പേടിക്കേണ്ടത് കാവൽപ്പട്ടികളെയാണ്, കടിച്ചുകീറാനുള്ള അധികാരം പതിച്ചു കിട്ടിയവരെ

മുടിവെട്ടാൻ പോയിരിക്കാറുള്ള ഒരു രാജേട്ടന്റെ പീട്യയുണ്ട് നാട്ടില്, കുട്ടിക്കാലത്താണ് – അന്ന് താടിയില്ല. ഒരിടുക്ക് വഴീലൂടെ വേണം ആ പീട്യേലേക്ക് കേറാൻ. അവിടെപ്പഴും ഒരു പട്ടി കിടക്കുന്നത് കാണാറുണ്ട്. സന്ദർഭവശാൽ ഓർത്തതാണ്, ഇപ്പഴാ വഴി തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലേക്കുള്ളതാണ്.

നാട്ടിലന്നത്ര കേസൊന്നുമില്ല, ആരെയും പേടിപ്പിക്കാനുമില്ല. അതുകൊണ്ട് പേരിനുണ്ടായിരുന്ന പോലീസ് സ്റ്റേഷൻ ടൗണിൽനിന്ന് മാറി ഒരു കാട്ടിലായിരുന്നു. പിന്നെയാണ് അത് ടൗണിലെത്തിയത്. നാടൻ ഗുണ്ടകളും അന്നവിടില്ല. ഞങ്ങളെയൊക്കെ പേടിപ്പിക്കാൻ വീട്ടുകാർ പറഞ്ഞ പേരുകളിൽ ഒരു കണ്ണേട്ടനുണ്ട്, അത്രമാത്രം.

“അതേടാ…. കീലേരി തന്നെ
നെരത്തി കുത്തും ഞാൻ…
കൊല്ലും കൊലയും ഈ കീലേരി അച്ചുവിന് പുത്തരിയല്ല” എന്ന ഡയലോഗ് ഓളമുണ്ടാക്കിയ കാലമാണത്. ലൂസ് ഷർട്ട്, കത്തി, കഴുത്തില് ചുറ്റിയ ടവ്വൽ.. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ചട്ടമ്പിയാണയാൾ, കൺകെട്ടിലെ കീലേരി അച്ചു. വെട്ടിച്ചിറ ഡൈമൺ, കാരക്കൂട്ടിൽ ദാസൻ, ഹൈദ്രോസ്, കണ്ണൻ സ്രാങ്ക്, അങ്ങനെ ദശമൂലം ദാമു വരെ എത്തുന്ന ആകർഷിച്ച വില്ലൻമാർക്കെല്ലാം കാഴ്ചയിലും മാനറിസത്തിലും എന്തോ ഒരു പൊരുത്തമുണ്ട്. ഇപ്പൊരുത്തങ്ങളെല്ലാം തികഞ്ഞ ഒരാളായിരുന്നു ഞങ്ങടെ കണ്ണേട്ടൻ, ചെമ്പരത്തിത്താളി തേച്ച് പിടിപ്പിച്ച തലയും കള്ളിമുണ്ടും, ലൂസായ ഷർട്ടും… A ക്ലാസ് പേരുമുണ്ട്: മങ്കുറ്റി കണ്ണൻ.

ആരോടും വല്യ സ്നേഹമൊന്നും ഒരിക്കലും കാണിച്ചു കണ്ടിട്ടില്ലാത്ത കണ്ണേട്ടൻ ഒരു ദിവസം ഇടുക്ക് വഴിയിൽ കിടക്കാറുള്ള പട്ടിക്ക്, നമ്മുടെ കഥാനായകന് ഒരു കഷണം ബന്നെറിഞ്ഞു കൊടുക്കുന്നത് കണ്ട് ഞാനമ്പരന്നു പോയി. പക്ഷേ അവനത് തിന്നില്ല. ഒന്നു തലയുയർത്തി നോക്കി, പിന്നെ പഴയപടി മൂക്കു കൂർപ്പിച്ച്, താടി നിലത്ത് വിരിച്ച് അങ്ങനെ കിടന്നു. പിന്നാലെ പോയില്ല, വാലാട്ടിയില്ല, കാലു നക്കിയില്ല ! നന്ദികെട്ട നായ എന്ന് മനസ്സിൽ പറഞ്ഞ് രാജേട്ടന്റെ കറങ്ങുന്ന കസേരയിലേക്ക് ഒരു രാജാവിനെപ്പോലെ ഞാൻ ചാടിക്കയറി ഇരുന്നു.

നന്ദിയുള്ള കാവൽ നായ്ക്കളെ ശ്രദ്ധിച്ചിട്ടുണ്ടോ? ചെരുപ്പും കാലും നക്കിത്തുടയ്ക്കുന്ന, മുതലാളി ഒപ്പം കിടത്തുന്ന കാവൽ നായയെ. മുതലാളിക്കും അയാളുടെ വീട്ടുകാർക്കും അവൻ എപ്പോഴും വിധേയപ്പെട്ടിരിക്കും, അരുമയായ വിശ്വസ്തനായിരിക്കും. അല്ലാത്തൊരാളെയും വെറുതെ വിടില്ല. കൂട്ടിലടച്ചില്ലെങ്കിൽ കടിച്ചു കീറും. നന്ദികെട്ട നായ്ക്കളില്ലേ, നമ്മുടെ കഥാനായകനെപ്പോലെ വാലാട്ടി, കാലുനക്കി, പിന്നാലെ പോവാത്ത വഴിയരികിലെ പട്ടികൾ, അവർ പക്ഷേ അങ്ങനെയല്ല. അവരുടെ മുഖത്തൊരിക്കലും ‘നിങ്ങളെന്താണിവിടെ? എന്ന ഭാവമുണ്ടാകില്ല. അവരെ പേടിക്കുകയേ ചെയ്യണ്ട.

പേടിക്കേണ്ടത് കാവൽപ്പട്ടികളെയാണ്, കടിച്ചുകീറാനുള്ള അധികാരം പതിച്ചു കിട്ടിയവരെയാണ്. “രാത്രി രണ്ട് മണിക്കാണോടീ പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?” എന്ന് കുരയ്ക്കുന്നത് അവരാണ്. അവർക്കറിയാഞ്ഞിട്ടാണ്. അപ്പക്കഷണം എറിഞ്ഞുകൊടുക്കുന്നവരുടെ കാലു നക്കാനേ അവർക്കറിയൂ. അല്ലാത്തവരെ നോക്കി അവർ കുരച്ചു കൊണ്ടേയിരിക്കും. പറയാൻ നമുക്കൊറ്റ മറുപടിയേ ഉള്ളൂ, ശീലിച്ച മറുപടി തന്നെ: പോ പട്ടീ….

Image may contain: 1 person, smiling, outdoor

ചിത്രത്തിൽ ഉള്ളത് എന്റെ സുഹൃത്താണ്, ബർസ. ചിത്രത്തിൽ കാണാത്ത ഒരു പട്ടിയുണ്ട് കീഴെ. അവൻ കുരയ്ക്കുന്നു : “രാത്രി രണ്ട് മണിക്കാണോടീ പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?”
കമോൺട്രീ ബർസാ, വിളിച്ച് കൂവ്.. അതന്നെ, പോ പട്ടീ..

(ഏറണാകുളത്ത് വെച്ച് കോഴിക്കോട് വടകര സ്വദേശിനിയും ദളിതയും സാമൂഹിക പ്രവര്‍ത്തകയുമായ ബര്‍സ എന്ന അമൃത ഉമേഷിന് നേരിടേണ്ടി വന്ന പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ലിജീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്)

No Comments

Be the first to start a conversation

%d bloggers like this: