കുവൈത്തില്‍ അനധികൃത കിന്റർഗാർഡനുകൾക്ക് വൈദ്യുതിയും വെള്ളവും റദ്ദാക്കും

കുവൈത്ത് സിറ്റി: അനധികൃതമായി പ്രവർത്തിക്കുന്ന കിന്റർഗാർടനുകൾക്കെതിരെ നടപടി ശക്തമാക്കി സർക്കാർ.ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി, ജല കണക്‌ഷനുകൾ വിച്ഛേദിക്കുമെന്നു സർക്കാർ മുന്നറിയിപ്പു നൽകി. ഈ നീക്കം അനധികൃത കിന്റർഗാർടനുകൾ നിയമവിധേയമാക്കൻ ഉടമകളെ പ്രേരിപ്പിക്കുമെന്നാണു സർക്കാരിന്റെ വിശ്വാസം. ഇതിന്റെ ഭാഗമായി സാമൂഹിക വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥർ എല്ലാ കിന്റർഗാർടനുകളും സന്ദർശിക്കുമെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹസൻ കദേം അറിയിച്ചു. ഇതിനകംതന്നെ 200 കിന്റർഗാർടനുകൾ സാമൂഹിക വകുപ്പിന്റെ അനുമതിയില്ലാതെയാണു പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കിന്റർ‌ഗാർടനുകൾ പൂട്ടാൻ നിർദേശിക്കുന്നതിനുള്ള അധികാരം സാമൂഹിക വകുപ്പിനില്ല, പക്ഷേ കുവൈത്ത് മുനിസിപ്പാലിറ്റി ഈ സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി– ജല കണക്‌ഷനുകൾ റദ്ദാക്കും. അനധികൃത കിന്റർഗാർടനുകൾ നിയമപരമാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പംതന്നെ ലൈസൻസുള്ള സ്ഥാപനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നു നിരീക്ഷിക്കണമെന്നും അവർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞവർഷം അനധികൃത കെട്ടിടങ്ങൾക്കുള്ള വൈദ്യുതി – ജല കണക്‌ഷനുകൾ റദ്ദാക്കാൻ അധികൃതർ നീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. കെട്ടിട ഉടമകൾ ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. വൈദ്യുതിയും വെള്ളവും ജനങ്ങൾക്ക് ഏറ്റവും അവശ്യമായ വസ്തുക്കളാണെന്നും ചൂടുകാലത്ത് അവ നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്നുമായിരുന്നു കഴിഞ്ഞ ജൂണിൽ കോടതി നിരീക്ഷിച്ചത്.

No Comments

Be the first to start a conversation

%d bloggers like this: