60 വയസ്സ് കഴിഞ്ഞ ബിരുദ യോഗ്യതയില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ

കുവൈത്ത് സിറ്റി: ബിരുദ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക്  വർക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള  തീരുമാനം  നടപ്പിലാക്കി ഏകദേശം 45 ദിവസത്തോളം പിന്നിടുമ്പോൾ , വീണ്ടും അനിശ്ചിതത്വം.

250 ദിനാർ വാർഷിക ഫീസും 500 ദിനാർ ആരോഗ്യ ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു മാനവ ശേഷി സമിതി  പുറപ്പെടുവിച്ച തീരുമാനം കുവൈത്ത് അപ്പീൽ കോടതി തടഞ്ഞതോടെയാണിത്.  തൊഴിലുടമകളുടെ സംഘടനാ നൽകിയ അപ്പീലിലാണ്  വിധി.

തൊഴിലാളികളുടെ വയസ്സ്, തൊഴിൽ ചെയ്യാനുള്ള ശേഷി മുതലായവ മാനവ ശേഷി സമിതിയുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും , സമിതിയുടെ തെറ്റായ തീരുമാനം പല സംരംഭങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്നും, തൊഴിലാളികൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നതാണ്  എന്നും നൈപുണ്യമുള്ള പല തൊഴിലാളികളെയും തങ്ങൾക്ക് നഷ്ടമായെന്നുമാണ് ഉടമകൾ ഉന്നയിക്കുന്നത് .