അമൃത ഉള്‍പ്പെടെ 27 സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ അന്ത്യശാസനം

കല്‍പ്പിത പദവിയുള്ള (ഡീംഡ് ടു ബി) ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പേരിനൊപ്പം സര്‍വകലാശാല എന്ന് ഉപയോഗിക്കരുതെന്ന നിര്‍ദേശം അനുസരിക്കാത്ത 27 സ്ഥാപനങ്ങള്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ (യുജിസി) അന്ത്യശാസനം. വെള്ളിയാഴ്ച വൈകിട്ട് നാലിനുമുമ്പ് നിര്‍ദേശാനുസരണമുള്ള രീതിയില്‍ പേരുമാറ്റി തെളിവുസഹിതം വിവരം അറിയിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ കല്‍പ്പിത പദവിയടക്കം റദ്ദാക്കുമെന്നും യുജിസി സെക്രട്ടറി പി കെ ഠാക്കൂര്‍ അയച്ച നോട്ടീസില്‍ പറയുന്നു. കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആസ്ഥാനമായ അമൃത വിശ്വവിദ്യാലയം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ്. നിര്‍ദേശം അനുസരിക്കാത്തത് ഗൌരവത്തോടെയാണ് യുജിസി കാണുന്നതെന്നും അന്ത്യശാസന നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്ര- സംസ്ഥാന നിയമങ്ങളോ സര്‍വകലാശാലാ നിയമങ്ങളോ പാലിക്കാതെ സ്വയംഭരണപദവിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പേരിനൊപ്പം സര്‍വകലാശാല എന്ന് ഉപയോഗിക്കരുതെന്ന് ഈ മാസം 11ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരിനുതാഴെ ബ്രാക്കറ്റില്‍ ഡീംഡ് പദവിയുള്ള സ്ഥാപനങ്ങള്‍ എന്ന് ചേര്‍ക്കാം. കോഴ്സുകളുടെ അറിയിപ്പുകളിലടക്കം അക്കാദമിക് പ്രവര്‍ത്തനങ്ങളിലോ പ്രചാരണങ്ങളിലോ പേരിനൊപ്പം സര്‍വകലാശാല പാടില്ല എന്നായിരുന്നു നിര്‍ദേശം. കോടതി ഉത്തരവിനെത്തുടര്‍ന്ന് അടുത്തദിവസംതന്നെ രാജ്യത്തെ 123 കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് പേരിലെ സര്‍വകലാശാല ഒഴിവാക്കണമെന്നു കാണിച്ച്‌ യുജിസി നോട്ടീസ് നല്‍കിയിരുന്നു. പേരില്‍ മാറ്റംവരുത്തി വിജ്ഞാപനമിറക്കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതൊന്നും പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ്.

കേരളത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐസര്‍), തൃശൂരിലെ കേരള കലാമണ്ഡലം, എറണാകുളത്തെ ചിന്മയ വിശ്വവിദ്യാപീഠം എന്നിവയ്ക്ക് ആദ്യം നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ഈ സ്ഥാപനങ്ങള്‍ വെബ്സൈറ്റിലുള്‍പ്പെടെ പേര് മാറ്റി. തമിഴ്നാട്ടില്‍മാത്രം 25 സ്ഥാപനത്തിന് ‘സര്‍വകലാശാലയെന്ന പേര് നഷ്ടമായി. ഇവയില്‍ അഞ്ച് സ്ഥാപനത്തിന് അന്തിമ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: