സംസ്ഥാനത്ത് പ്രതിവര്‍ഷം 1200പേര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതായ് റിപ്പോര്‍ട്ട്‌; ലവ് ജിഹാദിന് തെളിവില്ല

കേരളത്തില്‍ പ്രതിവര്‍ഷം 1216 പേര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതായ് റിപ്പോര്‍ട്ട്‌. സംസ്ഥാനത്ത് ഇസ്ലാമിലേക്കു നടക്കുന്ന മതപരിവര്‍ത്തനങ്ങളില്‍ 61% പ്രണയത്തിന്റെ പേരിലാണെങ്കിലും ഇതിനെ ലൗ ജിഹാദുമായി ബന്ധപ്പെടുത്താനാവില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ അനൗദ്യോഗിക റിപ്പോര്‍ട്ട്. ലൗ ജിഹാദ് നടക്കുന്നതിനു തെളിവില്ലെന്നാണു റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. കേരളത്തില്‍ ശരാശരി ഒരു വര്‍ഷം 1216 പേര്‍ ഇസ്ലാമിലേക്കു മാറുന്നുണ്ട്. ഇതില്‍ കൂടുതലും യുവജനങ്ങളാണ്. ഇസ്ലാം മതം സ്വീകരിച്ചവരില്‍ 72 ശതമാനത്തിനു രാഷ്ട്രീയമില്ല. എന്നാല്‍, രാഷ്ട്രീയബന്ധമുള്ളവരില്‍ 17% സി.പി.എം. ഉള്‍പ്പെടെയുള്ള ഇടതു ചിന്താഗതിക്കാരാണെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. മംഗളം പത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കേന്ദ്ര ഏജന്‍സികളുടെയും പോലീസിന്റെയും സഹായത്തോടെ രഹസ്യമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ കണക്കുകളാണ് ആഭ്യന്തര വകുപ്പ് ശേഖരിച്ചത്. മതപരിവര്‍ത്തനം വ്യക്തിപരമായ കാര്യമാണെങ്കിലും ഇതു സാമൂഹികമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും വിവിധ മതവിഭാഗങ്ങളെ ബന്ധപ്പെടുത്തി ചര്‍ച്ച നടത്തി ഇതിനു പരിഹാരം കാണണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മതംമാറ്റം നടക്കുന്നത്. ഇസ്ലാമിലേക്കു മാറുന്നവരില്‍ 82 ശതമാനവും ഹിന്ദുക്കളാണ്. ക്രിസ്ത്യാനികള്‍ 17.9%. മാറുന്നവരില്‍ ഏറിയപങ്കും ബിരുദത്തിനു താഴെ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. ഇതില്‍തന്നെ ഭൂരിപക്ഷവും സ്കൂള്‍ വിദ്യാഭ്യാസംമാത്രം നേടിയവരാണ്.
മുസ്ലിം രാഷ്ട്രീയസംഘടനകള്‍ മതംമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച്‌ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇസ്ലാമിലേക്കു കൂട്ടത്തോടെ പരിവര്‍ത്തനം നടത്തുന്നതായി കണ്ടിട്ടില്ല. 72 ശതമാനത്തിനും രാഷ്ട്രീയമില്ല. പാര്‍ട്ടി അടിസ്ഥാനത്തില്‍ നോക്കിയാല്‍ 17% പേര്‍ സി.പി.എമ്മില്‍നിന്നുള്ളവരാണ്. എട്ടു ശതമാനം പേര്‍ ദാരിദ്ര്യവും രണ്ടു ശതമാനം പേര്‍ സമൂഹമാധ്യമങ്ങളുടെ ഇടപെടല്‍ മുഖേനയും മതംമാറിയിട്ടുണ്ട്. വ്യക്തിപ്രഭാവത്തിലാണ് പ്രധാനമായും മതപരിവര്‍ത്തനം നടക്കുന്നത്.
കേരളത്തില്‍ ഇസ്ലാമിലേക്കുള്ള മാറ്റത്തിനു സഹായിക്കുന്ന സംഘടനകള്‍ മൗനത്തുല്‍ ഇസ്ലാം സഭ പൊന്നാനി, തെര്‍ബിത്തുയല്‍ ഇസ്ലാം സഭ കോഴിക്കോട് എന്നിവയാണ്. ഇവയ്ക്ക് അംഗീകാരമുണ്ട്. മഞ്ചേരിയിലെ സത്യസരണി വഴിയും മതംമാറ്റമുണ്ട്. മലബാറില്‍ മതപരിവര്‍ത്തനത്തിനു വിധേയരായ 568 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇങ്ങനെയാണ്. മതപരിവര്‍ത്തനം സംബന്ധിച്ചു കേരളത്തില്‍ കൃത്യമായ കണക്കുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ കൃത്യമായ കണക്കില്ലാത്തതാണ് മതപരിവര്‍ത്തനം കേരളത്തില്‍ കൂടി നില്‍ക്കുന്നതായി തോന്നാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാറില്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന ജില്ല തൃശൂരാണ്. 568 പേരില്‍ 135. പാലക്കാടിനാണ് രണ്ടാം സ്ഥാനം-106. 2011 മുതല്‍ 2016 വരെ ഔദ്യോഗികമായി 7299 പേര്‍ കേരളത്തില്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ വന്നശേഷം മതംമാറ്റത്തില്‍ കുറവു വന്നിട്ടുണ്ട്.

രാഷ്ട്രീയബന്ധം: സി.പി.എം- 17%, കോണ്‍ഗ്രസ്-8, ബി.ജെ.പി.- 2, സി.പി.ഐ.- 0.8.

ജാതി വിവരം: പിന്നാക്കം 64.6%, നായര്‍-10, നമ്പൂതിരി- 0.7, കത്തോലിക്കരും ഇതര ക്രിസ്ത്യാനികളും-17.4,
പട്ടികജാതി/വര്‍ഗം- 7.3.

പ്രായം: 18-25: 39%, 25-35: 35, 35-45: 19, 45നു മുകളില്‍ 7.

മതംമാറ്റത്തിന്റെ കാരണങ്ങള്‍: പ്രണയം- 61%, ദാരിദ്ര്യം- 8, മാനസിക ബുദ്ധിമുട്ടുകള്‍- 7, സമൂഹമാധ്യമങ്ങളുടെ
സ്വാധീനം- 2, മറ്റു കാരണങ്ങള്‍- 22

കുടുംബസ്വഭാവം: അണുകുടുംബങ്ങള്‍- 65%, കൂട്ടുകുടുംബം-32, മറ്റുള്ളവര്‍-3.

വിദ്യാഭ്യാസ യോഗ്യത: ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍- 34.6, പൂര്‍ത്തിയാക്കിയവര്‍- 44.7,
ബിരുദം- 10.7, ബിരുദാനന്തര ബിരുദധാരികള്‍- 4.

 

No Comments

Be the first to start a conversation

%d bloggers like this: