മായാ കാഴ്ചകളില്‍നിന്ന് മലയാളസിനിമയെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരുകയാണ് ഈട ചെയ്യുന്നത്; പ്രസന്നകുമാര്‍ ടിഎന്‍ എഴുതുന്നു

മലയാള സിനിമയിലെ റിയലിസം രാഷ്ട്രീയ സൂക്ഷ്മതകൊണ്ടും കാലികമായ സത്യസന്ധതകൊണ്ടും ജീവിതത്തോടടുക്കുന്ന അഭിനയമികവുകൊണ്ടും ചലച്ചിത്രകല ആര്‍ജിച്ച സൗന്ദര്യംകൊണ്ടുമൊക്കെ അപൂര്‍വ്വമായേ യാഥാര്‍ത്ഥ്യത്തെ ഉദ്പാദിപ്പിക്കാറുള്ളു. വല്ലപ്പോഴുമേ മനുഷ്യസ്വാതന്ത്ര്യത്തിന്റെ പക്ഷം പിടിക്കാറുള്ളു. അതിലും അപൂര്‍വ്വമായേ വാണിജ്യതന്ത്രങ്ങളെയും ഒത്തുതീര്‍പ്പുകളെയും തള്ളിക്കളയുന്ന ധീരത പ്രകടിപ്പിക്കാറുള്ളു. ‘ഈട’ അത്തരത്തിലുള്ളൊരു സിനിമയാണ്.

രക്തസാക്ഷികളെയും ബലിദാനികളെയും നിര്‍മ്മിക്കുന്ന കണ്ണൂരിന്റെ പാര്‍ട്ടി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന ദുരന്തപ്രണയം മാത്രമല്ല ഈ സിനിമ. പാര്‍ട്ടിചട്ടക്കൂടുകളിലകപ്പെട്ട് കൊല്ലാനും ചാവാനും തയ്യാറായ അസംസ്‌കൃതവസ്തുക്കളായ അണികളുടെ ജീവിതംകൂടിയുണ്ട് ഇതില്‍. കൊലചെയ്യപ്പെട്ട ഉറ്റവരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവരാണവര്‍, ആ ഓര്‍മ്മകളുടെ കനലുകള്‍ ബലിദാനി ചടങ്ങുകളിലൂടെയും രക്തസാക്ഷി അനുസ്മരങ്ങളിലൂടെയും ഊതികത്തിക്കുന്ന നേതാക്കളെ അനുസരിക്കുന്നവര്‍, പാര്‍ട്ടി സംരക്ഷിച്ചതിന്റെ നന്ദി പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥരാണവര്‍, നേതാവു പറയുമ്പോള്‍ ജയിലിലേക്ക് പോകാന്‍ തയ്യാറാകുന്നവര്‍.

ഒരുവശത്ത് ഹനുമാന്‍ ഭക്തിയിലും ഗോമൂത്രശുദ്ധിയിലും വിശ്വസിക്കുന്ന ക്ഷുദ്രരാഷ്ട്രീയത്തിന്റെ കൊലക്കത്തികള്‍ രാകി മിനുക്കുന്ന ആത്മീയ ഗുരുക്കളുള്ളപ്പോള്‍ മുറുവശത്ത് സിദ്ധാന്തങ്ങളെല്ലാം എന്നോ തോറ്റുപോയ, അധികാരം നിലനിര്‍ത്താന്‍ വെറുപ്പും പകയുമാണ് പ്രായോഗികവഴികളെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടിയുണ്ട്. ഇരുവര്‍ക്കും പാര്‍ട്ടിനേതാക്കളുടെ ഉത്തരവുകള്‍ അനുസരിക്കുന്ന അണികളുണ്ട്. അവരുടെ തുടരുന്ന കുടിപ്പകയുണ്ട്. ഈ അവസ്ഥയില്‍നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന മനുഷ്യരുണ്ട്. അവരുടെ പ്രണയവും സ്വപ്‌നങ്ങളുമുണ്ട്.

വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തികളുടെ സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് റോസാലക്‌സംബര്‍ഗ് ഒരു നൂറ്റാണ്ട് മുന്‍പ് എഴുതിയിട്ടുണ്ട്. ഗോത്രസ്വഭാവമാര്‍ജിക്കുന്ന പാര്‍ട്ടിക്കും വ്യത്യസ്ത അഭിപ്രായം പറയുന്നവരെ വെച്ചുപൊറുപ്പിക്കാനാകില്ല. ഗോത്രങ്ങളൊന്നും വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിച്ചുതരാന്‍ മാത്രം വികസിച്ചവയല്ല. മൈസൂര്‍ നഗരത്തില്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത് ജീവിക്കാമെന്ന് ഐശ്വര്യയും ആനന്ദും തീരുമാനിക്കുന്നത് പാര്‍ട്ടിഗ്രാമങ്ങളില്‍ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ അസാധ്യമായതുകൊണ്ടാണ്. ജാതിഗ്രാമങ്ങളില്‍നിന്ന് പ്രണയവിവാഹം കഴിച്ച് നഗരത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ജീവിതം ഒളിച്ചുകടത്തുന്നവരെപ്പോലെയാണിതും.

കുടിപ്പകയില്‍ മനംമടുത്ത ആനന്ദിനോട് ‘എത്രകാലം ജീവിക്കുന്നു എന്നതിലല്ല, എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യമെന്നാണ്’ ബലിദാനിയാവാന്‍ കാത്തിരിക്കുന്നവന്‍ പറയുന്നത്. രക്തസാക്ഷിയാവാന്‍ പോകുന്നവന്റെ ഭാഷ്യവും വ്യത്യസ്തമല്ല. ചോദ്യം ചോദിക്കുന്ന ആനന്ദ് രണ്ടുപാര്‍ട്ടിക്കാരുടെയും ശത്രുവായി മാറുന്നു. ഒരു കൂട്ടര്‍ കേസില്‍ കുരുക്കാന്‍ ആലോചിക്കുമ്പോള്‍ മറു പാര്‍ട്ടിക്കാര്‍ കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കുന്നു. ‘പോലീസിനെക്കാള്‍ പേടിക്കേണ്ടത് പാര്‍ട്ടിയെ’യാണെന്നാണ് വെട്ടേറ്റ് പാതിതളര്‍ന്ന ശരീരവുമായി ജീവിക്കുന്നയാള്‍ മുന്നറിയിപ്പു നല്‍കുന്നത്. ഐശ്വര്യയെ ഒതുക്കുന്നതാകട്ടെ നിര്‍ബന്ധിതമായി വിവാഹം ചെയ്യിപ്പിച്ചുകൊണ്ടാണ്. ‘വിവാഹം കഴിക്കാനേ ഞാന്‍ സമ്മതിച്ചിട്ടുള്ളു. കൂടെ കിടക്കാന്‍ സമ്മതിച്ചിട്ടില്ല’ എന്ന ഐശ്യര്യയുടെ വാക്കുകള്‍ ആരെ കല്യാണം കഴിക്കണമെന്നുപോലും തീരുമാനമെടുക്കുന്ന പാര്‍ട്ടിയുടെ ആണധികാരത്തിനു മുഴുവന്‍ നല്‍കുന്ന പ്രഹരമാണ്.

അടുത്തിടെ ആഘോഷിക്കപ്പെട്ട മായാ കാഴ്ചകളില്‍നിന്ന് മലയാളസിനിമയെ, യാഥാര്‍ത്ഥ്യബോധ്യത്തിലേക്ക് ജീവിതത്തിലേക്ക് ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരുകയാണ് ഈട ചെയ്യുന്നത്. സ്വപ്‌നം കാണാന്‍ മാത്രമല്ല ജീവിതയാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാന്‍ കൂടി സഹായിക്കുന്നതാണ് ഇതിലെ പ്രണയം. ആണധികാര ഇടങ്ങളായ പാര്‍ട്ടി രാഷ്ട്രീയത്തിനുള്ളിലും പുറത്തും സ്ത്രീകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകള്‍, കൊടിയുടെ നിറങ്ങള്‍ക്കപ്പുറം അവര്‍ കൈമാറുന്ന സന്ദേശങ്ങള്‍, ഐക്യപ്പെടലുകള്‍ എല്ലാം യാഥാര്‍ത്ഥ്യബോധ്യമുള്ളതാണ്.

ഒളിവുജീവിതത്തിനിടയില്‍ ചൂണ്ടയില്‍ മണ്ണിരയെ കോര്‍ക്കുന്ന ആ ഒരൊറ്റ ക്ലോസ് അപ് ദൃശ്യത്തില്‍ സിനിമയിലെ രാഷ്ട്രീയം സൂക്ഷ്മായി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. മരണവും ഭീതിയും വെറുങ്ങലിച്ച തെരുവുകളില്‍, ഭാഗ്യം വില്‍ക്കുന്ന, കൈപ്പത്തിപോയ ലോട്ടറി വില്‍പ്പനക്കാരന്‍ ഈ സിനിയുടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള വാതിലാണ്. ബി. അജിത് കുമാറിനും ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സുഹൃത്തുക്കള്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം.

No Comments

Be the first to start a conversation

%d bloggers like this: