ഐഎഫ്‌എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.

22 ആമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിലും അനുബന്ധ വേദികളിലുമായാണ് പുരോഗമിക്കുന്നത്. ഡിസംബര്‍ എട്ടിന് മേളയ്ക്ക് തിരിതെളിയുന്നതോടെ നഗരം സിനിമാ ആസ്വാദകരെ കൊണ്ട് നിറയും. മേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി. 11,000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. മേളയുടെ ഭാഗമായുള്ള ഡെലിഗേറ്റ് സെല്ലിന്റ ഉദ്ഘാടനവും നടന്നു. അന്വേഷണങ്ങള്‍ക്കും പാസ് വിതരണങ്ങള്‍ക്കുമായി 14 കൗണ്ടറുകളാണ് ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 11 മുതല്‍ രാത്രി ഏഴ് മണി വരെയാകും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങും അനുബന്ധിച്ച്‌ നടത്താനിരുന്ന സാംസ്കാരിക പരിപാടികളും റദ്ദാക്കിയിരുന്നു. എന്നാല്‍ മുഖ്യാതിഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മേളയ്ക്ക് എത്തുമെന്നും കമല്‍ അറിയിച്ചു. എന്നാല്‍ കൊടുങ്കാറ്റിലും ശക്തമായ മഴയിലും വന്‍ ദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ മേള നടത്തുന്നത് ദു:ഖിതരായ കുടുംബാംഗങ്ങളോടുള്ള അനാദരവാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സംഘാടകരായ ചലച്ചിത്ര അക്കാദമിയിലും ഇടതുമുന്നണിയിലും ഒരു വിഭാഗത്തിന് ഈ അഭിപ്രായമുണ്ട്. എന്നാല്‍ മാസങ്ങള്‍ക്കു മുമ്ബുതന്നെ തയ്യാറെടുപ്പുകള്‍ നടത്തുകയും വിദേശത്തുനിന്നുള്‍പ്പെടെ സിനിമാ സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയും മറ്റും ക്ഷണിക്കുകയും ചെയ്ത ശേഷം മേള പൊടുന്നനേ മാറ്റുന്നത് ഭാവിയിലെയും മേളകളെ ബാധിക്കുമെന്നാണ് സര്‍ക്കാരിലും മുന്നണിയിലും പ്രമുഖ വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം, മേള മാറ്റണമെന്ന ആവശ്യം തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും ലത്തീന്‍ കത്തോലിക്കാ സഭയുടെയും നേതാക്കള്‍ക്കിടയിലും ശക്തമാണ്. മേള നടക്കുന്ന സ്ഥലങ്ങളിലേക്ക് അവര്‍ പ്രതിഷേധ പ്രകടനം നടത്തുകയോ മറ്റോ ചെയ്താല്‍ സ്ഥിതി സംഘര്‍ഷഭരിതമാകും എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അത്തരം പ്രതിഷേധങ്ങളെ ബലംപ്രയോഗിച്ച്‌ തടയാന്‍ ശ്രമിച്ചാല്‍ പ്രശ്നം വഷളാവുകയും ചെയ്യും. അതുകൊണ്ട് മേള മാറ്റണമെന്ന പരസ്യ ആവശ്യത്തിലേക്ക് മത്സ്യത്തൊഴിലാളികളും സഭയും എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായാണ് സൂചന.

No Comments

Be the first to start a conversation

%d bloggers like this: