4 സംസ്ഥാനങ്ങളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, പഞ്ചാബില്‍ ആം ആദ്മി പാർട്ടി

എക്സിറ്റ് പോള്‍ ഫലങ്ങള്‍  യാഥാര്‍ഥ്യമാക്കിക്കൊണ്ട് ബി.ജെ.പി  മികച്ച വിജയത്തിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും വീണ്ടും അപ്രമാദിത്യം തെളിയിച്ചു  വ്യക്തമായ ലീഡോടെ മുന്നേറുന്നു. പഞ്ചാബില്‍  കോണ്‍ഗ്രസിനെ അട്ടിമറിച്ചുകൊണ്ട് ആം ആദ്മി തരംഗമാണ്.

ഉത്തര്‍പ്രദേശില്‍ തുടക്കം മുതലേ ഭരണകക്ഷിയായ ബി.ജെ.പി ലീഡ് നിലനിർത്തി. 403 സീറ്റുകളില്‍ 269 സീറ്റുകളിലാണ് യുപിയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച അഖിലേഷ് യാദവിന്‍റെ എസ്.പിക്ക് 124 സീറ്റുകളില്‍ മാത്രമാണ് ലീഡ്. കോണ്‍ഗ്രസും ബിഎസ്പിയും 3, 4 സീറ്റുകളിലാണ് മുന്നേറുന്നത്

പഞ്ചാബിൽ 117 സീറ്റുകളില്‍ 91 മണ്ഡലങ്ങളില്‍ എഎപി സ്ഥാനാര്‍ഥികള്‍ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ 16 സീറ്റിലേക്കു മാത്രമായി ചുരുങ്ങി. ബി.ജെ.പിക്ക് മൂന്നും ശിരോമണി അകാലിദളിന് ആറും സീറ്റാണ് ലഭിച്ചത്.

ഉത്തരാഖണ്ഡില്‍ 70 അംഗ നിയമസഭയില്‍ ലീഡ് നിലയില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു. 42 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നിലാണ്.കോണ്‍ഗ്രസ് 24 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

ഗോവയിൽ 18 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 12 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. ആദ്യം പിന്നിലായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇപ്പോള്‍ ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്. മണിപ്പൂരിലും കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വകയൊന്നുമില്ല. ഇവിടെ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 26 സീറ്റിലാണ് ബി.ജെ.പിക്ക് ലീഡ്. ഇതോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. 11 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാനായത്.