അറുപത് കഴിഞ്ഞ പ്രവാസികള്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്‍റ് 50 ദിനാര്‍ മാത്രം; നിര്‍ദേശവുമായി കുവൈത്ത് അധികൃതര്‍

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ശമ്പളത്തില്‍ 50 ദിനാറില്‍ കൂടുതല്‍ വാര്‍ഷിക വര്‍ധനവ് അനുവദിക്കരുതെന്ന തീരുമാനവുമായി കുവൈറ്റ് പബ്ലിക് മാന്‍പവര്‍ അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ് അതോറിറ്റി. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കരുതെന്ന അതോറിറ്റിയുടെ തീരുമാനം ഫത്വ കമ്മിറ്റി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.

വാര്‍ഷിക ഇംക്രിമെന്റ് 50 ദിനാറില്‍ കൂടരുതെന്ന തിരുമാനം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. കുവൈറ്റിലെ പൗരന്‍മാര്‍ക്ക് ഈ നിയമം ബാധകമല്ല എന്നതാണ് ഇത്തരമൊരു വിമര്‍ശനത്തിന് കാരണം. 60 കഴിഞ്ഞ പ്രവാസികള്‍ക്ക് മാത്രമാണ് ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തീരുമാനം എല്ലാവര്‍ക്കും തുല്യ അവകാശമെന്ന ഭരണഘടനാ തത്വത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ദേശത്തിന്റെ പേരില്‍ കാണിക്കുന്ന വിവേചനമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുക.

ജീവനക്കാരന്റെ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ തൊഴിലുടമയോ കമ്പനിയോ ഒക്കെയാണ് സാധാരണ നിലയില്‍ തീരുമാനമെടുക്കുക. എന്നാല്‍, വാര്‍ഷിക ഇന്‍ക്രിമെന്റ് 50 ദിനാറില്‍ കൂടാന്‍ പാടില്ലെന്ന വ്യവസ്ഥ, തൊഴിലുടമകള്‍ക്ക് ഇതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കിട്ടാനിടയുള്ള ശമ്പള വര്‍ധനവ് തടയുന്ന സമീപനമാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍ പവര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും നിയമ രംഗത്തുള്ളവര്‍ പറയുന്നു.

60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ മാന്‍ പവര്‍ അതോറിറ്റിയുടെ തീരുമാനം പിന്നീട് ഫത്വ കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതേ മാതൃകയില്‍ സ്വകാര്യ മേഖലയിലെ ഈ ജീവനക്കാരുടെ വാര്‍ഷിക ശമ്പള വര്‍ധനവിന് പരിധി നിര്‍ണയിച്ച് കൊണ്ടുള്ള മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ ഉത്തരവും നിലനില്‍ക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.