കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളെ ദേശീയ തൊഴില്‍ നിയമത്തിനു കീഴില്‍ കൊണ്ടുവരും

കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിലുള്ള ഗാര്‍ഹിക തൊഴിലാളി നിയമം റദ്ദാക്കി തൊഴിലാളികളെ ദേശീയ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 18 ന് കീഴില്‍ കൊണ്ടുരും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും സംയുക്തമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.നിലവിലെ ഗാര്‍ഹിക തൊഴിലാളി നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രാജ്യത്തെ വീട്ടു ജോലിക്കാരെ വലിയ രീതിയില്‍ ചൂഷണത്തിന് വിധേയരാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. പലപ്പോഴും സ്‌പോണ്‍സര്‍മാര്‍ ഗാര്‍ഹിക ജീവനക്കാരെ വിശ്രമമില്ലാതെ 12 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. തൊഴിലാളികളെ ദേശീയ തൊഴിൽ നിയമത്തിനു കീഴിൽ കൊണ്ടു വരുന്നതോടെ ഇവരുടെ ജോലി സമയം എട്ടു മണിക്കൂറാക്കി പരിമിതപ്പെടുത്താന്‍ സാധിക്കും. അതോടൊപ്പം മറ്റു രീതിയിലുള്ള തൊഴില്‍ ചൂഷണങ്ങളും തടയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു