സെക്രട്ടറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷം പിന്നിട്ട് ശ്രീജിത്തിന്റെ സമരം; അനിയനെ കൊന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുവാവിന് പിന്തുണയുമായ് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗാണ്. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് അനുജന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പായ ഐസിയു ഉള്‍പടെ സോഷ്യല്‍ മീഡിയ ഒന്നാകെ രംഗത്ത് വന്നിരിക്കുന്നത്. 762 ദിവസം പിന്നിട്ട ശ്രീജിത്തിന്റെ സമരത്തിന് അധികൃതര്‍ ഇതുവരെയും ചെവി കൊടുത്തിട്ടില്ല. രസകരമായ ട്രോളുകളും തമാശകളും പങ്കുവെക്കുന്ന ട്രോള്‍ ഗ്രൂപ്പായ ഐസിയു ശ്രീജിത്തിന് പിന്തുണ അറിയിച്ച് ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു.

ചളിയല്ല, തമാശയല്ല, കാര്യമാണു പറയുന്നത്. നീതി വൈകുന്നത് നീതി നിഷേധമാണു. എന്ന് തുടങ്ങി ശ്രീജിത്തിന് പിന്തുണ അറിയിച്ച് ഐ സി യു ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്‌ ഇത് വരെ 6800 ല്‍ അധികം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

തന്റെ സഹോദരനെ ലോക്കപ്പിൽ മർദ്ദിച്ച് കൊന്നതിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാർക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുൻപിൽ സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല. കുറ്റാരോപിതർക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച് പോലീസ് കമ്പ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവർക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും. അധികാരമുള്ളവർ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ രണ്ട് വർഷത്തിൽ അധികം ഈ യുവാവിനു തെരുവിൽ കിടക്കേണ്ടി വരില്ലായിരുന്നു. ശ്രീജിത്തിനു വേണ്ടി സംസാരിക്കാൻ നമുക്കോരോരുത്തർക്കും നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാം. ആ രക്തം നമ്മുടെ കൈകളിലാണു എന്ന് പറഞ്ഞാണ് ഐ സി യു ഫേസ്ബുക്ക്   പേജില്‍ വന്ന പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.

No Comments

Be the first to start a conversation

%d bloggers like this: