നായികമാര്‍ നയിച്ച മലയാളം സിനിമകള്‍

നമ്മുടെ പ്രശസ്തമായ ഒരു ചലച്ചിത്രോത്സവത്തിന്റെ പ്രതീകം, കയ്യിലും കാലിലും നൂലുകള്‍ കൊരുത്ത്‌, ആരുടെയോവിരല്‍ത്തുമ്പിന്റെ ചലനത്തിനൊത്താടുന്ന ഒരു ഇരുള്‍ രൂപമാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ മലയാളസിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ പ്രതീകം തന്നെയാണത്‌. എന്നുവെച്ചാല്‍, സ്ത്രീയുടെ മനസ്സറിയാനോ പഠിക്കാനോ ബുദ്ധിമുട്ടാതെ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളെ ഏറ്റെടുത്തു, തിരശീലയില്‍ പുനഃസൃഷ്ടിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ നടിമാര്‍ തന്നെയാണത്‌.  കഥ-തിരക്കഥ-സംവിധാന മേഖലകള്‍ പൂര്‍ണമായും പുരുഷകേന്ദ്രീകൃതമാണല്ലോ ഇന്നത്തെ മലയാള സിനിമയില്‍. അതുകൊണ്ടുതന്നെ, സ്ത്രീകഥാപാത്രങ്ങളുടെ ശക്തി-ദൌര്‍ബല്യങ്ങള്‍ വലിയോരളവോളം, പുരുഷപാത്രങ്ങളാണു തീരുമാനിക്കുന്നത്. അവരുടെ സ്വഭാവ വൈചിത്ര്യങ്ങളിലൂടെ വേണം, സിനിമയിലെ സ്ത്രീജന്മങ്ങളുടെ സ്വഭാവവൈരുദ്ധ്യങ്ങള്‍ അന്വേഷിച്ചറിയാന്‍.

സ്ത്രീയുടെ മനസ്സറിഞ്ഞുള്ള, ഗൌരവമാര്‍ന്ന കഥാപാത്രസൃഷ്ടി, മെഗാ-സൂപ്പര്‍-ജൂനിയര്‍-സൂപ്പര്‍ പുരുഷതാരങ്ങളുടെ ആധിപത്യകാലങ്ങളില്‍ സിനിമാക്കച്ചവടത്തിനു അനാവശ്യമാകുന്നു. സ്ത്രീ എന്താണെന്നു പുരുഷന്‍ വിശ്വസിക്കുന്നുവോ, അല്ലെങ്കില്‍ എന്താകണമെന്നു ആഗ്രഹിക്കുന്നുവോ, ആ നിഴല്‍രൂപങ്ങള്‍ മാത്രമാണ് നമ്മളിന്നു തിരശീലയില്‍ കാണുന്നത്‌. ശരിയായ സ്ത്രീ സ്വത്വത്തിന്റെ വളരെ വികലവും വികൃ‌തവുമാക്കപ്പെട്ട ആവിഷ്ക്കാരങ്ങളാണ് വെള്ളിത്തിരയില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. അതില്‍ ഒരു മുഖം മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. ആത്മാഭിമാനമുള്ളവളും, തന്റേടിയും, ചോദ്യം ചെയ്യുന്നവളുമായ സ്ത്രീ, സിനിമയിലെത്തുമ്പോള്‍ അഹങ്കാരിയും താന്തോന്നിയുമായി മാറുന്നു.

മലയാളിസ്ത്രീ പൊതുവേ ഗൃഹഭരണവുമായി വീട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ മലയാളസിനിമയിലുണ്ടായിരുന്ന സ്ത്രീകഥാപാത്രങ്ങളെ തിരിഞ്ഞൊന്നു നോക്കുക. പിന്നീട്‌, കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഘടനയില്‍, സ്ത്രീക്കുള്ള പങ്കും പ്രസക്തിയും, നിഷേധിക്കാനാകാത്ത വിധം സ്പഷ്ടമായി വരുന്ന വര്‍ത്തമാനകാലത്തു ജനിക്കുന്ന സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളുമായി,ആദ്യം പറഞ്ഞവരെ ഒന്നു താരതമ്യം ചെയ്യുക. കൌതുകമുള്ള ഒരു വൈരുദ്ധ്യം ഇവിടെ തെളിഞ്ഞുവരുന്നതു കാണാം. ഒരു ഇരുപതു-ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പ്, ശക്തമായ വ്യക്തിത്വത്തിനുടമകളായ ധാരാളം സ്ത്രീകഥാപാത്രങ്ങള്‍, തലയെടുപ്പോടെ മലയാളസിനിമയില്‍ കേറിയിറങ്ങിയിരുന്നു. ഷീല-ശാരദ-ജയഭാരതിമാരുടെ കാലമെത്തിയപ്പോള്‍, സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഒന്നിനുപുറകെ ഒന്നായി തിരശീലയിലെത്തിയിരുന്നു. സത്യന്‍-നസീര്‍-മധു താര ത്രയം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന കാലംകൂടിയായിരുന്നു അത്. സൂപ്പര്‍ത്താരസിംഹാസനത്തിന്റെ ആശങ്കകള്‍ അന്നത്തെ നായകവേഷങ്ങളെ അലട്ടാതിരുന്നതിനാലാകാം, അവര്‍ക്കൊപ്പം തോളുരുമ്മിനില്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കഥാകൃത്തുകള്‍ക്കു യാതൊരു ആത്മവിശ്വാസക്കുറവും അന്നുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പുരുഷനെതിരെ ശക്തമായി പ്രതികരിക്കാനും, പ്രതിഷേധിക്കാനും അന്നത്തെ സ്ത്രീകഥാപാത്രങ്ങളെ അനുവദിച്ചിരുന്നു.(അറുപതുകളുടെ അവസാനമിറങ്ങിയ’മിണ്ടാപ്പെണ്ണി’ലെ ഷീലയുടെ കഥപാത്രം ഒരുദാഹരണം മാത്രം). എണ്‍പതുകളുടെ മദ്ധ്യത്തിലിറങ്ങിയ’അക്ഷരങ്ങളി’ല്‍(സീമയുടെ കഥാപാത്രം)വരെ ഈ കാഴ്ച നാം കണ്ടിരുന്നു. (കാരണം,നായകനന്നു സൂപ്പര്‍താരപദവിയിലേക്കു അടിവെക്കുന്നതേയുള്ളു.) പൌരുഷത്തിനു പുതിയഭാഷ്യം, മോഹന്‍ലാലും, മമ്മുട്ടിയും, സുരേഷ്ഗോപിയും, ജയറാമും മറ്റും രചിക്കുന്നതു പിന്നീടാണ്. നായകന്‍, അപമാനിച്ച്‌, അടിച്ചൊതുക്കി വരുതിയിലാക്കി, തന്റെ പൌരുഷത്തിനു മാറ്റുകൂട്ടാന്‍ (?) പാകത്തിനു അഹങ്കാരികളും, ആരേയും കൂസാത്തവരുമായ, നായികമാരുടെ നീണ്ട ജാഥയാണു പിന്നെ മലയാളസിനിമയില്‍ നാം കണ്ടത്‌.

സമൂഹമനസ്സില്‍ നിഷേധാത്മക പ്രതീകരണങ്ങളോ,അപക്വമായ അനുകരണപ്രവണതകളോ, ഉളവാക്കിയേക്കാവുന്ന, അപകടകരമായ ഈ പ്രവണത ഇവിടെയൂട്ടി ഉറപ്പിച്ചതു ഇത്തരം സിനിമകളാണ്`‍. സ്ത്രീ അടിച്ചൊതുക്കപ്പെടേണ്ടവളാണെന്ന സന്ദേശം, അധികാരസമവാക്യങ്ങള്‍ സ്ത്രീക്കെതിരായി നിലകൊള്ളുന്ന ഒരു സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന ഇത്തരം പ്രത്യാഘാതങ്ങള്‍ ഒട്ടും നിസ്സാരമല്ല

മലയാളി സ്ത്രീ തന്റെ സ്വത്വം കുറെശ്ശെ തിരിച്ചറിഞ്ഞ്‌, സമൂഹത്തില്‍ താനര്‍ഹിക്കുന്ന സ്ഥാനം നേടിവരുന്ന കാലമാണിത്‌ . ഈ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ തികച്ചും പ്രതിലോമകരമായ സ്ത്രീ ബിംബകല്‍പ്പനകളില്‍ മുഴുകി ആശ്വാസം കണ്ടെത്തുകയാണോ ഇന്നത്തെ സിനിമാ (അതിലേറെ സീരിയല്‍) നിര്‍മ്മാതാക്കള്‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കനമുള്ള കഥാപാത്രങ്ങളേറ്റെടുക്കാനാകുന്ന നായികമാരുടെ കാലം ഇവിടെ മിക്കവാറും അസ്തമിച്ചതും (ഉര്‍വശി വളരെക്കാലം വെറും കണ്ണീര്‍ നായികയായി ജീവിച്ചുകഴിഞ്ഞപ്പോഴാണല്ലോ സത്യന്‍ അന്തിക്കാടു് അവരെ ‘കണ്ടെടുത്തതു്’‘) ഒരു സൂപ്പര്‍നായകനിര ഉദിച്ചുയര്‍ന്നതും ഏകദേശമൊരേകാലത്തായിരുന്നു. നായകന്റെ കരുത്തിനു, തിളക്കംകൂട്ടാനുള്ള,അലങ്കാരങ്ങള്‍ മാത്രമായിമാറി പിന്നെ നായികാവേഷങ്ങള്‍.

പക്ഷേ, ഏതാനും വര്‍ഷങ്ങളായി നമ്മള്‍ ശീലിച്ചിരുന്ന നായികാസങ്കല്‍പ്പത്തെ, അടിമുടി മാറ്റിയെഴുതിക്കൊണ്ടായിരുന്നു മലയാളികള്‍ കാത്തിരുന്ന, കാമ്പുള്ള, കരുത്തുള്ള, മറ്റൊരു നായികയുടെ കടന്നുവരവ്. ജന്മസിദ്ധമായ പ്രതിഭാപ്രകാശവും, ഒരു ശരാശരി മലയാളിപ്പെണ്‍കുട്ടിയുടെ ഓമനത്തമുള്ള ഭാവങ്ങളുമായി മഞ്ജൂവാര്യര്‍, എത്ര ചുരുങ്ങിയ കാലം കൊണ്ടാണു്, തനിക്കുവേണ്ടി തിരക്കഥകള്‍ രചിക്കാന്‍ മലയാള സിനിമയെ ഒരുക്കിയെടുത്തതു് !

മലയാളസിനിമ, ഒരിക്കല്‍ നഷ്ടപ്പെട്ട സ്ത്രീ-പുരുഷ സമതുലനാവസ്ഥ മെല്ലെ വീണ്ടെടുത്തു വരുകയായിരുന്നു.. പിന്നെക്കണ്ടതു്, നിന്നനില്‍പ്പില്‍ ഈ കുട്ടി അപ്രത്യക്ഷയാകുന്നതാണ്.

പിന്നെയുമുണ്ടായി നമുക്കൊരു നായിക. കുറച്ചു കാലം മലയാളക്കരയെ ചേലത്തുമ്പിലിട്ടു കറക്കിയ ഷക്കീല. മഞ്ജുവിനെ അണിയറയിലേക്കു മടക്കിയ അതേ അരക്ഷിതത്വ ബോധത്തിന്റെ, മറ്റൊരു തലം തന്നെയാണു ഷക്കീലയേ വേട്ടയാടിയതും. ഇവിടെ ഉദ്ദേശിക്കുന്നതു വ്യക്തികളെയല്ല, മറിച്ചു മലയാളി സമൂഹമനസ്സിന്റെ
അബോധത്തില്‍ കുടികൊളുന്ന ചില അസഹിഷ്ണുതകളെയാണ്.

പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും വേരുറച്ച സ്ത്രീ -പുരുഷ ബന്ധങ്ങള്‍ പഴംകഥയായിക്കൊണ്ടിരിക്കുമ്പോഴാണ്‌‍, മൃദുല കോമള ഭാവങ്ങളുമായി ഒരു പയ്യന്‍ കടന്നുവന്നത് – കുഞ്ചാക്കോ ബോബന്‍. മലയാളസിനിമ കണ്ടെത്തിയ ആ പുതിയ ഭാവുകത്വത്തിനൊപ്പം കാണികളും സഞ്ചരിച്ചു, ‘നിറം’വരെയെത്തി. സൌഹൃദത്തിലും സമഭാവനയിലും ഉറച്ചു നിന്ന്‌ പെരുമാറുന്ന കുഞ്ചാക്കൊ കഥാപാത്രങ്ങളുടെ നായികമാര്‍ക്കു, കാര്യമായി ഒന്നും ചെയ്യാനില്ലാത്തപ്പോഴും, പൊതുവേ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട്‌ നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. (‘കസ്തൂരിമാനി’ല്‍, ഇദ്ദേഹവും നായികയുടെ കരണത്തൊന്നു കൊടുത്ത്‌, തന്റെ ‘മേധാവിത്വം’ സ്ഥാപിക്കാനൊരുങ്ങിയതു മറക്കുന്നില്ല.) ദിലീപിന്റെ നായികമാര്‍ക്കും, മിക്കവാറും ഈ സമതുലനാവസ്ഥ നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ഇങ്ങേയറ്റതൊരു മഞ്ജുവിനേയോ, അങ്ങേയറ്റതൊരു ഷക്കീലയേയൊ വാഴാന്‍ അനുവദിക്കാതെ മലയാളസിനിമ വളരുകയാണ്‌‍… സിഹാസനങ്ങളൊന്നും കുലുക്കാതെയാണെങ്കില്‍, ഇടക്കൊരു മീരയോ, നവ്യയോ കാവ്യയോ വന്നുപോകുന്നതില്‍ വലിയ വിരോധമില്ലാതെ.

ശരാശരി സമൂഹമനസ്സില്‍ അക്ഷരലോകത്തിനു എത്തിപിടിക്കാനാകാത്ത തലങ്ങളില്‍വരെ, ദ്ദൃശ്യമാദ്ധ്യമങ്ങള്‍ക്കു സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വസ്തുത അതിന്റെ അണിയറ ശില്‍പ്പികളില്‍ ഒട്ടും ചെറുതല്ലാത്ത ഒരുത്തരവാദിത്തം അര്‍പ്പിക്കുന്നുണ്ട്‌. അവരില്‍ പലര്‍ക്കും അതറിയാനുള്ള ഭാവനാസമ്പന്നത ഉണ്ടാകണമെന്നില്ല. അറിയുന്നവരില്‍ പലരും അതിനര്‍ഹിക്കുന്ന ഗൌരവം കൊടുക്കാനുള്ളത്ര സാമൂഹിക ബോധവും കാണിക്കാറില്ല.

സ്ത്രീ കഥാപാത്ര രചനയില്‍ ഒരു ജോര്‍ജോ പദ്മരാജനോ പ്രകടമാക്കിയ ആര്‍ജ്ജവമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ചുരുങ്ങിയപക്ഷം ‘എന്റെ മകള്‍ക്ക്‌ അല്ലെങ്കില്‍ ഭാര്യക്കു് ഈ സമൂഹത്തില്‍ ജീവിതം ദുഷ്ക്കരമാക്കുന്ന ഒന്നിനും ഞാന്‍ കാരണമാകില്ല’ എന്നൊരു സ്വാര്‍ത്ഥബുദ്ധിയെങ്കിലും അവര്‍ക്കുണ്ടാകേണ്ടതല്ലേ?

ഒരു സിനിമാ കഥ-തിരക്കഥാകൃത്തിനൊപ്പം തന്നെ അതിന്റെ നിര്‍മ്മതാവിനും, സംവിധായകനും, അഭിനേതാക്കള്‍ക്കും, വരെ താന്‍ ജീവിക്കുന്ന സമൂഹത്തോട്‌ ഈ ബാദ്ധ്യതയുണ്ട്‌. പുകവലിക്കുന്നതോ, മദ്യപിക്കുന്നതോ, പുലഭ്യം പറയുന്നതോ ഒഴിവാക്കി സമൂഹത്തെ ശുദ്ധീകരിക്കുന്നതിനുമുന്‍പു, സ്ത്രീയേ പുച്ഛിച്ചു രസിക്കുന്ന, ബഹുമാനിക്കാനറിയാത്ത, ഒരു സമൂഹമായി കേരളം മാറിയതില്‍ മലയാളസിനിമക്കുള്ള പങ്കെത്രയുണ്ടെന്നു അവര്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

മലയാള സിനിമയില്‍ നായികമാര്‍ നയിച്ച പത്ത് സിനിമകള്‍:

റാണി പദ്മിനി

റിമ കല്ലിങ്കലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച മഞ്ജുവിന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയ സിനിമ. ഗ്രാമത്തില്‍ നിന്ന് നഗരത്തില്‍ എത്തുന്ന ഒരു വീട്ടമ്മയുടെ അതിജീവനമാണ്‌ പ്രമേയം.

Image result for റാണി പത്മിനി

ഹൌ ഓള്‍ഡ്‌ ആര്‍ യു

മഞ്ജു വാര്യര്‍ മലയാളത്തിലേക്ക് തിരികെ എത്തിയ സിനിമ. ഇതര ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.

Image result for ഹൌ ഓള്‍ഡ്‌ ആര്‍ യു

 

22 ഫീമെയില്‍ കോട്ടയം

ആഷിഖ് അബുവിന് മേല്‍വിലാസം നല്‍കിയ സിനിമ. പരിചിതമല്ലാത്ത വിഷയവും പരിസരവും. മലയാളികളെ ഞെട്ടിച്ച സിനിമ.

Image result for 22 ഫീമെയില്‍ കോട്ടയം

 

എന്റെ സൂര്യപുത്രിക്ക് 

ഒരു കാലത്ത് നിഷേധ യുവത്വത്തിന്റെ പ്രതീകമായി വാഴ്ത്തിയ അമല അക്കിനേനിയുടെ മായ യാണ് എന്റെ സൂര്യപുത്രിയുടെ കാതല്‍. അപകടകരമായ ധൈര്യമുള്ള പെണ്‍കുട്ടിയാണ് അമല ജീവിതം അവള്‍ക്കൊരു ചൂതുകളിയും.

Image result for എന്റെ സൂര്യപുത്രിക്ക്

 

നന്ദനം

രഞ്ജിത്തിന്റെ സിനിമകളില്‍ ശ്രദ്ധേയമായ നന്ദനം നവ്യ നായര്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി കൊടുത്തു.ഒരേ സമയം തന്നെ വാണിജ്യ വിജയവും നേടി. പ്രിത്വിരാജിനു അഭിനയ ജീവിതത്തില്‍ മികച്ച തുടക്കം നല്‍കി.

Image result for നന്ദനം

കന്മദം

മോഹന്‍ ലാലിനെ സാങ്കേതികത്വത്തിന്റെ പേരില്‍ നായകനായി സങ്കല്‍പ്പിക്കാമെങ്കിലും

കന്മദം സിനിമ ചലിക്കുന്നത് മഞ്ജു വാര്യരുടെ കരുത്തിലാണ്. ഭാനുവായി മഞ്ജു

വാര്യര്‍ ജീവിക്കുന്നു.

Image result for കന്മദം മഞ്ജു വാര്യര്‍

 

കണ്ണെഴുതി പൊട്ടും തൊട്ട്

മഞ്ജു വാര്യരുടെ അഭിനയത്തിന് ദേശീയ പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശവും സംസ്ഥാന അവാര്‍ഡും ലഭിച്ച സിനിമ.പഴംകഥയെ പുതിയ കാലവുമായി സംയോജിപ്പിക്കുന്ന കഥ പറച്ചിലില്‍ മഞ്ജു അസാമാന്യ മികവ് പുലര്‍ത്തി.

Image result for കണ്ണെഴുതി പൊട്ടും തൊട്ട്

 

വൈശാലി

എം ടി വാസുദേവന്‍ നായരുടെ തിരകഥക്ക് ഭരതന്‍ ഒരുക്കിയ ചലച്ചിത്ര ഭാഷ്യ. വൈശാലി ആയി അഭിനയിച്ചത് സുപര്‍ണ്ണ ആനന്ദ്. വര്‍ഷങ്ങള്‍ക്ക് ശേഷവും ആഘോഷിക്കപ്പെട്ട മലയാള സിനിമ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട സിനിമകളില്‍ ഒന്ന്.

Image result for വൈശാലി

പാഠം ഒന്ന് ഒരു വിലാപം

മീര ജാസ്മിന്‍ ദേശീയ പുരസ്കാരം നേടിയ സിനിമ. മലബാറിലെ ബാല വിവാഹങ്ങളുടെ പശ്ചാത്തലത്തില്‍ ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത സിനിമ ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

Image result for പാഠം ഒന്ന് ഒരു വിലാപം

ദേശാടന കിളി കരയാറില്ല

ലെസ്ബിയന്‍ പ്രണയത്തോട് മലയാളികള്‍ ചേര്‍ത്ത് വായിച്ച ദേശാടനക്കിളി കരയാറില്ല സ്ത്രീകളെ മുന്‍ നിര്‍ത്തി മലയാളത്തില്‍ എടുത്ത ഏറ്റവും മികച്ച സിനിമയാണ്. അധികമാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത വിഷയത്തെ കാലത്തിന് മുന്‍പേ തിരിച്ചറിഞ്ഞ പദ്മരാജന്റെ സംവിധാന മികവാണ് ദേശാടനക്കിളി. ശാരിയുടെ അഭിനയത്തിന് ഒപ്പം നില്ക്കാന്‍ പിന്നീട് എത്ര നടിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാ ചോദ്യം പ്രസക്തമാണ്.

Image result for ദേശാടനക്കിളി കരയാറില്ല

 

കടപ്പാട്:ജയശ്രീ

 

No Comments

Be the first to start a conversation

%d bloggers like this: