നിലമ്പൂരില്‍ വനംകൊള്ള: പിവി അന്‍വര്‍ എംഎല്‍എയുടെ സഹായി അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിലെ അതീവപരിസ്ഥിതി ദുര്‍ബല പ്രദേശമായ മേലേതോട്ടപ്പള്ളിയിലെ നിത്യഹരിതവനമേഖലയില്‍ വന്‍ വനംകൊള്ള. വന്‍തോതില്‍ വനഭൂമി കൈയ്യേറുകയും എണ്‍പതോളം മരങ്ങള്‍മുറിക്കുകയും ചെയ്ത എം.എല്‍.എയുടെ സഹായിയെ വനപാലകര്‍ അറസ്റ്റു ചെയ്തു. അരീക്കോട് പനമ്പിലാവ് കാട്ടുനിലം തങ്കച്ചന്‍ എന്ന തോമസി (54)നെയാണ് എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ പി. അബ്ദുല്‍ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മഞ്ചേരി ഫോറസ്റ്റ് കോടതിയില്‍ ഹാജരാക്കിയ തങ്കച്ചെ കോടതി റമാന്‍ഡ് ചെയ്തു. മരംമുറിക്കാന്‍ സഹായിച്ച ഇയാളുടെ മകനും തമിഴ്നാട് സ്വദേശിയായ തൊഴിലാളിയും ഒളിവിലാണ്.

ജൈവവൈവിധ്യങ്ങളുടെ കലവറയായ മേലേതോട്ടപ്പള്ളി ഇ.എഫ്.എല്‍ ഭൂമിയില്‍ നിന്നും പന്തീരായിരം വനമേഖലയില്‍ നിന്നുമാണ് വന്‍തോതില്‍ മരങ്ങള്‍ വെട്ടിയത്. 65ഓളം വലിയ മരങ്ങളും ഇരുപതോളം ചെറിയമരങ്ങളുമാണ് മുറിച്ചത്. അടിക്കാടുകളും വെട്ടിതെളിച്ചിട്ടുണ്ട്. പത്തോളം വനംകേസുകളില്‍ പ്രതിയായിരുന്നു തങ്കന്‍. രാഷ്ട്രീയ സ്വാധീനവും മാറി വരുന്ന സര്‍ക്കാരുകളെ സ്വാധീനിച്ച്‌ കേസുകള്‍ എഴുതിതള്ളിയും മറ്റും രക്ഷപ്പെടുകയായിരുന്നു പതിവ്. ജില്ലയിലെ ഇടതു സ്വതന്ത്ര എം.എല്‍.എയുടെ സഹായിയായാണ് പ്രവര്‍ത്തിച്ചത്. നേരത്തെ കെ. സുധാകരന്‍ വനംമന്ത്രിയാകുന്ന കാലയളവിലും ഇയാള്‍ കേസില്‍ പെട്ടിരുന്നു.

മേലേതൊട്ടപ്പള്ളിയില്‍ എം.എല്‍.എക്ക് 50 ഏക്കര്‍ ഭൂമിയുണ്ടെന്നു പറഞ്ഞാണ് തങ്കന്‍ വനത്തിനു സമീപം ഷെഡുകെട്ടി താമസിച്ചിരുന്നത്. പിന്നീട് വനംവകുപ്പ് ജണ്ടകെട്ടി സംരക്ഷിക്കാത്ത ഇടംനോക്കി മരങ്ങള്‍ മുറിച്ച്‌ വനഭൂമി കൈയ്യേറുകയായിരുന്നു. കഴിഞ്ഞ മാസം വ്യാപകമായി മരംമുറിച്ചപ്പോള്‍ വനംവകുപ്പ് കേസെടുത്തെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം തങ്കനെ അറസ്റ്റു ചെയ്യാനായില്ല. വനംവകുപ്പിന്റെ പരിശോധനയില്‍ ഇവിടെ 50 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ ആയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചതോടെയാണ് ഇത്തവണ അറസ്റ്റു ചെയ്തത്. വനംപാലകസംഘത്തില്‍ ഡെപ്യൂട്ടി റേഞ്ചര്‍ പി. സുനില്‍, ഫോറസ്റ്റര്‍ പി.എന്‍ സജീവന്‍, ബീന, അബ്ദുല്‍ജലീല്‍ എന്നിവരും ഉണ്ടായിരുന്നു. ഇയാള്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹായിയായി കൂടെയുണ്ടായിരുന്ന വ്യക്തിയാണ്.

No Comments

Be the first to start a conversation

%d bloggers like this: