പ്രതിരോധമന്ത്രിക്കെതിരായ അവിശ്വാസം; സ്ത്രീകളെ സൈന്യത്തിൽ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് ആരോപണം

കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹിനെതിരെ അവിശ്വാസ പ്രമേയത്തിൽ പത്ത് എംപിമാരാണ് ഒപ്പുവച്ചത്. സൈന്യത്തിലേക്ക് വനിതകളുടെ റിക്രൂട്ട്‌മെന്റ്, യൂറോഫൈറ്റര്‍ യുദ്ധവിമാന ഇടപാട്, റഗുലേറ്ററി ഏജന്‍സികളുമായുള്ള സഹകരണക്കുറവ്, പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കല്‍, സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിലെ വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അല്‍ സബാഹിനെതിരെ ഉന്നയിച്ചത്.

കുവൈറ്റില്‍ വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി നല്‍കരുതെന്ന്  അവിശ്വാസപ്രമേയം നൽകിയ ഹംദാന്‍ അല്‍ അസ്മി എം പി പാർലമെൻറിൽ പറഞ്ഞു . സ്ത്രീകള്‍ യുദ്ധ ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തീര്‍ത്തും നിഷിദ്ധമാണെന്ന മതസ്ഥാപനങ്ങളുടെയും മികച്ച മതപണ്ഡിതന്മാരുടെയും അഭിപ്രായം അദ്ദേഹം ഉദ്ധരിച്ചു. സ്ത്രീകളുടെ പ്രകൃതം ആയുധങ്ങള്‍ വഹിക്കാനും ശത്രുക്കളെ നേരിടാനും ഉതകുന്ന സൈനിക ജോലികള്‍ക്ക് പറ്റിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 വര്‍ഷത്തിനുള്ളില്‍ യുഎസ് സൈന്യത്തില്‍ 135 ലൈംഗികാത്രികമങ്ങള്‍ രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.