രാത്രി വിദ്യാര്‍ഥിനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് നിര്‍ത്താതെ കെഎസ്ആര്‍ടിസി ബസിന്റെ മരണപാച്ചില്‍; പിതാവിന്റെ പരാതിയില്‍ പോലീസ് വാഹനം കുറുകെ ഇട്ട് നിര്‍ത്തിച്ചു; എംഡി വിശദീകരണം തേടി

പയ്യോളി: അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് നിര്‍ത്താതെ മരണപാച്ചില്‍ നടത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി എംഡി എ.ഹേമചന്ദ്രന്‍ വിശദീകരണം തേടി. കെഎസ്‌ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടറോടാണ് എംഡി വിശദീകരണം തേടിയത്. സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്ന സംഭവം ഗൗരവമായി എടുക്കുമെന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. പള്ളിക്കര കെ.സി അബ്ദുള്‍ അസീസിന്റെ മകളാണ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്.

കോട്ടയം പാലയിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്ന് രാത്രി എട്ടു മണിക്കാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. ഓണ്‍ലൈന്‍ വഴി കോഴിക്കോട്ട് വരെയാണ് വിദ്യാര്‍ത്ഥിനി ടിക്കറ്റ് ബുക്ക് ചെയ്തത്. കൂട്ടുകാര്‍ കോഴിക്കോട്ട് ഇറങ്ങിയപ്പോള്‍ മാത്രമാണ് ബസ് കാസര്‍കോട്ടേയ്ക്ക് ആണെന്ന് വിദ്യാര്‍ത്ഥിനിക്ക് മനസിലാകുന്നത്. എന്നാല്‍ കണ്ടക്ടര്‍ അടുത്തു വരുമ്പോള്‍ ബസ് കോഴിക്കോട്ട് ടൗണ്‍ വിട്ടിരുന്നു. പയ്യോളിയില്‍ ബസ് നിര്‍ത്തി തരില്ലെന്നും കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തോളാനും കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് 111 രൂപ നല്‍കി കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തു. ഇക്കാര്യം പയ്യോളിയില്‍ കാത്തുനിന്ന പിതാവിനെ വിളിച്ച്‌ അറിയിച്ചു. പിതാവ് പയ്യോളി പോലീസില്‍ വിവരം  അറിയിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കൈ കാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പാഞ്ഞു. ഇതറിഞ്ഞ പോലീസ് വയര്‍ലെസ് സെറ്റിലൂടെ വിവരം നല്‍കുകയും രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ വന്നപ്പോള്‍ ചോമ്പാല പോലീസ് റോഡിന് കുറുകെ ജീപ്പ് നിര്‍ത്തി ബസ് തടഞ്ഞു. അപ്പോഴേയ്ക്കും മൂന്നുമണിയായിരുന്നു.

ആലപ്പുഴ സ്വദേശികളാണ് ഡ്രൈവറും, കണ്ടക്ടറും. പയ്യോളിയില്‍ നിന്ന് 24 കിലോമീറ്ററുണ്ട് കുഞ്ഞിപ്പള്ളിയിലേയ്ക്ക്. അവിടെ ആ സമയത്ത് വിദ്യാര്‍ത്ഥിനിയെ എങ്ങനെ ഇറക്കിവിടുമെന്ന് പോലീസ് ചോദ്യമുയര്‍ത്തിയെങ്കിലും ജീവനക്കാര്‍ക്ക് ഉത്തരമില്ലായിരുന്നു. പിതാവ് ബൈക്കിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അതെ സമയം മറ്റു യാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

No Comments

Be the first to start a conversation

%d bloggers like this: