യുഎൻ രക്ഷാസമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താൻ നടപടി വേണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: രക്ഷാസമിതിയുടെ ഉത്തരവാദിത്ത നിർവഹണം യു‌എൻ ചാർട്ടർ അനുസരിച്ച് ശക്തിപ്പെടുത്താൻ നടപടി വേണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ രക്ഷാസമിതി യോഗത്തിൽ സംസാരിക്കവെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഈ ആവശ്യം ഉന്നയിച്ചത്. തീരുമാനങ്ങളെടുക്കുന്നതിൽ യു‌എൻ അംഗരാജ്യങ്ങളുടെ പങ്കാളിത്തം ഇപ്പോൾ ദുർബലമാണ്.

സുതാര്യതയുടെ അഭാവവും നടപടിക്രമങ്ങളുടെ ദൗർബല്യവുമാണ് അതിനു കാരണം. ലോക സമാധാനവും സുരക്ഷയും കണക്കിലെടുത്ത് അക്കാര്യങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തഞ്ച് വർഷത്തിനിടെ രക്ഷാസമിതി ഗുണപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരസ്പരമുള്ള ആശയവിനിമയം തൊട്ട് രക്ഷാസമിതി യോഗങ്ങളുടെ എണ്ണം വർധിപ്പിച്ചത് ഉൾപ്പെടെ അവയിൽ‌പ്പെടും. സന്നദ്ധ സംഘടനകളുടെയും സിവിൽ സൊസൈറ്റിയുടെയും പങ്കാളിത്തം വർധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ അംഗരാജ്യങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഉതൈബി അഭിപ്രായപ്പെട്ടു.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരവും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ്. തീരുമാനമെടുക്കുന്നതിനുള്ള പ്രക്രിയയെ സംശയത്തിന്റെ നിഴലിൽ നിർത്തുംവിധമാണ് പല വിഷയങ്ങളിലും ചില സ്ഥിരാംഗങ്ങൾ വീറ്റോ അധികാരം പ്രയോഗിക്കുന്നതെന്നും രക്ഷാസമിതിയുടെ ഫെബ്രുവരി മാസത്തെ അധ്യക്ഷപദവികൂടി അലങ്കരിക്കുന്ന മൻസൂർ അൽ ഉതൈബി പറഞ്ഞു. യുദ്ധക്കുറ്റം, വംശഹത്യ, മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളിൽ യു‌എൻ അംഗീകരിക്കുന്ന പ്രമേയങ്ങളെ എതിർക്കില്ലെന്ന നിലപാടാണ് കുവൈത്തിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

No Comments

Be the first to start a conversation

%d bloggers like this: