അഭിഭാഷകയില്‍ നിന്നും നേരിട്ട് സുപ്രീകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി വനിത അഭിഭാഷക. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയാണ് നേരിട്ട് സുപ്രീംകോടതി ജഡ്ജി പദവിയിലേയ്ക്കെത്തുന്നത്. ഇന്ദു മല്‍ഹോത്രയേയും മലയാളിയായ ജസ്റ്റിസ് കെഎം ജോസഫിനേയും സുപ്രീകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. ഒമ്ബതു വര്‍ഷം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ്. നിലവില്‍ ആന്ധ്ര-തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.

ജസ്റ്റീസ് കുര്യന്‍ ജോസഫിനു പിന്നാലെ സുപ്രീം കോടതിയിലെ രണ്ടാമത്തെ മലയാളി സിറ്റിംഗ് ജഡ്ജിയാവുകയാണ് ജസ്റ്റീസ് കെ.എം. ജോസഫ്. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ 2016ലെ ശ്രദ്ധേയ വിധി നടത്തിയത് ജസ്റ്റീസ് കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചായിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജിയും അഡ്വക്കേറ്റ് ജനറലുമായിരുന്ന ജസ്റ്റീസ് കെകെ. മാത്യുവിന്റെ മകനാണ് 59കാരനായ ജസ്റ്റീസ് കെഎം. ജോസഫ്. രാജ്യത്ത് ആദ്യമായാണ് ഒരു വനിത അഭിഭാഷക സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് ശുപാര്‍ശ ചെയ്യപ്പെടുന്നത്. 2007ല്‍ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായി നിയമിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇന്ദു. ജസ്റ്റിസ് ലീലാ സേത്താണ് ഈ ബഹുമതി ആദ്യം കരസ്ഥമാക്കിയത്. സുപ്രീംകോടതിയില്‍ 25 ജസ്റ്റിസുമാരില്‍, ജസ്റ്റിസ് ഭാനുമതി മാത്രമാണ് വനിതയായിട്ടുള്ളത്. 2014 ഓഗസ്റ്റിലാണ് ഭാനുമതിക്ക് നിയമനം ലഭിച്ചത്.

No Comments

Be the first to start a conversation

%d bloggers like this: