ഇത് പൈപ്പല്ല – നജീബ് റസ്സല്‍

ദാഹിച്ചവശനായിരുന്നു.
അയാളൊരു പൈപ്പ് വരച്ചിട്ട്,
ടാപ്പ് തുറന്ന്,
വെള്ളം കുടിക്കുന്നു..

ശരീരമാസകലം
വെള്ളം കോരിയൊഴിച്ചിട്ട്,
മുടികോതുന്നതിനിടെ,
“അയ്യോ…. എനിക്കൊരു കുളം വരച്ച്
അതിൽ
ചാടിക്കുളിക്കാമായിരുന്നു”
എന്ന് വിഷണ്ണനായി.

ആ.. അതുപോട്ടെ എന്ന മട്ടിൽ
ചുവരിൽ ഒരു കട്ടിൽ വരച്ച്
ചുരുണ്ടുകൂടുമ്പോൾ,
ഉറക്കം വന്നു പതുക്കെ പുതയ്ക്കുന്നു.

കൂർക്കം വലിക്കുന്ന നിരവധി ലോറികൾ
ആറാമത്തെ വളവുതിരിയുമ്പോൾ
പൊലീസുകാർ കൈകാട്ടി.

സ്കൂൾ വിട്ടുപോകുന്നൊരു കുട്ടി,
കട്ടിലിനെ മായ്ച്ചു കളഞ്ഞപ്പോൾ
“പടോ”ന്ന് അയാൾ താഴെവീണു.
വേറെയും സ്ക്കൂൾകുട്ടികൾ
അയാളെനോക്കി ചിരിച്ചുകൊണ്ടു
കടന്നുപോയി
അയാൾക്ക് സങ്കടംതോന്നി.

വിശക്കുന്നു, വല്ലതും കഴിച്ചുകളയാം
എന്നുകരുതി
മുഴുത്ത ഒരാപ്പിൾ വരക്കുന്നു.
വരച്ചയുടനെ അതിഗൂഢവും അനാദിയുമായ
ചില വികാരങ്ങൾ അയാളെപ്പൊതിഞ്ഞു.
താമസിയാതെ,
ആദം ഹവ്വ ദമ്പതികളെ വരച്ചു..
ആപ്പിൾ മരത്തെവരച്ചു..
വിശപ്പ് പാപമെന്നറിഞ്ഞു
ഹവ്വയുടെ മുലകളിൽ
ചെന്നിനായകം വരച്ചു..

വൈക്കോൽകൂനയിൽ ചാരിയിരിക്കുമ്പോൾ
അയാൾക്കയാളെത്തന്നെ
വരക്കാൻതോന്നി..
വരച്ചുകഴിഞ്ഞതോടെ അയാൾ നടന്നുനീങ്ങുന്നത്
അയാൾതന്നെ നോക്കിയിരുന്നു.
അകന്നകന്നുപോകുമ്പോൾ
അയാളെത്തന്നെ നിയന്ത്രിക്കാൻ കഴിയുന്ന
റിമോട്ട് കൺട്രോളർ
വരയ്ക്കാതിരുന്നതിൽ കുണ്ഠിതംതോന്നി..

പക്ഷികൾ കൂട്ടത്തോടെ ചത്തു വീഴുന്ന
ഇരുണ്ട നിറമുള്ള തടാകത്തിൻ കരയിൽ
ഒറ്റക്ക് താമസിക്കുന്നൊരു
വീട്ടിലേക്കാണയാൾ പോയത്..

തനിക്ക് തന്നെത്തന്നെ നഷ്ടപ്പെട്ടതിലുള്ള
വിരഹം സഹിക്കവയ്യാതെ
വേണ്ടുവോളം ദുഖവും ഒരു പുല്ലാങ്കുഴലും
അയാൾ വരച്ചു.
അതയാൾ നീട്ടിവായിച്ചപ്പോൾ
ഇടയന്മാരുടെ മൃതാത്മാക്കൾ
അയാൾക്കുചുറ്റും നിരന്നുപാടിയാടി.

അയാള് അപ്പവും വീഞ്ഞും വരച്ചു
അതവർക്ക് വീതിച്ചു.
അയാൾക്കപ്പോൾ താടിയും മീശയും നീട്ടിവരക്കാൻ തോന്നി.
വെള്ളത്തിന് മീതെ നടന്നു.
വമ്പിച്ച ജനാവലി അയാളെ അനുഗമിച്ചു. വിതക്കാരന്റെയും കടുകുമണികളുടെയും
ഉപമകൾക്കു മുകളിൽ
കളകളുടെ ഉപമകൾ വന്നു മൂടി.

മനുഷ്യമുഖമുള്ള
കൂവുന്ന ചാത്തൻകോഴിയെ
വരച്ചതിൽ പിന്നെ അയാളെത്തന്നെ മൂന്നു പ്രാവശ്യം തള്ളിപറഞ്ഞു

അയാളയാളെത്തന്നെ കാത്തിരുന്ന് മുഷിഞ്ഞൊരു തുറമുഖമായി.
കപ്പലുകൾ വന്നും പോയുമിരുന്നു.
കടലിനു, ശാന്തമായ ഒരു കുഞ്ഞിന്റെ മുഖമായിരുന്നു.
ഹെർമൻ എന്നു പേരുള്ളൊരു നാവികൻ കപ്പലണിയത്ത് നിന്ന് സ്വയംഭോഗം ചെയ്യവേ അയാളൊരു സുന്ദരിപ്പെണ്ണിനെ വരച്ചു അവളയാൾക്ക് മുലയൂട്ടി
അവൾ കുന്നിൻ ചെരുവിൽ മാട് മേയ്ക്കുന്നവളായിരുന്നു

“ഇതൊരു പൈപ്പല്ല പൈപ്പേയല്ലാ
ഇതൊരു പൈപ്പല്ല പൈപ്പേയല്ലാ”
എന്ന പാട്ട്
കുടം കയ്യിലേന്തിയ
നാല് പെൺകുട്ടികൾ ചേർന്നു പാടുന്നതിലേക്കാണ്
ആയാളുണർന്നത്.
പൈപ്പിനെ അയാളുടനെ മായ്ച്ചു കളഞ്ഞു.
വെള്ളം ചാടിക്കൊണ്ടേയിരുന്നു.

വറ്റിപ്പോയൊരു മഹാനദി വരച്ച്
അങ്ങേരതിൽ മലർന്നുകിടന്ന്
മുകളിലേക്ക് തുപ്പി…

No Comments

Be the first to start a conversation

%d bloggers like this: