ഗുജറാത്തിലെ ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനിയ്ക്ക് നേരെ ആക്രമണം

അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്ക് നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം. ചൊവ്വാഴ്ച പാലന്‍പുരിലാണ് ഒരു സംഘം മേവാനിയുടെ കാറിന് നേരെ അക്രമം നടത്തിയത്.

കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തെങ്കിലും മേവാനിക്ക് പരിക്കില്ല. തക്കര്‍വാഡ ഗ്രാമത്തില്‍വെച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ ആക്രമണം നടത്തിയതെന്നും ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിക്ക് എതിരെ ശക്തമായി പോരാടും. ബിജെപി മുന്നോട്ടുവയ്ക്കുന്ന തെറ്റായ വികസന മാതൃകയുടെ പൊള്ളത്തരം തുറന്ന് കാണിക്കുമെന്നും ദളിത് പ്രക്ഷോഭ നേതാവ് പറഞ്ഞു.

എന്നാല്‍ ആര്‍ക്കെതിരെയും മേവാനി പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍ പരിക്കേല്‍ക്കാത്ത കാരണമാണ് ഇതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ സംഭവം കെട്ടിച്ചമച്ചതാണെന്ന് എതിരാളികള്‍ ആരോപിച്ചു. ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് ബിജെപി വക്താവ് ജഗ്ദീഷ് ഭവ്സര്‍ രംഗത്ത് വന്നിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: