കപ്പല്‍ശാലയിലെ പൊട്ടിത്തെറി: മരിച്ച അഞ്ചുപേരും മലയാളികള്‍

കൊച്ചി: കപ്പല്‍ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മലയാളികളായ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഏരൂര്‍ വെസ്റ്റ് ചെമ്ബനേഴ്ത്ത് ഹൗസില്‍ ഉണ്ണികൃഷ്ണന്‍, ഏരൂര്‍ മഠത്തിപ്പറമ്ബില്‍ വെളിയില്‍ കണ്ണന്‍ എം.വി, തേവര കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ കെ. ബി, വൈപ്പിന്‍ പള്ളിപ്പറമ്ബില്‍ റംഷാദ് എം. എം, അടൂര്‍ ഏനാത്ത് ചരുവിള വടക്കതില്‍ ഗെവിന്‍ റജി എന്നിവരാണ് മരിച്ചത്.

കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒ.എന്‍.ജി.സിയുടേതാണ് കപ്പല്‍. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുണ്ടായ കപ്പലിലെ തീ അണച്ചതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതോടെ പരിശോധന അവസാനിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.

കപ്പലിലെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെല്‍ഡിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. പുക ശ്വസിച്ചാണ് മിക്കവരും മരിച്ചത്. കപ്പല്‍ശാലയ്ക്കുള്ളിലെയും പുറത്തെയും അഗ്നിശമന സേനകള്‍ എത്തിയാണ് തീ കെടുത്തിയത്. അപകടത്തെപ്പറ്റി കപ്പല്‍ശാല അധികൃതരുടെ പ്രതികരണം വന്നിട്ടില്ല.

No Comments

Be the first to start a conversation

%d bloggers like this: