60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍; പുതിയ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ഉടന്‍

കുവൈത്ത് സിറ്റി: കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞ ബിരുദ യോഗ്യതയില്ലാത്ത പ്രവാസികളുടെ റെസിഡൻസി വിസ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലെ പുതിയ മന്ത്രിസഭയിലെ നിയമകാര്യ മന്ത്രി കൗണ്‍സലര്‍ ജമാല്‍ അല്‍ ജലാവി, പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ ബോര്‍ഡുമായി താമസിയാതെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു വര്‍ഷമായി തുടരുന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 60 കഴിഞ്ഞവരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തോടൊപ്പം സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമാകും.
2021 ജനുവരിയിലാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ബിരുദമില്ലാത്ത വയോജനങ്ങളുടെ വിസ പുതുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തത്. എന്നാല്‍, ഈ തീരുമാനം മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ കമ്മിറ്റി പിന്നീട് റദ്ദാക്കിയെങ്കിലും വിസ പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം അനന്തമായി നീണ്ടുപോവുകയായിരുന്നു. വിസ പുതുക്കുന്നതിനുള്ള 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള 500 ദിനാറും ഉള്‍പ്പെടെ 1000 ദിനാര്‍ ഈടാക്കി വിസ പുതുക്കി നല്‍കാമെന്ന് മാന്‍പവര്‍ അതോറിറ്റി പിന്നീട് തീരുമാനിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമപരമായ അവ്യക്തതയാണ് തീരുമാനം നീളാന്‍ കാരണം. പുതുതായി ചുമതലയേറ്റ നിയമമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് കരുതപ്പെടുന്നത്.