97,802 ഇന്ത്യക്കാര്‍ കോവിഡ് കാലത്ത് കുവൈറ്റ് വിട്ടു

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധി സമയത്ത് 97,802 പ്രവാസികൾ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി പോയതായി  റിപ്പോർട്ടുകൾ.  ഇതിൽ ചിലര്‍ മാത്രമാണ് കുവൈത്തിലേക്ക്  തിരികെയെത്തിയതെന്നും  അധികൃതർ വ്യക്തമാക്കി. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 700,000 ത്തിലധികം ഇന്ത്യന്‍ തൊഴിലാളികളെ മഹാമാരി സമയത്ത് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യയ്ക്കും കുവൈറ്റിനും ഇടയിലുള്ള വിമാനങ്ങള്‍ പതിവായി സര്‍വീസ് നടത്തുന്നതിനാല്‍ പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇന്ത്യയിലേക്ക് പോയ തൊഴിലാളികള്‍ തിരികെയെത്തി. അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കുന്നതിനായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. കണക്കുകള്‍ പ്രകാരം, യുഎഇയില്‍ നിന്ന് 330,058, സൗദി അറേബ്യ- 137,900, കുവൈറ്റ്- 97,802, ഒമാന്‍- 72,259, ഖത്തര്‍- 51,190, ബഹ്‌റൈന്‍- 27,453 എന്നിങ്ങനെയാണ് ഇന്ത്യയിലേക്ക് പ്രവാസികൾ മടങ്ങിയത്.