നിര്‍ഭയയുടെ ഓര്‍മകള്‍ക്ക് 5 വയസ്സ്

ഡല്‍ഹിയില്‍ 23കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഇതേദിവസമായിരുന്നു സുഹൃത്തിനൊപ്പം സിനിമ കണ്ടിറങ്ങിയ പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. നിര്‍ഭയ കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം തികഞ്ഞെങ്കിലും ഇന്ത്യയില്‍    സ്ത്രീകള്‍ക്കും ലൈംഗിക ന്യുനപക്ഷങ്ങള്‍ക്കും നേരെ ഉള്ള അതിക്രമങ്ങള്‍ക്ക്  ഒട്ടും കുറവ് വന്നിട്ടില്ല എന്ന്‍ വേണം പറയാന്‍.

സുഹൃത്തിനൊപ്പം ആ രാത്രി ബസില്‍ കയറുമ്പോള്‍ അവള്‍ അറിഞ്ഞ് കാണില്ല അതൊരു ‘നരകവാഹന’മാണെന്ന്. സഹപാഠിയെ ബസില്‍ നിന്നും തള്ളിയിട്ട് ബസിലുണ്ടായിരുന്ന ആറു പേര്‍ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്തത് ഇന്ത്യക്കും പുറത്തുമുള്ള മനുഷ്യ മനസാക്ഷിയെ ഒരു പോലെ ഞെട്ടിച്ചു. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവില്‍ അവളെ അവര്‍ വഴിയരുകിലേക്ക് വലിച്ചെറിഞ്ഞു. ചോര വാര്‍ന്ന് ഒടുവില്‍ 13 നാള്‍ ജീവനു വേണ്ടി മല്ലടിച്ച അവളെ രാജ്യം പിന്നീട് ‘നിര്‍ഭയ’ എന്ന് വിളിച്ചു.

നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍പ്പോലും നാം തലകുനിക്കേണ്ടി വരുന്നു. കാലത്തിനു മായ്ക്കാന്‍ കഴിയാത്ത ഓര്‍മയായി അവള്‍ ഇന്നും അവശേഷിക്കുന്നുവെങ്കിലും ഒരു മാറ്റവും വരുത്താനാകാതെ സമൂഹം അതേസ്ഥാനത്ത് തന്നെ നില്‍ക്കുന്നു. നിര്‍ഭയയുടെ അമ്മ ആശാ ദേവി സിങിനും പറയാനുള്ളത് അതുതന്നെയാണ്.

‘ഓരോ ദിവസവും ഓരോ പെണ്‍കുട്ടിയും ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ അവളെ ഓര്‍ക്കും. എന്റെ മകളെ, അവള്‍ അനുഭവിച്ച ക്രൂരതയും തീവ്രവേദനയും ഭയവും ഓര്‍മിക്കും. പിച്ചിചീന്തപ്പെട്ടെങ്കിലും അവള്‍ ഇപ്പോഴും ആശുപത്രിയില്‍ ജീവനോടെ ഉണ്ടെന്ന് ഞാന്‍ ഓര്‍ക്കും. ഇരുള്‍ വീണ ആളൊഴിഞ്ഞ വഴികളെ എനിക്ക് ഇന്നും ഭയമാണ്’ – ആശാ ദേവിയുടെ വാക്കുകളാണിത്.

അതെ, ഇന്ത്യയില്‍ ആശാ ദേവിയെന്ന സ്ത്രീയെപ്പോലെ ആധിപിടിക്കുന്ന അനേകം സ്ത്രീകളുണ്ട്. ആശ ദേവിയെന്ന അമ്മയെപ്പോലെ മകളെ ഓര്‍ത്ത് ഉരുകുന്ന അനേകം അമ്മമാരുണ്ട്. അതില്‍ ജിഷയുടെ അമ്മയും സൗമ്യയുടെ അമ്മയും ഉണ്ട്. പെണ്‍മക്കളെ ചേര്‍ത്തുപിടിച്ച്‌ വളര്‍ത്തുന്ന ഓരോ അമ്മമാരുടെയും അച്ഛന്മാരുടെയും നെഞ്ചില്‍ ഇപ്പോഴും ഭയമാണ്.

ഇന്ത്യന്‍ സമൂഹത്തെ വളരെയധികം ചിന്തിപ്പിച്ച കേസായിരുന്നു നിര്‍ഭയയുടേത്. ഒരു മനുഷ്യജീവിയോട് കാണിക്കാവുന്ന അങ്ങേയറ്റം ക്രൂരതയായിരുന്നു അവര്‍ ആരു പേരും നിര്‍ഭയയോട് ചെയ്തത്. ക്രൂരതകള്‍ അവസാനിച്ചെങ്കിലും ശരീരത്തില്‍ ജീവന്‍ മാത്രം നിലനിന്നു. മരിക്കാന്‍ അവള്‍ക്ക് ആഗ്രഹമില്ലായിരുന്നു. ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ഡോക്ടര്‍മാരും ശ്രമിച്ചു. എല്ലാ ക്രൂരതകള്‍ക്കും ഒടുവില്‍ 13ആം ദിവസം അവള്‍ യാത്രയായി.

നിര്‍ഭയയ്ക്ക് ശേഷം ഇനിയൊരു നിര്‍ഭയ ഉണ്ടാകരുതെന്ന് സമൂഹം വിളിച്ചു പറഞ്ഞു. അധികാരികള്‍ അവരുടെ പണികള്‍ ചെയ്തു തുടങ്ങി. നിരത്തുകളില്‍, ഇടവഴികളില്‍ എല്ലായിടത്തും സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി. പൊലീസ് പെട്രോളിങ്ങ് ശക്തമാക്കി. എന്നിട്ടും പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. സ്ത്രീ ഇന്നും നിരത്തുകളില്‍ സുരക്ഷിതയല്ല. ഇനിയെത്ര നാള്‍ ഇങ്ങനെ എന്ന ചോദ്യം നില നില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ ദളിത്‌ ആദിവാസി സ്ത്രീകള്‍ക്കെതിരെ ഇന്ന്‍ വരെ നടന്നതും അവസാനിക്കാതതുമായ അതിക്രമങ്ങള്‍ മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പടെ ഉള്ളവ അവഗണിക്കുന്നു എന്ന പരാതി ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മളിനിയും കാമറ തിരിച്ച് പിടിക്കേണ്ടതിന്റെ ആവശ്യം എടുത്ത് കാണിക്കുന്നു.

No Comments

Be the first to start a conversation

%d bloggers like this: