ജുഡീഷ്യറിയിലെ ഭിന്നത: കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല; ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ ഞെട്ടിച്ച്‌ സുപ്രീം കോടതി ജഡ്ജുമാര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് നിയമ സഹമന്ത്രി പി.പി ചൗധരി. നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണ്. കോടതിയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം തര്‍ക്കങ്ങള്‍ക്ക് നാളെ പരിഹാരമുണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രകോപനത്തിലേക്ക് പോകരുതെന്നും എ.ജി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എജിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം നാല് ജഡ്ജിമാര്‍ കോടതി ബഹിഷ്കരിച്ച്‌ വാര്‍ത്താ സമ്മേളനം വിളിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുകയും രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജഡ്ജുമാര്‍ കോടതി ബഹിഷ്കരിച്ച്‌ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചത്. പ്രധാനമായും അഞ്ച് വിഷയങ്ങളാണ് വാര്‍ത്താ സമ്മേളനം വിളിച്ച ജഡ്ജുമാര്‍ ഉന്നയിച്ചത്. കേസുകള്‍ അനുവദിക്കുന്നതില്‍ വിവേചനം കാണിക്കുന്നു. പ്രധാനപ്പെട്ട കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തന്നെ ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നു. അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പത്താം നമ്ബര്‍ കോടതിക്ക് നല്‍കി. തുടങ്ങിയവയാണ് ജസ്റ്റിസുമാരുടെ പരാതികള്‍.

ചീഫ് ജസ്റ്റിസിനെതിരായ അഴിമതി ആരോപണം ഉള്‍പ്പെടെ നേരത്തെ പുറത്തേക്ക് വന്നിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ജസ്റ്റിസ് ചെലമേശ്വര്‍ ഭരണഘടനാ ബെഞ്ചിന് വിടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മണിക്കുറുകള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് ചെലമേശ്വറിന്റെ ഉത്തരവ് റദ്ദാക്കി. ഇത്തരത്തില്‍ മാസങ്ങളായി സുപ്രീം കോടതിയില്‍ പുകഞ്ഞുകൊണ്ടിരുന്ന ഭിന്നതകളാണ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ എത്തിയിരിക്കുന്നത്.

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധം കോടതിയുടെ മഹത്വം ഉയര്‍ത്തി പിടിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ആരും കുറ്റപ്പെടുത്തരുത്. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഇന്ന് രാവിലെ നടന്ന ചര്‍ച്ചയും വിജയിക്കാത്തത് കൊണ്ടാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമാണ്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് രാജ്യമാണെന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി. ഗുരുതര വിഷയങ്ങള്‍ മുതിര്‍ന്ന ജഡ്ജിമാരുടെ മുമ്ബാകെ നല്‍കാതിരിക്കുന്ന നടപടിയെ നാലു ജഡ്ജിമാരും ശക്തമായി എതിര്‍ക്കുന്നു. ഒരോ കേസും എങ്ങനെ ആര്‍ക്ക് കൈമാറണമെന്നതിന് കൃത്യമായ വ്യവസ്ഥയുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം കേസുകള്‍ ബെഞ്ചിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ജഡ്ജിമാരുടെ നിലപാട്.

മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം സുപ്രീംകോടതി ജഡ്ജിമാര്‍ കോഴവാങ്ങിയെന്ന പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജി നേരത്ത, ചേലമേശ്വറിന്റെ ബെഞ്ച് മുമ്ബാകെ വന്നിരുന്നു. ഈ ഹരജി ഭരണഘടനാ ബെഞ്ചിന് വിടുകയും കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ചേലമേശ്വര്‍ ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കി കേസ് വിപുലമായ മറ്റൊരു ബെഞ്ചിന് കൈമാറുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയ്തത്. താനാണ് സുപ്രീംകോടതിയിലെ പരമാധികാരി എന്ന നിലപാടാണ് ദീപക് മിശ്ര സ്വീകരിച്ചത്. പിന്നീട് ഈ ഹരജി തള്ളിപ്പോയി. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയുടെ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. എന്നാല്‍ ഇത് പരമാധികാരമല്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാരുടെ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന ജസ്റ്റിസ് കര്‍ണന്റെ അറസ്റ്റിലും ശക്തമായ പ്രതിഷേധമാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കത്തിലൂടെ അറിയിച്ചത്.

ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച്‌ തുറന്നടിച്ച ജസ്റ്റിസ് ചെലമേശ്വര്‍ ഏതെല്ലാം കേസുകളിലാണ് അട്ടിമറി നടന്നതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. എന്നാല്‍ ജസ്റ്റിസ് ബി.എച്ച്‌ ലോയ കേസ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോയ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ അഴിമതി നടന്നതായാണ് സൂചന. ജസ്റ്റിസ് ബി.എച്ച്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അസാധാരണ നടപടികള്‍ക്ക് കോടതി വേദിയായത്. സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുംബൈ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച്‌ ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഇന്ന് വാദം നടക്കേണ്ടിയിരുന്നത്. ജഡ്ജിമാര്‍ പുറത്തിറങ്ങിയതനെ തുടര്‍ന്ന് രണ്ട് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

അതെ സമയം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ഏറ്റവും ഉയര്‍ന്ന തലത്തില്‍ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പറഞ്ഞു. ജഡ്ജിമാര്‍ ഉയര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നവും ജഡ്ജിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ലോയയുടെ മരണം അന്വേഷിക്കണം- രാഹുല്‍ ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ പത്രസ്സമ്മേളനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ കബില്‍ സിബലും പി.ചിദംബരവും ഇന്ന് രാഹുലിനെ സന്ദര്‍ശിച്ചിരുന്നു. മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും രാഹുലുമായി വിഷയം ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ട് സംസാരിച്ചത്.

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിര്‍ന്ന ജഡ്ജി പ്രതികരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ദേശീയ സെക്രറട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യറിയില്‍ ശുദ്ധീകരണം വേണം. അസാധാരണ സംഭവങ്ങളാണുണ്ടാകുന്നത്. ഇവ വലിയ ആഘാതമുണ്ടാക്കുമെന്നും യെച്ചൂരി പറഞ്ഞു. ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതയ്ക്കും തകരാര്‍ സംഭവിച്ചോ എന്നാണ് പരിശോധിക്കേണ്ടത്. സംഭവം അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No Comments

Be the first to start a conversation

%d bloggers like this: