പതിനൊന്നാമത് ജിസിസി പാര്‍ലമെന്റ് സമ്മേളനത്തിന് കുവൈത്തില്‍ തുടക്കം

കുവൈത്ത് സിറ്റി: പതിനൊന്നാമത് ജിസിസി പാര്‍ലമെന്റ് സമ്മേളനം ഷെറാട്ടണ്‍ ഹോട്ടലില്‍ കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍-അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. നാലു പതിറ്റാണ്ടായി ജിസിസി അംഗരാജ്യങ്ങള്‍ കൈവരിച്ച  നേട്ടങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ജിസിസി പാര്‍ലമെന്റ് സമ്മേളനം അംഗരാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അസ്വസ്ഥത നീക്കം ചെയ്ത് വലിയ പ്രത്യാശയ്ക്ക് ഇടം നല്‍കുന്നതായി കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍-ഗാനിം അഭിപ്രായപ്പെട്ടു. അതേസമയം ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളും പ്രതിസന്ധികളും മറികടക്കാന്‍ അമീര്‍ ഷേഖ് സബയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐക്യശ്രമങ്ങള്‍ ഫലം കാണുമെന്നും സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കി.

അമീര്‍ ഷേഖ് സബ ആതിഥ്യമരുളുന്ന ഗള്‍ഫ് സമ്മേളനങ്ങള്‍ ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. അംഗരാജ്യങ്ങള്‍ക്കിടയില്‍ മുമ്പില്ലാത്ത വിധം ഐക്യവും കെട്ടുറപ്പും ഇപ്പോള്‍ പ്രകടമാണ്. 23-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റിന് കുവൈത്ത് വേദിയായത് മാറ്റങ്ങള്‍ക്കു തുടക്കമായെന്ന്  ബഹ്‌റൈന്‍ കൗണ്‍സില്‍ സ്പീക്കര്‍ ബിന്‍ ഇബ്രാഹിം അല്‍-മല്ല അഭിപ്രായപ്പെട്ടു. ജിസിസി ഐക്യം നിലനിര്‍ത്തുന്നതില്‍ കുവൈത്ത് അമീര്‍ ഷേഖ് സബ വഹിക്കുന്ന പങ്ക് വരുംതലമുറയും ചരിത്രവും അടയാളപ്പെടുത്തുമെന്ന് അല്‍-മല്ല പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: