രമായിരുന്നു. ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക് ഈ ചിത്രത്തെ മാത്രം ബോധപൂര്‍വ്വം കൊണ്ടുവന്ന ഇവരുടെ കണ്ണില്‍ പക്ഷേ, മുക്കത്ത് നിന്നും ആ ദിവസങ്ങളില്‍ പുറത്തുവന്ന ചോരനിറഞ്ഞ സമാന ചിത്രങ്ങളൊന്നും പതിഞ്ഞതേയില്ല. ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും ഭരണഘടന നല്‍കുന്ന അടിസ്ഥാന അവകാശങ്ങളെയും മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര കാരാറുകളെയും കാറ്റില്‍പ്പറത്തി, നിലമ്പൂര്‍ വനത്തില്‍ വെച്ച്, ഒരു സ്ത്രീയടക്കമുള്ള രണ്ട് മനുഷ്യജീവനുകളെ പോലീസ് നിര്‍ദയം കൊന്നൊടുക്കിയപ്പോഴും ഇക്കുട്ടരുടെ ദൃഷ്ടി പാഞ്ഞത് ചലനമറ്റ ആ ശരീരങ്ങളിലേക്കായിരുന്നില്ല. തൊട്ടപ്പുറത്ത് കിടക്കുന്ന മൊബൈല്‍ ഫോണുകളുടെയും സിംകാര്‍ഡുകളുടെയും എണ്ണത്തിലേക്കായിരുന്നു. ഏഴു പതിറ്റാണ്ടിലെത്തി നില്‍ക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ മുഴുവന്‍ പൗരാവകാശ സങ്കല്‍പ്പങ്ങളെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഇരുപത്തിനാല് വയസ്സുള്ള ഒരു സ്ത്രീയെ, ഹാദിയയെ, ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തതിന്റെ, ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ ഭരണകൂടവും സംഘപരിവാറും ചേര്‍ന്ന് തടവിലിട്ടപ്പോഴും അവര്‍ വാ തുറന്നത് ഷഫിന്‍ ജഹാന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് മാത്രമായിരുന്നു. ഇപ്പോഴിതാ, ജോലി ചെയ്യുന്ന നഗരത്തില്‍ നിന്നും രാത്രിയില്‍ വീട്ടിലേക്ക് പുറപ്പെട്ട ബര്‍സയെയും, സുഹൃത്തിന് രാത്രിയില്‍ സംഭവിച്ച ബുദ്ധിമുട്ടിലേക്ക് ഓടിയെത്തിയ പ്രതീഷിനെയും ഒരു രാവും പകലും ശാരീരികവും മാനസികവുമായ ക്രൂര മര്‍ദനങ്ങള്‍ക്കിരയാക്കിയ കേരള പോലീസിന്റെ അങ്ങേയറ്റം പ്രാകൃതമായ മോറല്‍ പോലീസിങ്ങ് രീതിയും, പ്രതീഷിനും ബര്‍സയ്ക്കും നേരിടേണ്ടി വന്ന ഹിംസയും അപമാനവും സംഘര്‍ഷവും ഒന്നും അവര്‍ക്ക് പ്രശ്‌നമാകുന്നേയില്ല. അവരുടെ പ്രശ്‌നം പ്രതീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ക്രഡിബിലിറ്റി മാത്രമാണ്.
കാരണം ഒന്നേയുള്ളൂ.
അവരെ സംബന്ധിച്ച്, നാടുഭരിക്കുന്ന ഇരട്ടച്ചങ്കന്റെ തിരുനെറ്റിയിലേക്ക് തിലക്കുറിയുമായെത്തേണ്ട കാവലാള്‍പ്പട മാത്രമാണ് ഇന്ന് കേരള പോലീസ്. അതുകൊണ്ട് തന്നെ നമ്മുടെ സമീപകാല പോലീസ് അനുഭവങ്ങളുടെ നേരുകളെല്ലാം ഇവര്‍ക്ക് കെട്ടുകഥകളായി തോന്നും. കേവലം അഞ്ഞൂറു രൂപ പെറ്റിയടക്കേണ്ട കേസ്സിന് പോലീസ് ഒരു രാത്രിയില്‍ വീട്ടില്‍ നിന്നിറക്കികൊണ്ടുപോയി ചവിട്ടിക്കൊന്ന കുണ്ടറയിലെ കുഞ്ഞുമോന്റെ അമ്മയുടെ ‘എന്റെ പൊന്നുമോനേ…’ എന്ന നിലവിളി ഒരു പക്ഷേ ഇവര്‍ക്ക് അപഹാസ്യവും അണ്‍ക്രഡിബിളും ആയി തോന്നിയേക്കാം. എത്രയെത്ര ലോക്കപ്പ് മര്‍ദനങ്ങള്‍, കസ്റ്റഡി മരണങ്ങള്‍… അടിയന്തിരാവസ്ഥയെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള അനേകം സംഭവങ്ങള്‍… ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരാകേണ്ട പോലീസ്സുകാര്‍ തന്നെ സാധാരണ ജനതയുടെ കൊലയാളികളാകുന്ന വിചിത്രസംഭവങ്ങളുടെ തുടര്‍ച്ചയായ ആവര്‍ത്തനങ്ങള്‍. വിനായകനെ നാം മറന്നിട്ടില്ല. എറണാകുളത്തും തൃശ്ശൂരിലുമായി അനവധി തവണയാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ പോലീസിന്റെ മര്‍ദനത്തിനിരയായത്. ദളിതന്റെയും ആദിവാസിയുടെയും മുസ്ലിമിന്റെയും ലൈംഗികന്യൂനപക്ഷങ്ങളുടെയും നിലവിളികള്‍ക്കും പിടയലുകള്‍ക്കും നേരെ കുതിക്കുന്ന കാക്കിബൂട്ടുകള്‍ നിത്യസംഭവങ്ങളായി മാറുന്ന കാഴ്ച്ച.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുതലമടയില്‍ നിന്നും മാരിയപ്പണ്ണന്‍ ഫോണില്‍ വിളിച്ചറിയിച്ച ഒരു സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മുതലമടയിലെ തങ്കമണി കോളനിയില്‍ എറവാളര്‍ വിഭാഗത്തില്‍പ്പെട്ട, ആറു വയസ്സുള്ള ഒരു ആദിവാസി പെണ്‍കുട്ടിയെ പ്രദേശത്തെ കൗണ്ടര്‍ വിഭാഗത്തില്‍പ്പെട്ട ഒരു മദ്ധ്യ വയസ്‌കന്‍ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി കരഞ്ഞുകൊണ്ട് ബഹളം വെച്ചതോടെ പ്രശ്‌നം പുറത്തറിഞ്ഞു. സ്വന്തമായി വീടുപോലുമില്ലാത്ത ആ കുടുംബത്തെ പക്ഷേ കൗണ്ടര്‍മാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസില്‍ പറഞ്ഞാല്‍ കൊന്നുകളയുമെന്ന് വരെ പറഞ്ഞു. (ജനാധിപത്യ-പുരോഗമന-സ്ത്രീ സുരക്ഷാ കേരളത്തില്‍ തന്നെ). വിഷയമറിഞ്ഞ ആദിവാസി സംരക്ഷണ സംഘത്തിന്റെ പ്രവര്‍ത്തകരായ കുറച്ചു ചെറുപ്പക്കാര്‍ പരാതി പറയാന്‍ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍, ഇരകള്‍ക്ക് പരാതിയില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്താണെന്ന് ചോദിച്ച് അവരെ വിരട്ടി വിടുകയാണ് പോലീസ് ചെയ്തത്. മാരിയപ്പണ്ണന്‍ അടക്കമുള്ളവര്‍ വിഷയം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അഞ്ചോളം പുരുഷ പോലീസുകാര്‍ ചേര്‍ന്ന്, ഇളം പ്രായത്തില്‍ ലൈംഗിക പീഢനത്തിനിരയായ, അപ്പോഴും വിറച്ചില്‍ മാറിയിട്ടിരുന്നില്ലാത്ത ആ കുഞ്ഞുപെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് മൊഴിയെടുക്കലെന്ന പേരില്‍ ചോദ്യം ചെയ്യുന്നത് കണ്ട് കരഞ്ഞുപോയെന്നാണ് മാരിയപ്പണ്ണന്‍ പറഞ്ഞത്. ഇപ്പോഴും പ്രതിയെ പിടികൂടിയിട്ടില്ല എന്നറിയുന്നു.

താനുര്‍ സംഭവം അടക്കം പോലീസിന്റെ വംശീയതയുടെ വേറെയും നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇനിയും ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത വാളയാറിലെ കുഞ്ഞു സഹോദരിമാരുടെ അതിദാരുണമായ പീഡന കൊലപാതകത്തിന് പിന്നിലും, പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചതിലുമുള്ള പോലീസ്സിന്റെ പങ്ക് എന്താണെന്ന് സ്ഥലത്ത് നിന്നും നേരിട്ട് മനസ്സിലാക്കിയതാണ്. നദീറിന്റെയും കമല്‍സിയുടെയും അറസ്റ്റില്‍ തുടങ്ങി വ്യാജ കേസ്സുകളുടെ എത്രയെത്ര ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. പോലീസ്സുകാര്‍ നടത്തുന്ന തുടര്‍ച്ചയായ ജാതിയധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ പോലീസിന്റെ സംഘിവല്‍ക്കരണമല്ലാതെ മറ്റെന്താണ്. പ്ലാച്ചിമട-ആദിവാസി ഭൂമി വിഷയമുന്നയിച്ച് 2015 ലെ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് വെച്ച് മന്ത്രിയെ തടയാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട ഞാനടങ്ങുന്ന 18 അംഗ സംഘത്തിലെ ഒരോയൊരു ആദിവാസിയായിരുന്ന മണികണ്ഠനെ കസ്റ്റഡിയില്‍ വെച്ച് പോലീസ് പാട്ടുപാടിക്കുന്നത് കണ്ട് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. നീതിന്യായ വ്യവസ്ഥ ഏതൊരു പൗരനും നല്‍കുന്ന പരമവും സകലവുമായ ആനുകൂല്യങ്ങളെയും അവകാശങ്ങളെയുമെല്ലാം പുഷ്പം പോലെ ലംഘിച്ച് അടിസ്ഥാന ജനതയ്ക്ക് മേല്‍ സംഹാര താണ്ടവമാടുന്ന, യജമാനന്റെ ഇംഗിതങ്ങള്‍ നടപ്പാക്കുന്നതിനായി നിരാലംബരായ ജനതയ്ക്ക് മേല്‍ ചെന്നായ്ക്കളെപ്പോലെ കുരച്ചുചാടുന്ന കേരള പോലീസിന്റെ അത്യന്തം മനുഷ്യത്വ വിരുദ്ധമായ ദുഷ്ടചെയ്തികള്‍ക്ക് നമ്മളിലോരോരുത്തരും ഇരകളാകുമ്പോഴും, അവരുടെ നിലവിളികളുടെ ക്രഡിബിലിറ്റിയന്വേഷിക്കുന്നതിനായി, അവരുടെ പൂര്‍വകാല പ്രവര്‍ത്തനങ്ങളിലേക്ക് തുറിച്ചുനോക്കുന്ന മലമലരുകളുടെ മുഖത്തേക്ക് കാര്‍ക്കിച്ചൊരു തുപ്പ് തുപ്പി തത്കാലം നിര്‍ത്തുന്നു.
ത്ഫൂ….

No Comments

Be the first to start a conversation

%d bloggers like this: