ഖത്തര്‍ വിഷയത്തെ ചൊല്ലി ഭിന്നാഭിപ്രായം; ജി.സി.സി. ഉച്ചകോടി ചൊവ്വാഴ്ച തന്നെ പിരിഞ്ഞു

കുവൈറ്റ് : ഖത്തര്‍ വിഷയത്തെ ചൊല്ലി അംഗരാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഭിന്നാഭിപ്രായങ്ങളെ തുടര്‍ന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) ഉച്ചകോടി ചൊവ്വാഴ്ച തന്നെ പിരിഞ്ഞു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഒറ്റ ദിവസം കൊണ്ട് പിരിഞ്ഞത്. അതെ സമയം എല്ലാ രാഷ്ട്രത്തലവന്മാരും എത്താത്തതിനാലാണ് സമ്മേളനം വെട്ടിച്ചുരുക്കിയതെന്നും അഭ്യൂഹമുണ്ട്.

സമ്മേളനത്തില്‍ പ്രധാന തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം കാരണം പല തവണ മാറ്റിവെച്ച ഉച്ചകോടിയായിരുന്നു ഇത്.

ജി.സി.സി. ഘടനയില്‍ സമീപഭാവിയില്‍ തന്നെ മാറ്റം വന്നേക്കുമെന്ന് കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മേഖലയിലെ വെല്ലുവിളികളെ മികച്ച രീതിയില്‍ അതിജീവിക്കാന്‍ പര്യാപ്തമായ തരത്തിലായിരിക്കും ജി.സി.സിയുടെ ഘടനയില്‍ മാറ്റംവരുത്തുകയെന്നും അമീര്‍ വ്യക്തമാക്കി. കൂടാതെ ജി.സി.സി. ഉച്ചകോടിയുടെ പ്രധാന കാരണം മധ്യസ്ഥത തുടരുകയെന്നതാണെന്നും ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുക എന്നതാണെന്നും അമീര്‍ പറഞ്ഞു.

ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ഹാമദ് അല്‍താരിയെ കൂടാതെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദിന്റെ പ്രതിനിധിയായി സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ജബേയ്ര്, ഒമാന്‍ സുല്‍ത്താന്‍ വാബുസ് ബിന്‍ സയ്യിദിന്റെ പ്രതിനിധിയായി ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രി ഫാഹദ് ബിന്‍ മഹ്മൂദ് അല്‍സയിദ് കൂടാതെ ബഹ്റൈനില്‍നിന്നുള്ള ഡെപ്യൂട്ടി പ്രധാനമന്ത്രി മുഹമ്മദ്ബിന്‍ മുബാറക് അല്‍ ഖലീഫ എന്നീ രാഷ്ട്രത്തലവന്മാരാണ് ഉദ്ഘാടനസമ്മേളത്തില്‍ പങ്കെടുത്തത്. അമീറിനെ കൂടാതെ ജി.സി.സി. സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍സയാനിയും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

No Comments

Be the first to start a conversation

%d bloggers like this: