മാര്‍ച്ച് 13 മുതല്‍ എല്ലാ മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനങ്ങൾ പൂർവ്വ സ്ഥിതിയിലാകും

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എല്ലാ മന്ത്രാലയ ജീവനക്കാരും മാര്‍ച്ച് 13 ഞായറാഴ്ച മുതല്‍ ഔദ്യോഗിക പ്രവര്‍ത്തന സംവിധാനത്തിലേക്ക് മടങ്ങുമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മര്‍സൂഖ് അല്‍ റാഷിദിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഫെബ്രുവരി 20 ഞായറാഴ്ച മുതല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, ഇന്റേണല്‍ കോഴ്‌സുകള്‍ എന്നിവ നടത്തും. അതായത്, എല്ലാവരും ഓഫിസിലേക്ക് വരുന്നതോടെ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ അവസാനിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അഭാവം പരിഹരിക്കപ്പെടും. ഷെഡ്യൂളുകളും ജോലി സമയങ്ങളും മാറും.

ഫ്‌ളെക്‌സിബിള്‍ വര്‍ക്കിംഗ് സിസ്റ്റങ്ങളും റൊട്ടേഷന്‍ സംവിധാനവും നിര്‍ത്തലാക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച തീരുമാനത്തിന് അനുസൃതമായി ഫിംഗര്‍പ്രിന്റ് ഹാജര്‍ സംവിധാനം തിരികെ നല്‍കുന്നതായും സര്‍ക്കുലറില്‍ സൂചിപ്പിച്ചു. ജോലിയില്‍ നിന്ന് ഒഴിവാക്കാനുള്ള എല്ലാ കേസുകളുടെയും റദ്ദാക്കല്‍, ജീവനക്കാരന്റെ അഭാവം നിയമപരമായി അംഗീകൃത ലീവുകളുടെ പരിധിക്കുള്ളില്‍ മാത്രമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു