ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചു; ആദിവാസി യുവതി ഓവുചാലില്‍ പ്രസവിച്ചു

ഭുവനേശ്വര്‍: മതിയായ രേഖകളില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ തിരിച്ചയച്ച ആദിവാസി യുവതി ആശുപത്രി പരിസരത്തെ ഓവുചാലില്‍ പ്രസവിച്ചു. ഒഡീഷയിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളേജിലാണ് സംഭവം. ആശുപത്രി കാന്റീന് സമീപത്തെ ഓവുചാലില്‍ വച്ചാണ് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ജനിഗുഡ ഗ്രാമസ്വദേശിനിയാണ് യുവതി.

ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ എത്തിയതായിരുന്നു യുവതി. അമ്മയ്ക്കും സഹോദരിക്കും ഒപ്പമായിരുന്നു ഇവരെത്തിയത്. ആ സമയത്ത് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചെന്നെങ്കിലും മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് യുവതിയുടെ അമ്മ ആരോപിച്ചു.

സംഭവം വാര്‍ത്തയായതോടെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

കോരാപുട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറും യുവതിയുടെ അമ്മയുടെ വാദത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയ്ക്കോ് പ്രവേശനത്തിനു വേണ്ടിയോ യുവതി ആശുപത്രി അധികൃതരെ സമീപിച്ചിട്ടില്ലെന്നും പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലളിത് മോഹന്‍ റാത്ത് പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: