സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്

കുവൈത്ത്‌സിറ്റി: പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് 30 ശതമാനം വിദേശികളെ ഒഴിവാക്കുന്നതിന് പട്ടിക സമര്‍പ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ വിദേശികളുടെ സര്‍വീസ് റദ്ദാക്കാനാണ് നിര്‍ദേശമെന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ടുചെയ്യുന്നു. വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിനും വിദേശികള്‍ ചെയ്തുവരുന്ന തൊഴിലുകള്‍ ചെയ്യുന്നതിന് സ്വദേശികള്‍ക്കുവേണ്ട പരിശീലനം നല്‍കുന്നതിനുമാണ് നീക്കം.
കേന്ദ്ര സിവില്‍സര്‍വീസ് കമ്മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നവരുടെ നീണ്ട പട്ടികയാണ് സിവില്‍ സര്‍വീസിന് മുന്നിലുള്ളത്.

പട്ടികയിലെ ക്രമപ്രകാരം സ്വദേശികള്‍ക്ക് 2016-2017 സാമ്പത്തികവര്‍ഷം തൊഴിലവസരം നല്‍കുക എന്നതാണ് സര്‍ക്കാറിന്റെ പദ്ധതി. രാജ്യത്തെ മിക്കവാറും എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളിലും 80 ശതമാനത്തിലേറെയും തൊഴില്‍ ചെയ്യുന്നത് സ്വദേശികളാണ്. ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസം തുടങ്ങിയ ഏതാനും ചില വകുപ്പുകളില്‍ മാത്രമാണ് വിദേശികള്‍ കൂടുതലുള്ളത്. ചില പ്രത്യേകമേഖലകളിലും സാങ്കേതികവിഭാഗങ്ങളിലും വിദഗ്ധരായ വിദേശികളുടെ സേവനം അനിവാര്യമാണെന്നത് കണക്കിലെടുക്കണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇവര്‍ നല്‍കുന്ന സേവനത്തിന്റെ മഹത്ത്വം കണക്കിലെടുത്ത് പിരിച്ചുവിടുന്ന വിദേശികള്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കിയശേഷം അവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴിലവസരം ലഭിക്കുകയാണെങ്കില്‍ വിസാമാറ്റത്തിന് അനുവദിക്കുന്നതാണെന്നും വക്താവ് വ്യക്തമാക്കുന്നു. സ്വദേശിവത്കരണം ശക്തമാകുന്നതോടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നവരില്‍ വലിയൊരുവിഭാഗം മലയാളികളടക്കമുള്ള ഇന്ത്യക്കാരായിരിക്കും.

No Comments

Be the first to start a conversation

%d bloggers like this: