കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈത്ത് വിട്ടു

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തിലേറെ പ്രവാസികളാണ്  തൊഴിൽ വിപണി വിട്ടു പോയത് എന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (സിഎഎസ്) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ചാണ് ഇത്.

2018 ല്‍ രാജ്യത്ത് ഉണ്ടായിരുന്ന പ്രവാസികളുടെ എണ്ണം 2,891,255 ല്‍ നിന്ന് 2021 ല്‍ 2,520,301 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 371,000 വിദേശികള്‍ എന്നന്നേക്കുമായി രാജ്യം വിട്ടുപോയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച പ്രവാസികളുടെ എണ്ണം 2018 ല്‍ 107,657 ആയിരുന്നു എങ്കിൽ 2021 ല്‍ 96,800 ആയി കുറഞ്ഞു. 2017 ല്‍ കുവൈറ്റ് വത്കരണ തന്ത്രം സിവില്‍ സര്‍വീസ് കമ്മിഷന്‍ നടപ്പിലാക്കിയതിന് പിന്നാലെയാണ് പ്രവാസികളുടെ ഈ കൊഴിഞ്ഞുപോക്ക്

പൊതുമേഖലയില്‍ മാത്രമല്ല തൊഴിലാളികളുടെ എണ്ണം കുറഞ്ഞത്. സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങളില്‍ 18.4 % ഇടിവുണ്ടായി. 2018 ല്‍ 1,531,000 ല്‍ നിന്ന് 2021 ല്‍ 1,249,000 ആയി. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 115,700 കുറവുണ്ടാവുകയും സിഎഎസ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2018 ല്‍ 707,000 ആയിരുന്നതില്‍ നിന്ന് 2021 ല്‍ 591,368 ആയി ചുരുങ്ങി.