സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തി​​ന്റെ ഭാഗമായി സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണകട ജോലികളില്‍ വിദേശിയെ നിര്‍ത്തിയാല്‍ 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. ഡിസംബര്‍ മൂന്ന് മുതലാണ് സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണനിയമം പ്രാബല്യത്തില്‍ വരുന്നത്.

സ്വകാര്യ മേഖലയിലെ ഊർജിത സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്തി​​ന്റെ ഭാഗമായ നിയമത്തെകുറിച്ച് രണ്ട് മാസം മുമ്പ് മന്ത്രാലയം അറിയിച്ചിരുന്നു. സ്ഥാപനങ്ങള്‍ സ്വദേശികളെ നിയമിക്കുന്നത്​​ നിയമാനുസൃതമാവണമെന്ന് ഒരാഴ്ച മുമ്പ് ഓര്‍മിപ്പിക്കുകയും ചെയ്തു. വിദേശികള്‍ പിടിക്കപ്പെട്ടാൽ സ്ഥാപനത്തിനാണ് പിഴ ചുമത്തുക. പ്രമുഖ ഷോപ്പിങ് മാളുകളിലും സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചും മുഴുസമയ പരിശോധന ഉണ്ടായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: