വിവാഹം ഹാദിയയുടെ ഇഷ്ടം: സുപ്രീം കോടതി

ഹാദിയയുടെ വിവാഹം സാങ്കേതികമായി ശരിവച്ച്‌ സുപ്രീം കോടതി. സംഭവത്തിനു തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും എന്നാല്‍ വിവാഹം ഒരാളുടെ വ്യക്തിപരമായ വിഷയമായതിനാല്‍ ഇതില്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍.ഐ.എ) സുപ്രീം കോടതി നിര്‍ദേശം നല്‍കി. അതേസമയം, വിവാഹം റദ്ദാക്കിയ കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയില്ല. ഹാദിയയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാവും ഇക്കാര്യത്തില്‍ അന്തിമവിധി.
കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നലെ മുദ്രവച്ച കവറില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മതം മാറിയുള്ള വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്നു ഹാദിയ വ്യക്തമാക്കിയതിനാല്‍ അതേക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടെന്നും കേസുമായി ബന്ധപ്പെട്ട മറ്റേത് അന്വേഷണവുമായും എന്‍.ഐ.എയ്ക്കു മുന്നോട്ടുപോകാമെന്നും ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കാര്‍ എന്നിവവരടങ്ങിയ മൂന്നംഗബെഞ്ച് വ്യക്തമാക്കി.
വിവാഹം നാടകീയമായി നടത്തിയതാണെന്ന എന്‍.ഐ.എയുടെയും ഹാദിയയുടെ പിതാവ് അശോകന്റെയും വാദം കോടതി അംഗീകരിച്ചില്ല. ഹാദിയ വിവാഹം ചെയ്തത് നല്ലയാളെയാണോ മോശം ആളെയാണോ എന്ന് എന്‍.ഐ.എ. അന്വേഷിക്കേണ്ട. പ്രായപൂര്‍ത്തിയായ അവളുടെ ഇഷ്ടത്തില്‍ കോടതി ഇടപെടുന്നില്ല. വിവാഹത്തെ ചോദ്യംചെയ്യാനാവില്ല. അതിന് അവള്‍ക്കേ അവകാശമുള്ളൂ. വിവാഹവും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കലും ഗൂഢാലോചനകളും ക്രിമിനല്‍ ആരോപണങ്ങളും വേര്‍തിരിച്ചു കാണണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേരള ഹൈക്കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ച സമയത്ത് ഹാദിയ വിവാഹിതയായിരുന്നില്ലെന്നും ആ സമയത്ത് പെണ്‍കുട്ടി മാതാപിതാക്കളുടെ അടുത്തേക്ക് തിരികെവരാന്‍ സന്നദ്ധയായിരുന്നില്ലെന്നും ഹാദിയയുടെ പിതാവിനു വേണ്ടി ഹാജരായ മാധവി ദിവാന്‍ വാദിച്ചു. വീട്ടുതടങ്കല്‍ നിയമപരമായി നേരിടാനുള്ള ആസൂത്രിതമായ പദ്ധതിയായിരുന്നു വിവാഹമെന്നും മാധവി ദിവാന്‍ വാദിച്ചു. എന്നാല്‍, നിങ്ങള്‍ പറഞ്ഞത് ശരിയായിരിക്കാം. വിവാഹം കേവലമൊരു പദ്ധതിയായിരിക്കാം. പക്ഷേ, കോടതിയില്‍ വന്ന് ഹാദിയ പറഞ്ഞത് അവള്‍ വിവാഹിതയാണെന്നാണ്. അവളുടെ തിരഞ്ഞെടുപ്പിനുള്ള നിയമസാധുത ചോദ്യം ചെയ്യാനാകില്ല- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
എന്‍.ഐ.എ അന്വേഷണം സംബന്ധിച്ച്‌ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് വാദം ഉയര്‍ത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം വേറെ നടക്കട്ടെയെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റാദ്ദാക്കാനാകുമോ എന്നതാണ് സുപ്രീം കോടതി പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ്റ്റ ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. കേസ് അടുത്ത 22ന് പരിഗണിക്കും.

No Comments

Be the first to start a conversation

%d bloggers like this: