ബന്ധുനിയമനം മുതല്‍ കണ്ണട വരെ! സിപിഎം പരുങ്ങിയ വിവാദങ്ങള്‍

തിരുവനന്തപുരം: മക്കൾ വിവാദം മുതൽ കണ്ണട വിവാദം വരെ. അതിനിടെ പ്രാദേശിക നേതാക്കളുടെ ക്വട്ടേഷൻ കേസുകളും പീഡനക്കേസുകളും. പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുമ്പോഴും സിപിഎമ്മിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കൊന്നും കുറവില്ല. ഇപി ജയരാജന്റെ മന്ത്രിക്കസേര തെറിക്കാനിടയായ ബന്ധുനിയമനമാണ് പിണറായി അധികാരമേറ്റതിന് ശേഷം സിപിഎമ്മിനെ വേട്ടയാടിയ പ്രധാന വിവാദം. ബന്ധുവായ പികെ ശ്രീമതിയുടെ മകനും ജ്യേഷ്ഠപുത്രന്റെ ഭാര്യയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം നൽകിയത് പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ പിടിച്ചുകുലുക്കി. പിന്നീട് ഇപിയുടെ രാജിയിലാണ് ആ വിവാദം അവസാനിച്ചത്.ബന്ധുക്കളായ രണ്ട് പേരെ പൊതുമേഖല സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചതാണ് ഇപി ജയരാജന് വിനയായി മാറിയത്. മന്ത്രിയുടെ ബന്ധുവും പികെ ശ്രീമതി എംപിയുടെ മകനുമായ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിച്ചതും, ജ്യേഷ്ഠപുത്രന്റെ ഭാര്യ ദീപയെ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് എംഡിയായി നിയമിച്ചതുമാണ് ഇപി ജയരാജനെ കുരുക്കിലാക്കിയത്. മാധ്യമ വാർത്തകൾക്ക് പിന്നാലെ പ്രതിഷേധവും ശക്തിയായപ്പോൾ ഇപി ജയരാജനെ കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിച്ച് വിവാദത്തിൽ നിന്ന് തലയൂരി.

സിപിഎം നയിക്കുന്ന ഇടതുമുന്നണി സംസ്ഥാന ഭരിക്കുമ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട വിവാദങ്ങൾക്ക് വരെ പ്രധാന്യം ലഭിക്കുമെന്നത് തീർച്ചയാണ്. അത്തരത്തിലുള്ള രണ്ട് സംഭവങ്ങളാണ് കളമശേരി മുൻ ഏരിയ സെക്രട്ടറി ഉൾപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസും, വടക്കാഞ്ചേരി കൗൺസിലർ ആരോപണവിധേയനായ പീഡനക്കേസും.കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈൻ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാംപ്രതിയായിരുന്നു. വടക്കാഞ്ചേരിയിലെ സിപിഎം കൗൺസിലർ ജയന്തനെതിരെ വിവാദമായ കൂട്ടമാനഭംഗക്കേസിലും ആരോപണമുയർന്നു. ഈ രണ്ട് വിവാദങ്ങൾ പാർട്ടിക്കും സർക്കാരിനും ഒരുപോലെ ക്ഷീണമുണ്ടാക്കി.

സിപിഎം നേതാക്കൾ ഉൾപ്പെട്ട വിവാദങ്ങൾക്ക് പുറമേ സിപിഎം സ്വതന്ത്രരായി വിജയിച്ചവരും സർക്കാരിന് തലവേദനയുണ്ടാക്കി. നിലമ്പൂർ എംഎൽഎ പിവി അൻവറാണ് ഈ പട്ടികയിൽ ഒന്നാമൻ. അനധികൃത നിർമ്മാണവും, കയ്യേറ്റവുമെല്ലാണ് പിവി അൻവറിനെതിരായ ആരോപണം. താനൂർ എംഎൽഎ വി അബ്ദുറഹിമാന്റെ ബന്ധുക്കളും തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുക്കളും ചേർന്ന് മലയാളം സർവകലാശാലയുടെ ഭൂമി ഇടപാടിൽ ക്രമക്കേട് നടത്തിയെന്നും ആരോപണമുയർന്നിരുന്നു. ഇടുക്കി എംപി ജോയ്സ് ജോർജിനെതിരെയും സമാനമായ കൈയേറ്റ ആരോപണവും പട്ടയ വിവാദവമുണ്ടായി.

സ്വന്തം പാർട്ടിക്കാരും മന്ത്രിമാരും ഉണ്ടാക്കി വെച്ച പൊല്ലാപ്പുകള്‍ക്കിടയിലാണ്  മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അക്കിടിപ്പറ്റിയത്. ഓഖി ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയതായിരുന്നു വിവാദത്തിന് കാരണം. പാർട്ടി പരിപാടിയിൽ പങ്കെടുക്കാനാണ് യാത്ര നടത്തിയതെന്ന് തെളിഞ്ഞതോടെ വിവാദവും പ്രതിഷേധവും ശക്തമായി.മുഖ്യന്റെ ഹെലികോപ്റ്റർ യാത്രയുടെ ചെലവ് പാർട്ടി വഹിക്കുമെന്നായിരുന്നു ചില സിപിഎം നേതാക്കൾ ആദ്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നത ഉയർന്നപ്പോൾ പാർട്ടി അഞ്ചുപൈസ നൽകില്ലെന്ന് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. മന്ത്രി എംഎം മണിയുടെ വിവാദ പരാമർശങ്ങളും സിപിഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. മന്ത്രി അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് പെൺപിളൈ ഒരുമൈ അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തു. എന്നാൽ മന്ത്രിയുടെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും, രാജിവെക്കേണ്ടതില്ലെന്നുമായിരുന്നു പാർട്ടി നിലപാട്. ഇത് കൂടാതെ മന്ത്രി എ കെ ബാലന്‍ അട്ടപ്പാടിയിലെ ആദിവാസികളെ നിയമസഭയില്‍ വെച്ച് പരസ്യമായി അധിക്ഷേപിച്ചു.

എന്‍ സി പി യിലെ ശശീന്ദ്രന്റെ റണ്‍ ഔട്ടും ചാണ്ടിയുടെ കായല്‍ കയ്യേറ്റവും അടുത്ത വിക്കറ്റില്‍ ശശീന്ദ്രന്റെ തിരിച്ച് വരവും ഒക്കെ ചര്‍ച്ചയായതിന്‍റെ കൂടെ ഒരിടവേളക്ക് ശേഷം മക്കള്‍ വിവാദം വീണ്ടും സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍. ബിനോയ് കോടിയേരി 13 കോടിയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദുബായ് കമ്ബനിയുടെ പരാതി.

എന്നാല്‍ തനിക്കെതിരെ കേസില്ലെന്നും, ആരോപണങ്ങള്‍ തെറ്റാണെന്നുമായിരുന്നു ബിനോയുടെ പ്രതികരണം. ഇതിനുപിന്നാലെ ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അദ്ദേഹം പുറത്തുവിട്ടു. എന്തായാലും സംഭവത്തില്‍ വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് കണ്ണൂര്‍ നേതാക്കളുടെ മക്കളെല്ലാം ജോലി ചെയ്യുന്നത് എവിടെയാണെന്ന് ചിലരൊക്കെ അന്വേഷിച്ച്‌ തുടങ്ങിയത്. ബിനോയ് കോടിയേരി വിഷയം കൊടുമ്ബിരിക്കൊണ്ടിരിക്കെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം ഇക്കാര്യത്തെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയത് സൈബര്‍ പോരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കണ്ണൂരിലെ സിപിഎം നേതാക്കളുടെ മക്കള്‍ എവിടെയെല്ലാമാണ് ജോലി ചെയ്യുന്നതെന്നാണ് ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിനോയ് കോടിയേരി വിവാദത്തില്‍ സിപിഎമ്മിന്റെ ആക്രമിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ ഈ പത്രവാര്‍ത്തയും ആയുധമാക്കുന്നുണ്ട്.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും മകളും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. നിലവില്‍ ബെംഗളൂരു ആസ്ഥാനമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്ബനി നടത്തുന്ന വീണ എട്ടു വര്‍ഷത്തോളം ഒറാക്കിളിലാണ് ജോലി ചെയ്തിരുന്നത്. അതിനുമുന്‍പ് പ്രമുഖ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ടെക്സോഫ്റ്റിന്റെ സിഇഒയായും പ്രവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനെക്കുറിച്ച്‌ നേരത്തെയും വിവാദങ്ങളുണ്ടായിരുന്നു. പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മകനെ ഇംഗ്ലണ്ടില്‍ പഠിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു അന്നത്തെ വിവാദങ്ങള്‍. ബിര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്നും എംബിഎ പഠനം പൂര്‍ത്തിയാക്കിയ വിവേക് ഇപ്പോള്‍ അബുദാബിയിലെ എച്ച്‌എസ്ബിസി ബാങ്കില്‍ ജോലി ചെയ്യുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെക്കുറിച്ച്‌ നിരവധി തവണ വിവാദങ്ങളുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബിനീഷ് കോടിയേരിക്ക് തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വന്തം ബിസിനസ് സ്ഥാപനങ്ങളുണ്ടെന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ആര്‍പി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു ബിനീഷ് കോടിയേരി.

ഇപി ജയരാജന്റെ മന്ത്രിസ്ഥാനം തെറിക്കാനിടയായ സംഭവമായിരുന്നു ബന്ധുവും പികെ ശ്രീമതി എംപിയുടെ മകനുമായ സുധീര്‍ നമ്ബ്യാരുടെ വിവാദ നിയമനം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി സുധീര്‍ നമ്ബ്യാരെ നിയമിച്ചെങ്കിലും ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ചുമതലയേല്‍ക്കാനായില്ല. വിവാദ നിയമനത്തിലൂടെ വാര്‍ത്തകളിലിടം നേടിയ കെപി സുധീര്‍ നമ്ബ്യാര്‍ മൂന്ന് ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ്. ധരണ ലിവ്ലിഹുഡ് പ്രൊജക്‌ട്സ് ലിമിറ്റഡ്, എസന്‍സ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ്, ഇഫാമ നാച്യുറല്‍ ക്ലോത്തിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് സുധീര്‍ നമ്ബ്യാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഇപി ജയരാജന്റെ രണ്ട് മക്കള്‍ക്കും ഗള്‍ഫ് ബന്ധങ്ങളുണ്ടെന്നാണ് വാര്‍ത്തയിലുള്ളത്. ഗള്‍ഫിലെ പ്രമുഖ ബിസിനസുകാരനൊപ്പമാണ് ജയരാജന്റെ ഒരു മകനായ ജെയ്സണ്‍ ജോലി ചെയ്യുന്നത്. മറ്റൊരു മകനായ ജിതിനും ഗള്‍ഫില്‍ ബിസിനസ് ബന്ധങ്ങളുണ്ട്. ബിനോയ് കോടിയേരി വിവാദം പുകയുന്നതിനിടെയാണ് പ്രമുഖ കണ്ണൂര്‍ നേതാക്കളുടെ മക്കളെക്കുറിച്ചും ചര്‍ച്ച പൊടിപൊടിക്കുന്നത്. മുകളില്‍ പറഞ്ഞ നേതാക്കളുടെ മക്കളെല്ലാം അത്യാവശ്യം ഉയര്‍ന്ന ജോലിയിലാണെങ്കിലും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മക്കളെക്കുറിച്ച്‌ എടുത്തുപറയേണ്ടതാണ്. പി ജയരാജന്റെ ഒരു മകന്‍ ഗള്‍ഫിലെ ഫാന്‍സി ഷോപ്പില്‍ സാധാരണ സെയില്‍സ്മാനായും, മറ്റൊരാള്‍ കേരളത്തിന് പുറത്തെ ഒരു പ്രൈവറ്റ് കമ്ബനിയിലുമാണ് ജോലി ചെയ്യുന്നത്.

 

No Comments

Be the first to start a conversation

%d bloggers like this: